| Saturday, 18th September 2021, 3:20 pm

ഇത്രയും സംശയങ്ങളുണ്ടെങ്കില്‍ നിങ്ങള്‍ ഇത് ചെയ്യേണ്ട എന്ന് ഞാന്‍ ജയസൂര്യയോട് പറഞ്ഞു, മറ്റൊരു താരത്തെ തീരുമാനിക്കുകയും ചെയ്തിരുന്നു; സണ്ണി സിനിമയെ കുറിച്ച് രഞ്ജിത് ശങ്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ജയസൂര്യയെ നായകനാക്കി രഞ്ജിത് ശങ്കര്‍ ഒരുക്കിയ ചിത്രമാണ് സണ്ണി. ജയസൂര്യയുടെ കരിയറിന്റെ ഇരുപതാം വര്‍ഷം അദ്ദേഹത്തിന്റെ നൂറാം ചിത്രമായിട്ടാണ് സണ്ണി ഒരുങ്ങുന്നത്.

എന്നാല്‍ സണ്ണി എന്ന ചിത്രത്തില്‍ നിന്ന് ആദ്യം ജയസൂര്യ പിന്മാറിയിരുന്നെന്ന് സംവിധായകന്‍ രഞ്ജിത് ശങ്കര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ഡൂള്‍ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു ഇക്കാര്യം രഞ്ജിത് ശങ്കര്‍ തുറന്നുപറഞ്ഞത്.

മുമ്പ് തന്നെ ഒരാള്‍ മാത്രം അഭിനയിക്കുന്ന ഒരു ചിത്രം ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നു. പല തരത്തിലുള്ള കഥകള്‍ ഇതിനായി ആലോചിച്ചിരുന്നെന്നും രഞ്ജിത് ശങ്കര്‍ പറഞ്ഞു.

ഈ സമയത്താണ് കൊവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. പൂര്‍ണ്ണമായും വീട്ടിനുള്ളില്‍ അകപ്പെട്ട നാളുകളായിരുന്നു. എന്‍ഗെജ്ഡ് ആകുന്നതിന്റെ ഭാഗമായി പല കഥകളെക്കുറിച്ചും ചിന്തിച്ചു. അങ്ങനെയാണ് സണ്ണിയെന്ന സിനിമയുടെ ആശയം ലഭിക്കുന്നത്.

അതിനുശേഷവും ആ കഥയ്ക്ക് പല മാറ്റങ്ങളും വന്നു. സത്യത്തില്‍ ഈ കഥയെക്കുറിച്ച് ആലോചിക്കുമ്പോഴൊന്നും ജയസൂര്യ എന്റെ മനസ്സില്‍ ഉണ്ടായിരുന്നില്ല. ജയസൂര്യയ്ക്ക് ഞാന്‍ ഇങ്ങനെയൊരു കഥ എഴുതുന്നുണ്ടെന്നും അറിയില്ലായിരുന്നു.

ആയിടയ്ക്കാണ് ഞാന്‍ ജയനെ കാണുന്നത്. താടിയൊക്കെ വളര്‍ത്തി വളരെ വ്യത്യസ്തമാര്‍ന്ന ഗെറ്റപ്പിലായിരുന്നു ജയന്‍. പെട്ടെന്ന് സണ്ണി എന്റെ മുന്നില്‍ നില്‍ക്കുന്നതുപോലെ തോന്നി. ഞാന്‍ ജയനോട് കഥ പറഞ്ഞു. ജയന്‍ എക്സൈറ്റഡായി. കഥ കേട്ടു കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് ധാരാളം സംശയങ്ങളുണ്ടായി. ഇത്രയും സംശയങ്ങളുണ്ടെങ്കില്‍ അതവിടെവച്ച് ഉപേക്ഷിക്കാന്‍ ഞാന്‍ ജയനോട് പറഞ്ഞു.

ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ ജയസൂര്യ എന്നെ വിളിച്ചു. ഈ കഥാപാത്രം തന്നെ ഒരുപാട് വേട്ടയാടുന്നുണ്ടെന്നും സ്വപ്‌നത്തില്‍ പോലും പ്രത്യക്ഷനായെന്നും ജയന്‍ എന്നോട് പറഞ്ഞു. വീണ്ടും ഞങ്ങള്‍ ഒന്നിച്ചിരുന്നു. ഒരു മണിക്കൂര്‍ കൊണ്ട് എല്ലാം സെറ്റാവുകയായിരുന്നെന്നും രഞ്ജിത് ശങ്കര്‍ പറഞ്ഞു.

രഞ്ജിത്ത് ശങ്കര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ആമസോണ്‍ പ്രൈമിലൂടെ സെപ്റ്റംബര്‍ 23 നാണ് റിലീസ് ചെയ്യുന്നത്. ഡ്രീംസ് എന്‍ ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേര്‍ന്ന് നിര്‍മ്മിച്ച സണ്ണി ഇരുവരും ഒരുമിക്കുന്ന എട്ടാമത്തെ ചിത്രമാണ്. തന്റെ ജീവിതത്തില്‍ സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ട സണ്ണി എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്.

പുണ്യാളന്‍, സു സു സുധി വാത്മീകം, പ്രേതം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഞാന്‍ മേരിക്കുട്ടി, പ്രേതം 2 എന്നീ ചിത്രങ്ങളാണ് ഇതിനു മുമ്പ് ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടിലുണ്ടായ മറ്റു സിനിമകള്‍.

മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് ഷമീര്‍ മുഹമ്മദ്. സിനോയ് ജോസഫാണ് ശബ്ദലേഖനം ചെയ്യുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Director Ranjith Shankar talks about Sunny movie and Actor Jayasurya

Latest Stories

We use cookies to give you the best possible experience. Learn more