താന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പടം കണ്ട് പേടിച്ച് പടം എടുപ്പ് നിര്‍ത്തിയിരിക്കുകയാണെന്ന് സംവിധായകന്‍ രഞ്ജിത്ത്. ഐ.എഫ്.എഫ്.കെയില്‍ മലയാള സംവിധായകരുടെ സിമ്പോസിയത്തില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ലിജോ ജോസ് പെല്ലിശ്ശേരിയും തന്റെ ചിത്രങ്ങളെ പറ്റി വേദിയില്‍ സംസാരിച്ചു. അങ്കമാലി ഡയറീസില്‍ പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു ലിജോയുടെ പ്രതിരണം.
‘അങ്കമാലി ഡയറീസില്‍ പ്രേക്ഷകനെ തൃപ്തിപ്പെടുത്താന്‍ ഒന്നും ചെയ്തിട്ടില്ല. ഒരു തരത്തിലുള്ള ലക്ഷ്വറീസും അഡ്വാന്റേജസും ഇല്ലാതെ സിനിമ ചെയ്യണമെന്ന് തെളിയിക്കണമായിരുന്നു. അങ്കമാലി വിജയിച്ചത് കൊണ്ടാണ് ജല്ലിക്കട്ടും ചുരുളിയും എടുക്കാന്‍ പറ്റിയത്.
ചുരുളിയില്‍ ഒരുപാട് കാലം കടന്ന് ചുറ്റിയതാണ്. അതിന്മേല്‍ ഒരുപാട് ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്. അതിന് മുകളില്‍ ഒന്നും പറയാന്‍ ഇല്ല. അതില്‍ നടന്ന ചര്‍ച്ചകളിലും സംവാദങ്ങളിലും സന്തോഷവാനാണ്,’ ലിജോ പറഞ്ഞു.
വെട്രിമാരന്‍, സിബി മലയില്‍, കമല്‍, ശ്രീകുമാര മേനോന്‍ എന്നിവരും സിമ്പോസിയത്തില്‍ പങ്കെടുത്തിരുന്നു.
മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത നന്‍ പകല്‍ നേരത്ത് മയക്കമാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. കഴിഞ്ഞ 18 ന് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരുന്നു.