തന്റെ പുതിയ സിനിമയെ കുറിച്ചും ഇനി ചെയ്യാന്‍ ആഗ്രഹിക്കുന്ന സിനിമകളെ കുറിച്ചുമൊക്കെ മനസുതുറക്കുകയാണ് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. വിജയ് സേതുപതി നായകനായ 96 പോലെയൊരു സിനിമ താന്‍ ചെയ്യാനിരുന്നതാണെന്നും എന്നാല്‍ അതിന് സാധിച്ചില്ലെന്നും രഞ്ജിത്ത് പറഞ്ഞു.
പക്വതയുള്ള വ്യക്തികളുടെ പ്രണയം സ്‌ക്രീനില്‍ കൊണ്ടുവരാന്‍ തനിക്ക് നേരത്തെ മുതല്‍ ആഗ്രഹം ഉണ്ടായിരുന്നെന്നും പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
’96 റിലീസാകുമ്പോള്‍ ഞാന്‍ പ്രേതം 2വിന്റെ ഷൂട്ടിലായിരുന്നു. ആ സമയത്ത് സാനിയ ഇയ്യപ്പന്റെ അച്ഛന്‍ 96 ലെ ഒരു ഫെയ്മസ് ഡയലോഗ് എന്നോട് പറഞ്ഞു (96ലെ ഡയലോഗ് പറയുന്നു.) ഭയങ്കര എക്സൈറ്റഡായിട്ടാണ് പുള്ളി എന്നോട് അത് പറയുന്നത്. അത് കേട്ടപ്പോള്‍ എനിക്ക് ചെറിയൊരു വിഷമം വന്നു.
അത് കഴിഞ്ഞ് രണ്ടുമൂന്ന് പേര്‍ അതേ സിനിമയെ കുറിച്ച് എന്നോട് പറഞ്ഞു. എനിക്ക് ഭയങ്കര ഡിപ്രഷനായി. കാരണം ഞാന്‍ അടുത്തതായി ചെയ്യാന്‍ വെച്ചിരുന്ന പടമായിരുന്നു അത്. എനിക്ക് അത്തരത്തിലുള്ള മെച്വേഡ് റൊമാന്‍സ് സിനിമയാക്കാന്‍ വലിയ ആഗ്രഹമായിരുന്നു. ഏതാണ്ട് 96 പോലെ ഒരു സിനിമ.
അതിന്റെ പ്രധാന കാരണം എനിക്ക് സംഭാഷണങ്ങള്‍ എഴുതാന്‍ വളരെ ഇഷ്ടമാണ് എന്നതുകൊണ്ടാണ്. കഥാപാത്രങ്ങളുടെ ഉള്ളിലേക്ക് ഇറങ്ങിചെന്ന് സംഭാഷണങ്ങള്‍ എഴുതാന്‍ ഭയങ്കര ഇഷ്ടമാണ്. എന്നാല്‍ എനിക്ക് അതിന് കഴിഞ്ഞിരുന്നില്ല.
എത്രപേര്‍ക്ക് അത് ഇഷ്ടപ്പെടും, ബോറടിച്ച് ആളുകള്‍ ചാകുമോ എന്നൊന്നും എനിക്ക് അറിയില്ല. പക്ഷെ എനിക്ക് എഴുതാന്‍ ഇഷ്ടമാണ്. എനിക്ക് സ്വാതന്ത്ര്യം തന്നാല്‍ ഞാന്‍ അങ്ങനെയൊക്ക എഴുതും. രാമന്റെ ഏദന്‍തോട്ടം എന്ന സിനിമയിലാണ് കുറച്ചെങ്കിലും അങ്ങനെ എഴുതാന്‍ അവസരം കിട്ടിയിട്ടിയത്. അല്ലാതെ എനിക്ക് അവസരം കിട്ടിയിട്ടില്ല.
അത്തരം സിനിമകള്‍ കിട്ടുമ്പോള്‍ പുറത്തൊക്കെ പോയി ഷൂട്ട് ചെയ്യണം എന്നൊക്കെ ആഗ്രഹമുണ്ട്. ഞാന്‍ ചില അഭിനേതാക്കളോട് ഇത്തരം ഒരു സിനിമ ചെയ്യുന്നതിനെ പറ്റി നേരത്തെ തന്നെ പറഞ്ഞു വെച്ചിരുന്നതാണ്. പക്ഷെ അങ്ങനെ ഒരു സിനിമ ഇനി ചെയ്യുമ്പോള്‍ അത് 96 എന്ന സിനിമയുമായി താരതമ്യം ചെയ്യപ്പെടും,’ സംവിധായകന്‍ പറഞ്ഞു.
പാസഞ്ചര്‍, മോളി ആന്റി റോക്സ്, അര്‍ജുനന്‍ സാക്ഷി, പുണ്യാളന്‍ അകര്‍ബത്തീസ്, വര്‍ഷം, സു സു സുധി വാത്മീകം, പ്രേതം രാമന്റെ എദന്‍തോട്ടം തുടങ്ങി നിരവധി ജനപ്രിയ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 4 yearsആണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമ.
Content Highlight: Director Ranjith sankar about 96 Movie