| Saturday, 19th March 2022, 1:14 pm

നിങ്ങള്‍ കേള്‍ക്കാതെയും അറിയാതെയും പോകരുത് മറ്റൊരു ഇര കൂടി ആ വേദിയിലുണ്ടായിരുന്നു: രഞ്ജിത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരുവനന്തപുരം: ഇന്നലെയായിരുന്നു കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ഉദ്ഘാടന വേദിയില്‍ അതിഥിയായി നടി ഭാവന എത്തിയത്. അപ്രതീക്ഷിത അതിഥിയായാണ് ഭാവന വേദിയിലെത്തിയത്.

ചലചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തായിരുന്നു ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത്. വന്‍ കരഘോഷത്തോടെയാണ് സദസ് ഭാവനയെ വരവേറ്റത്. ഇരയല്ല അതിജീവിതയാണ് താനെന്ന് ഉറക്കെ പ്രഖ്യാപിച്ചതിന് ശേഷം ഭാവന പങ്കെടുക്കുന്ന ആദ്യത്തെ പൊതുപരിപാടി കൂടിയായിരുന്നു ഇത്.

തുര്‍ക്കിയില്‍ ഐ.എസ്. തീവ്രവാദികള്‍ നടത്തിയ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദിഷ് സംവിധായിക ലിസ ചലാനും സംവിധായകന്‍ അനുരാഗ് കശ്യപുമൊക്കെ പരിപാടിയില്‍ അതിഥികളായിരുന്നു.

എന്നാല്‍ ഇന്നലെ ആ വേദിയില്‍ ഒരു ഇര കൂടി ഉണ്ടായിരുന്നെന്നും അത് ആരും അറിയാതെ പോകരുത് എന്നുമാണ് സംവിധായകന്‍ രഞ്ജിത് പറയുന്നത്.

‘നിങ്ങള്‍ കേള്‍ക്കാതെയും അറിയാതെയും പോകരുത് മറ്റൊരു ഇര കൂടി ആ വേദിയിലുണ്ടായിരുന്നു. അത് അനുരാഗ് കശ്യപാണ്. അദ്ദേഹം അദ്ദേഹത്തിന്റെ ജന്മനാടായ യു.പിയില്‍ കാലുകുത്തിയിട്ട് ആറ് വര്‍ഷമായി. കാലു കുത്തിയാല്‍ അറസ്റ്റാണ്.

അനുരാഗ് എന്നോട് പറഞ്ഞത് നിര്‍ഭയമായി സഞ്ചരിക്കാവുന്ന രണ്ട് സംസ്ഥാനങ്ങളേ ഇന്ത്യയിലുള്ളൂ. അതിലൊന്ന് കേരളവും മറ്റേത് തമിഴ്‌നാടുമാണെന്നാണ്. ഇരവാദം എന്ന് പറയുന്നത് സ്ത്രീയുടെ മാത്രമല്ല, പുരുഷന്റേയും പ്രശ്‌നം തന്നെയാണ്.

ഇത്രയും പേരായപ്പോഴേക്കും നമ്മുടെ സര്‍ക്കാരിന്റെ സാംസ്‌ക്കാരിക നയങ്ങളുടെ ഒരു ഉറച്ച സന്ദേശമാണ് ഇവരിലൂടെ നല്‍കാന്‍ കഴിയുകയെന്ന് തോന്നി. സര്‍ക്കാരും അക്കാദമിയും അതിന് പിന്തുണ നല്‍കിയെന്നും രഞ്ജിത് പറഞ്ഞു.

