തനിക്കെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ച് സംവിധായകന്‍ രഞ്ജിത്. പാലേരിമാണിക്യത്തിന്റെ ഓഡിഷന് ശ്രീലേഖ വന്നിരുന്നുവെന്നും എന്നാല്‍ കഥാപാത്രത്തിന് അനുയോജ്യമല്ലാത്തതുകൊണ്ട് അവരെ പരിഗണിച്ചില്ലെന്നും രഞ്ജിത് പറഞ്ഞു. നടിയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തു.
2010ല്‍ രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യത്തിന്റെ ഓഡിഷന് വേണ്ടി കൊച്ചിയിലെത്തിയപ്പോഴാണ് സംവിധായകന്‍ രഞ്ജിത് തന്നോട് അപമര്യാദയായി പെരുമാറിയതെന്ന് ശ്രീലേഖ മിത്ര പറഞ്ഞു. വൈകുന്നേരത്തെ പാര്‍ട്ടിക്കിടയില്‍ തന്നെ റൂമിലേക്ക് കൊണ്ടുപോയെന്നും അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നും ശ്രീലേഖ പറഞ്ഞു. അപ്പോള്‍ തന്നെ റൂമില്‍ നിന്ന് ഇറങ്ങിയെന്നും അതിന് ശേഷം താന്‍ ആ സിനിമയുടെ ഭാഗമായില്ലെന്നും ശ്രീലേഖ കൂട്ടിച്ചേര്‍ത്തു.
ശ്രീലേഖ തന്നോട് ഇക്കാര്യം പറഞ്ഞിരുന്നെന്നും അന്നത്തെ രാത്രി തന്റെ വീട്ടിലാണ് അവര്‍ താമസിച്ചതെന്നും ഡോക്യുമെന്ററി സംവിധായകന്‍ ഡോഷി മാത്യു പറഞ്ഞു. പിറ്റേദിവസം സ്വന്തം കൈയില്‍ നിന്ന് പൈസയെടുത്താണ് നാട്ടിലേക്ക് മടങ്ങിയതെന്നും ജോഷി കൂട്ടിച്ചേര്‍ത്തു.
തിരിച്ച് നാട്ടിലേക്ക് പോകാനുള്ള പണം തന്നില്ലെന്നും പിന്നീട് തനിക്ക് മലയാളത്തില്‍ നിന്ന് അവസരങ്ങള്‍ ലഭിച്ചില്ലെന്നും ശ്രീലേഖ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ മറ്റ് ഇന്‍ഡസ്ട്രികള്‍ മാതൃകയാക്കണമെന്നും ശ്രീലേഖ പറഞ്ഞു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം അകലെയാണ് ശ്രീലേഖ ആദ്യമായി അഭിനയിച്ച മലയാളചിത്രം.
Content Highlight: Director Ranjith’s reply to Sreelekha Mithra’s allegation