മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടുകളില്‍ ഒന്നാണ് ജയസൂര്യ-രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ട്. ഇവരുടെ ഏറ്റവും പുതിയ സിനിമയായ സണ്ണി ആമസോണ്‍ പ്രൈമിലൂടെ സെപ്റ്റംബര്‍ 23ന് റിലീസ് ചെയ്യുകയാണ്.
ഒരുപാട് സിനിമകള്‍ ജയസൂര്യയുമൊത്ത് ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹം തന്റെ ആദ്യ ചോയ്‌സ് ഒരു സിനിമയില്‍ മാത്രമായിരുന്നെന്നാണ് രഞ്ജിത് ശങ്കര്‍ പറയുന്നത്. ഡൂള്‍ന്യൂസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു രഞ്ജിത് ശങ്കര്‍ ഇക്കാര്യം തുറന്നുപറഞ്ഞത്.
”ഇത്രയും സിനിമകള്‍ ചെയ്‌തെങ്കിലും ഞാന്‍ ജയനെ ഫസ്റ്റ് ചോയിസായി ചെയ്ത സിനിമ ഞാന്‍ മേരിക്കുട്ടിയാണ്. അതില്‍ ജയന്‍ മാത്രമേ എന്റെ മനസില്‍ ഉണ്ടായിരുന്നുള്ളു. വേറെ ആര്‍ക്കും അത് ചെയ്യാന്‍ പറ്റുമെന്ന് എനിക്ക് തോന്നിയിട്ടുമില്ല,” രഞ്ജിത് ശങ്കര്‍ പറഞ്ഞു.
ബാക്കി സിനിമകളെല്ലാം മറ്റ് നടന്മാരെ വെച്ച് പ്ലാന്‍ ചെയ്തിരുന്നെങ്കിലും പല കാരണങ്ങളാല്‍ പിന്നീട് ജയസൂര്യയില്‍ വന്നെത്തുകയായിരുന്നു എന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്. ബാക്കി സിനിമകളില്‍ മറ്റ് നടന്മാരെ പരിഗണിക്കുകയും അവരുമായി സംസാരിക്കുകയും പിന്നീട് പല കാരണങ്ങളാല്‍ അത് നടക്കാതിരിക്കുകയുമായിരുന്നു.
‘സു സു സുധി വാത്മീകം’ മറ്റൊരു നടനെ വെച്ച് പ്രഖ്യാപിച്ചതായിരുന്നെന്നും അത് നടക്കാതെ പിന്നെ ജയസൂര്യയില്‍ വന്ന് ഭവിക്കുകയായിരുന്നെന്നും രഞ്ജിത് ശങ്കര്‍ പറഞ്ഞു. പിന്നീട് പ്രേതം സിനിമ ചെയ്യുന്ന സമയത്ത് കേന്ദ്ര കഥാപാത്രമായ ജോണ്‍ ഡോണ്‍ ബോസ്‌കൊ എന്ന കഥാപാത്രമായി നിലവിലുള്ള ഒരു നടന്മാരെയും തനിക്ക് സങ്കല്‍പിക്കാനായില്ലെന്നും രഞ്ജിത് ശങ്കര്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.
പ്രേതം ചെയ്യുന്ന സമയത്ത് തനിക്ക് ആരും ജോണ്‍ ഡോണ്‍ ബോസ്‌കോ ആയിട്ട് ഫിറ്റ് ആവുന്നില്ലായിരുന്നു. ഇവിടെ എക്‌സിസ്റ്റിംഗ് ആയ ഒരു ആക്ടറും ഫിറ്റ് ആയില്ല. അപ്പോഴാണ് ജയനെ സമീപിക്കുന്നത്. വേറെ നിവൃത്തിയില്ല, ജയസൂര്യ അത്രയും നല്ല ഒരു ബഹുമുഖ പ്രതിഭയായതുകൊണ്ട് തന്നെ രൂപമാറ്റം കൊണ്ടും രീതികള്‍ കൊണ്ടും ആ കഥാപാത്രത്തെ ഫിറ്റ് ആക്കുകയായിരുന്നെന്നും രഞ്ജിത് ശങ്കര്‍ പറഞ്ഞു.
”ഒരു കഥയിലേക്ക് ജയന്‍ വരാന്‍ പല കാരണങ്ങളുമുണ്ട്. ഒരു കംഫര്‍ട്ട് ലെവല്‍, സൗഹൃദം-ഇതൊക്കെ ഒരു ഘടകം തന്നെയാണ് സിനിമയില്‍. അതുകൊണ്ട് മാത്രം പക്ഷേ സിനിമ ഉണ്ടാകില്ല. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഒരു സിനിമ ഉണ്ടാക്കാന്‍ ഭയങ്കര ആഗ്രഹം തോന്നുന്ന സമയത്താണ് സിനിമ ഉണ്ടാകുന്നത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുണ്യാളന്‍ അഗര്‍ബത്തീസ്, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, പ്രേതം, സു സു സുധി വാത്മീകം, ഞാന്‍ മേരിക്കുട്ടി എന്നിവയാണ് ജയസൂര്യ-രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മറ്റ് സിനിമകള്‍.