ഭാവനയെ കൊണ്ടുവന്ന് ഡ്രാമ കാണിക്കുകയൊന്നുമായിരുന്നില്ല ചെയ്തതെന്നും ഭീകരാക്രമണത്തില്‍ കാലുകള്‍ നഷ്ടപ്പെട്ട ലിസ ചലാന്‍ എന്ന കുര്‍ദിഷ് സംവിധായികയെ ക്ഷണിച്ച് അവര്‍ക്ക് സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം നല്‍കുന്നതിനെ കുറിച്ചായിരുന്നു ആദ്യം ചിന്തിച്ചതെന്നും രഞ്ജിത് പറഞ്ഞിരുന്നു. പിന്നീടാണ് എന്തുകൊണ്ട് ഭാവനയെ കൂടി പരിപാടിയിലേക്ക് ക്ഷണിച്ചുകൂടാ എന്ന് താന്‍ ചിന്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഭാവന വരുമോ എന്നൊരു സംശയം പലര്‍ക്കുമുണ്ടായിരുന്നു.പക്ഷേ ഞാന്‍ നേരിട്ട് വിളിക്കാമെന്ന് പറഞ്ഞു. അവര്‍ക്ക് എന്നെ അറിയാം. വിളിച്ചപ്പോള്‍ അവര്‍ ആദ്യം പങ്കുവെച്ച ആശങ്ക മാധ്യമങ്ങളും ചോദ്യങ്ങളുമെല്ലാം ഉണ്ടാവുമെന്ന കാര്യമായിരുന്നു. ഒരു കാര്യം ഉറപ്പുതരാമെന്നും ഭാവനയ്ക്ക് വേണ്ടി ഇത് രഹസ്യമായി വെക്കുമെന്നും പറഞ്ഞു.

ആ സിറ്റുവേഷന്‍ എങ്ങനെ ഹാന്‍ഡില്‍ ചെയ്യും, ചിലപ്പോള്‍ ഞാന്‍ ഇമോഷണല്‍ ആയിപ്പോകുമെന്ന് അവര്‍ പറഞ്ഞു. അത് വിട്ടുകള, ആരും അറിയാന്‍ പോകുന്നില്ല എന്ന് പറഞ്ഞു. അങ്ങനെയാണ് അവര്‍ സമ്മതിച്ചത്.

അതിനകത്ത് ഒരു മെലോഡ്രാമയൊന്നും വേണ്ട. സ്വാഭാവികമായി അവര്‍ വരുന്നു. പക്ഷേ ഇന്നലെ ഭാവന വേദിയിലേക്ക് വരുമ്പോള്‍ ഉണ്ടായ ആ കരഘോഷവും എഴുന്നേറ്റ് നിന്ന് ആളുകള്‍ അവരെ സ്വീകരിച്ചതും എത്രമാത്രം ആ പെണ്‍കുട്ടിയെ ആളുകള്‍ ഇഷ്ടപ്പെടുന്നു എന്നതിന് തെളിവാണ്.

എത്രകാലം മറ്റുപേരുകള്‍ ഇട്ടുകൊണ്ട്, അവരുടെ പേര് പറയാതെ ഇരിക്കും. അവരെ കുറിച്ച് പ്രസംഗിച്ചോ ലേഖനമെഴുതിയോ അല്ലല്ലോ, ശരിക്കും അവരെ ഒന്ന് പുറത്തേക്ക് കൊണ്ടുവരാനുള്ള ധൈര്യം അവര്‍ക്ക് നല്‍കുകയല്ലേ വേണ്ടത്. അതാണ് ചിന്തിച്ചത്. ആ ചിന്തയുടെ പേരിലാണ് ആ തോന്നലുണ്ടായതും വിളിക്കാന്‍ പറ്റിയതും, രഞ്ജിത് പറഞ്ഞു.

2017ല്‍, പൃഥ്വിരാജ് നായകനായി പുറത്തിറങ്ങിയ ‘ആദം ജോണ്‍’ എന്ന സിനിമയിലാണ് ഭാവന അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്. പിന്നീട് ചില കന്നഡ സിനിമകളില്‍ അഭിനയിച്ച ഭാവന അടുത്തിടെ ബര്‍ക്ക ദത്തുമായി നടത്തിയ അഭിമുഖത്തില്‍ മലയാള സിനിമയിലേക്ക് തിരികെവരുമെന്ന് പറഞ്ഞിരുന്നു.

ബര്‍ക്ക ദത്ത് നടത്തുന്ന മോജോ സ്റ്റോറിയിലൂടെയാണ് ഭാവന തിരികെ മലയാളത്തിലേക്ക് എത്തുന്നു എന്ന് പറഞ്ഞത്. ഈ അഭിമുഖത്തില്‍ ആദ്യമായി തനിക്ക് സംഭവിച്ച അതിക്രമത്തെ പറ്റിയും അതില്‍ നിന്നും പുറത്തുകടന്നതിനെപ്പറ്റിയുമെല്ലാം ഭാവന തുറന്നു പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more