അത് എന്റെ ഓവര്‍ കോണ്‍ഫിഡന്‍സായിരുന്നു; അര്‍ജുനന്‍ സാക്ഷിയുടെ ക്ലൈമാക്‌സ് മറ്റൊന്നായിരുന്നെങ്കില്‍ ചിത്രം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടേനെ: രഞ്ജിത് ശങ്കര്‍
മലയാള സിനിമാ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് രഞ്ജിത് ശങ്കര്‍-ജയസൂര്യ കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ‘സണ്ണി’. ആമസോണ്‍ പ്രൈമില്‍ 240 രാജ്യങ്ങളിലായി റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
ഇതിനിടെ സണ്ണിയുടേയും താന്‍ മുന്‍പ് ചെയ്ത ചിത്രങ്ങളുടെയും വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ രഞ്ജിത് ശങ്കര്‍. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ് തുറന്നത്.
പൃഥ്വിരാജിനെ നായകനാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു അര്‍ജുനന്‍ സാക്ഷി. ചിത്രം തിയേറ്ററില്‍ സാമ്പത്തികമായി പരാജയപ്പെട്ടതിനെക്കുറിച്ചും അതിന്റെ അനുഭവങ്ങളും രഞ്ജിത് ശങ്കര്‍ ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുന്നുണ്ട്.
അര്‍ജുനന്‍ സാക്ഷിയുടെ ക്ലൈമാക്‌സ് മറ്റൊരു തരത്തിലായിരുന്നെങ്കില്‍ ഒരുപക്ഷേ ചിത്രം കൂടുതല്‍ ശ്രദ്ധിക്കപ്പെടുമായിരുന്നെന്ന് ആലോചിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.
”അത് എഴുതപ്പെട്ടത് വേറൊരു രീതിയിലായിരുന്നു. പിന്നെ അന്നത്തെ എന്റെ ഓവര്‍ കോണ്‍ഫിഡന്‍സ് കൊണ്ടാണ് അതങ്ങനെ ഷൂട്ട് ചെയ്തത്. എനിക്ക് വലിയ റിഗ്രറ്റ് ആണ് അത്. ഞാനും പൃഥ്വിരാജും ഇത് എപ്പോഴും സംസാരിക്കാറുണ്ട്, നമുക്ക് ഒരവസരം കിട്ടിയാല്‍ ആ സിനിമ വേറെ രീതിയില്‍ എടുക്കാമല്ലോ എന്ന്,” രഞ്ജിത് ശങ്കര്‍ പറഞ്ഞു.
അര്‍ജുനന്‍ സാക്ഷി ചെയ്യുന്ന സമയത്ത് സിനിമ എന്ന മാധ്യമവുമായി തനിക്ക് ഒരു വഴക്കം തോന്നിയിരുന്നില്ലെന്നും അതിന്റേതായ കുഴപ്പങ്ങള്‍ ആ സിനിമയില്‍ ഉണ്ടെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്.
”ഒരു കൊമേഴ്ഷ്യല്‍ സിനിമ ചെയ്യുമ്പോള്‍ പാലിക്കേണ്ട ചില മര്യാദകള്‍ അര്‍ജുനന്‍ സാക്ഷി ചെയ്തപ്പോള്‍ വേണ്ടപോലെ പാലിക്കാന്‍ സാധിച്ചില്ല. അതിന്റെ ദുഖം എനിക്ക് ഇപ്പോഴുമുണ്ട്,” രഞ്ജിത് കൂട്ടിച്ചേര്‍ത്തു.
2011ല്‍ പുറത്തിറങ്ങിയ അര്‍ജുനന്‍ സാക്ഷിയില്‍ പൃഥ്വിരാജിന് പുറമെ ആന്‍ അഗസ്റ്റിന്‍, ബിജു മേനോന്‍, ജഗതി ശ്രീകുമാര്‍, നെടുമുടി വേണു എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. കൊച്ചി മെട്രോയെയും കൊച്ചി നഗരത്തിന്റെ വളര്‍ച്ചയെയും പ്രമേയമാക്കി പുറത്തിറങ്ങിയ ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടുവെങ്കിലും ശ്രദ്ധ നേടിയിരുന്നു.