ആശംസകളും മാഷപ്പ് വീഡിയോകളുമായി മമ്മട്ടൂട്ടിയുടെ പിറന്നാള്‍ ദിനം ആരാധകരും സിനിമാതാരങ്ങളും ആഘോഷമാക്കുന്നതിനിടെ മമ്മൂട്ടിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായകന്‍ രഞ്ജിത്ത്. തന്റെ സിനിമാജീവിതത്തിന്റെ തുടക്കം മുതല്‍ കൂട്ടായി നിന്ന , നിരവധി സിനിമകളില്‍ പ്രതിഫലം പോലും വാങ്ങാതെ അഭിനയിച്ച മമ്മൂട്ടിയുമായുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ രഞ്ജിത്ത്.
മമ്മൂക്കയെക്കുറിച്ച് എഴുതാന്‍ തുടങ്ങുമ്പോള്‍ മനസ്സും കയ്യിലെ പേനയും മടി കാണിക്കുന്നു. ഒരമ്മ പെറ്റ മക്കളല്ലെങ്കിലും എന്റെ മുതിര്‍ന്ന സഹോദരനായ ഈ മനുഷ്യനെക്കുറിച്ച് എന്താണ് ഞാന്‍ എഴുതുക – എന്നുപറഞ്ഞുകൊണ്ടാണ് രഞ്ജിത്തിന്റെ കുറിപ്പ് ആരംഭിക്കുന്നത്.
സിനിമാജീവിതത്തിലെ സന്നിഗ്ധഘട്ടങ്ങളില്‍ എന്നെ മുന്നോട്ടുനയിച്ച നേതാവാണ് മമ്മൂട്ടി എന്നും രഞ്ജിത്ത് പറയുന്നു. കയ്യൊപ്പ് സിനിമയില്‍ വഴിച്ചെലവിനുള്ള കാശ് പോലും തനിക്ക് ചെലവാക്കേണ്ട സാഹചര്യമുണ്ടാക്കാതെയാണ് മമ്മൂട്ടി അഭിനയിച്ചതെന്ന് രഞ്ജിത്ത് വെളിപ്പെടുത്തി.
കയ്യൊപ്പ് സിനിമയുടെ ഏകദേശരൂപം മമ്മൂട്ടിയോടും സിദ്ദിഖിനോടും പങ്കുവെച്ചു. ചുരുങ്ങിയ ബജറ്റിലാണ് ചിത്രം ഒരുക്കാന്‍ ഉദ്ദേശിക്കുന്നതെന്നും പറഞ്ഞു. ‘ഈ ബാലചന്ദ്രന്‍ എന്ന കഥാപാത്രത്തിന് എത്രനാള്‍ ഷൂട്ട് വേണ്ടിവരും’ മമ്മൂട്ടി ചോദിച്ചു. നിങ്ങള്‍ക്ക് പ്രതിഫലം തരാനുള്ള വക എനിക്കില്ല എന്നു പറഞ്ഞപ്പോള്‍, ചോദിച്ചത് പ്രതിഫലം അല്ല, എന്റെ എത്രനാള്‍ വേണമെന്നാണ് എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടിയെന്ന് രഞ്ജിത്ത് പറയുന്നു.
‘പിന്നീടെന്റെ മറ്റൊരു സിനിമയിലേക്ക് അധികാരത്തോടെ, സ്‌നേഹത്തോടെ അദ്ദേഹം വന്നുകയറി. ഞാന്‍ ഡേറ്റ് ചോദിക്കാന്‍വേണ്ടി വിളിച്ചിട്ടില്ല, വിളിച്ച് തന്നതാണ്. അതാണ് പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ.’ രഞ്ജിത്ത് പറയുന്നു.
പ്രാഞ്ചിയേട്ടന്‍ സിനിമയിലും സമാനമായ അനുഭവമായിരുന്നെന്നാണ് രഞ്ജിത്ത് പറയുന്നത്. പ്രാഞ്ചിയേട്ടന്റെ കഥ കേട്ടതും ”നീ തൃശ്ശൂര്‍ ആയിരിക്കും ഷൂട്ട്‌ചെയ്യാന്‍ പോകുന്നത് അല്ലേ” എന്ന് ഇങ്ങോട്ട് ചോദിച്ചു. തന്റെയും അദ്ദേഹത്തിന്റെയും നിര്‍മാണ കമ്പനികള്‍ ചേര്‍ന്ന് പ്രാഞ്ചിയേട്ടന്‍ ചെയ്‌തെന്നും രഞ്ജിത്ത് പറഞ്ഞു.
കേരള കഫേയിലെ ലാല്‍ ജോസ് ചിത്രത്തിലും പ്രതിഫലം വാങ്ങാതെയാണ് മമ്മൂട്ടി അഭിനയിച്ചതെന്നും രഞ്ജിത്ത് വെളിപ്പെടുത്തി.
മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് മോഹന്‍ലാലടക്കം നിരവധി പേര്‍ എത്തിയിട്ടുണ്ട്. മമ്മൂട്ടി മമ്മൂട്ടിയായി തന്നെ എത്തിയ ചിത്രത്തിലെ ഏറെ പ്രശസ്തമായ മോഹന്‍ലാലിന്റെ കഥാപാത്രമായ ടോണിയും മമ്മൂട്ടിയും തമ്മിലുള്ള ട്രെയിനിലെ ഭാഗങ്ങളിലെ രണ്ട് ചിത്രങ്ങളാണ് മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുള്ളത്. ഓര്‍മ്മകളും അനുഭവങ്ങളുമായുള്ള ആശംസകള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകലോകം.
1971 ഓഗസ്റ്റ് 6 നായിരുന്നു അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രം റിലീസ് ചെയ്തത്. ചിത്രത്തില്‍ ബഹുദൂറിന്റെ കൂടെ ഒരു സീനിലായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. തുടക്കത്തില്‍ അപ്രധാനമായ വേഷങ്ങളിലൂടെ സാന്നിദ്ധ്യമറിയിച്ച മമ്മൂട്ടി ആദ്യമായി സംഭാഷണം പറയുന്നത് 1973 ല്‍ അഭിനയിച്ച കാലചക്രത്തിലാണ്.
എം.ടി. വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന മലയാളചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തില്‍ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം. എന്നാല്‍ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായില്ല. പിന്നീട് 1980ല്‍ കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത മേളയാണ് മമ്മൂട്ടിക്ക് കരിയറില്‍ ബ്രേക്ക് നല്‍കുന്നത്.
പിന്നീട് പി.ജി വിശ്വംഭരന്‍, ഐ.വി ശശി, ജോഷി, സത്യന്‍ അന്തിക്കാട് തുടങ്ങി നിരവധി സംവിധായകരുടെ സിനിമയിലൂടെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ പട്ടം സ്വന്തമാക്കുകയായിരുന്നു.
49 വര്‍ഷത്തെ അഭിനയ കാലയളവില്‍ മികച്ച നടനുള്ള ദേശീയപുരസ്‌കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും, 12 തവണ ഫിലിംഫെയര്‍ (ദക്ഷിണേന്ത്യന്‍) പുരസ്‌കാരവും മമ്മൂട്ടിക്ക് ലഭിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