| Friday, 6th August 2021, 1:27 pm

'വഴിച്ചെലവിന്റെ കാശുപോലും എനിക്ക് ചെലവാക്കാന്‍ സാഹചര്യമുണ്ടാക്കാതെ അദ്ദേഹം വന്ന് അഭിനയിച്ചു'; ഓര്‍ത്തെടുത്ത് രഞ്ജിത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: സിനിമയ്ക്ക് അപ്പുറത്തേക്ക് സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുന്നയാളാണ് മമ്മൂട്ടിയെന്ന മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്ക. അഭിനയത്തില്‍ അരനൂറ്റാണ്ട് തികയ്ക്കുന്ന വേളയില്‍ മമ്മൂട്ടിയുമായുള്ള സിനിമാ-സൗഹൃദ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് സംവിധായന്‍ രഞ്ജിത്ത്. മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തിലാണ് രഞ്ജിത്ത് മനസ്സുതുറന്നത്.

‘ഷാജി കൈലാസ് സംവിധാനം നിര്‍വഹിച്ച് എന്റെ തിരക്കഥയില്‍ പുറത്തിറങ്ങിയ, മമ്മൂട്ടി അഭിനയിച്ച വല്യേട്ടന്‍ എന്ന ചിത്രത്തിലെ ഒരു ഗാനരംഗം ചിത്രീകരിക്കാന്‍ ഷാജി എന്നോട് ആവശ്യപ്പെട്ടു. ആ ഗാനത്തില്‍ മമ്മൂക്കയും വരുന്നുണ്ട്.

അദ്ദേഹത്തിന്റെ ഷോട്ട് എടുക്കാന്‍തുടങ്ങുന്നതിനുമുന്‍പ് അതിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്ന എം. രഞ്ജിത്ത് എന്നോട് പറഞ്ഞു, ‘ചേട്ടാ ഒന്ന് അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങണം’, ഞാനങ്ങനെ ചെയ്തു.

ഷോട്ട് ഓക്കെയായപ്പോള്‍ മമ്മൂക്ക, ക്യാപ്റ്റന്‍ രാജു , സിദ്ദിഖ്, മനോജ് കെ. ജയന്‍, എന്നിവര്‍ എന്റെ അടുത്തേക്ക് വന്നു. ഉടന്‍ മമ്മൂക്ക ഒരു ആവശ്യം മുന്നോട്ടുവെച്ചു. രഞ്ജിത് ആദ്യം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഞാനാണ് നായകന്‍.

കൂടെയുണ്ടായിരുന്നവര്‍ ഒരേസ്വരത്തില്‍ ഞങ്ങള്‍ക്കും വേഷം വേണം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ചിരിച്ച് പിന്‍വാങ്ങി. കാരണം ഒരു സിനിമ സംവിധാനം ചെയ്യേണ്ട കാര്യമൊന്നും ഞാന്‍ അന്ന് ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷെ, കുറച്ചുകാലങ്ങള്‍ക്കുള്ളില്‍ എന്റെ സംവിധാന ശ്രമം പുറത്തുവന്നു. രാവണപ്രഭു, നായകന്‍ മോഹന്‍ലാല്‍.

കാലങ്ങള്‍ക്കുശേഷം ഞാനൊരു സിനിമയുടെ ചിന്ത മമ്മൂക്കയും സിദ്ദീഖും ഇരിക്കുമ്പോള്‍ അവരുമായി പങ്കുവെച്ചു. കയ്യൊപ്പ് സിനിമയുടെ ഏതാണ്ടൊരു പൂര്‍ണരൂപംതന്നെ. ചുരുങ്ങിയ ബജറ്റില്‍ അത് ഞാന്‍തന്നെ നിര്‍മിക്കാന്‍ പോകുന്നു എന്നുകൂടി പറഞ്ഞപ്പോള്‍ ഒരു ചോദ്യം മാത്രം.

മമ്മൂക്ക,’ഈ ബാലചന്ദ്രന്‍ എന്ന കഥാപാത്രത്തിന് എത്രനാള്‍ ഷൂട്ട് വേണ്ടിവരും’. ഞാനൊന്ന് ചിരിച്ചു. എന്റെ മറുപടി ഈ രൂപത്തിലാണ് വന്നത്. ”നിങ്ങള്‍ക്ക് റെമ്യൂണറേഷന്‍ തരാനുള്ള വക എനിക്കില്ല”. ചോദിച്ചത് പ്രതിഫലം അല്ല, എന്റെ എത്രനാള്‍ വേണമെന്നാണ് എന്ന് മമ്മൂക്ക.

അങ്ങനെ വഴിച്ചെലവിന്റെ കാശുപോലും എനിക്ക് ചെലവാക്കാന്‍ സാഹചര്യമുണ്ടാക്കാതെ അദ്ദേഹം വന്നു. പതിനാലുനാള്‍കൊണ്ട് സിനിമ ഞാന്‍ പൂര്‍ത്തിയാക്കി,’ രഞ്ജിത്ത് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Director Renjith Recollects Exerience With Mammootty

We use cookies to give you the best possible experience. Learn more