ദിലീപിനെ കാണാന്‍ വേണ്ടിയല്ല അന്ന് ജയിലില്‍ പോയത്, പുറത്ത് കാറിലിരിക്കാനായിരുന്നു തീരുമാനം: രഞ്ജിത്
Kerala
ദിലീപിനെ കാണാന്‍ വേണ്ടിയല്ല അന്ന് ജയിലില്‍ പോയത്, പുറത്ത് കാറിലിരിക്കാനായിരുന്നു തീരുമാനം: രഞ്ജിത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th March 2022, 11:38 am

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ച സംഭവത്തില്‍ വിശദീകരണവുമായി സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്.

ദിലീപിനെ ജയിയില്‍ സന്ദര്‍ശിച്ച ആള്‍ തന്നെ അതിജീവിതയെ ഇന്നലെ ഐ.എഫ്.എഫ്.കെ വേദിയിലേക്ക് ക്ഷണിച്ചതിലെ പൊരുത്തക്കേട് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു അന്നുണ്ടായ സംഭവത്തെ കുറിച്ച് രഞ്ജിത്ത് വിശദീകരിച്ചത്.

ദിലീപിനെ ജയിലില്‍ പോയി കാണുക എന്നൊരു ലക്ഷ്യം തനിക്ക് ഉണ്ടായിരുന്നില്ലെന്നും അപ്രതീക്ഷിതമായി അവിടെ എത്തിപ്പെടേണ്ട ഒരു സാഹചര്യം തനിക്കുണ്ടായെന്നുമായിരുന്നു രഞ്ജിത് പറഞ്ഞത്.

‘ ഞാന്‍ ഒരു മാധ്യമത്തിലും അന്തിച്ചര്‍ച്ചയിലും വന്ന് ഇയാള്‍ക്ക് വേണ്ടി വാദിച്ചിട്ടില്ല. ഒരിടത്തും ഞാന്‍ എഴുതിയിട്ടില്ല. ഒരിടത്തും ഞാന്‍ പ്രസംഗിച്ചിട്ടില്ല. എനിക്ക് ആ വ്യക്തിയുമായി വളരെ അടുത്ത ബന്ധമൊന്നും ഇല്ല എന്നത് സത്യമാണ്. കുറേ വര്‍ഷങ്ങളായി അയാളെ അറിയാം. ഇങ്ങനെ ഒരു സംഭവമുണ്ടായപ്പോള്‍ അന്ന് പലരും പറഞ്ഞിരുന്നത് ഇല്ല അയാള്‍ അത് ചെയ്യില്ല എന്നാണ്. എനിക്കും സത്യത്തില്‍ അത് വിശ്വസിക്കാന്‍ ഇഷ്ടമല്ലായിരുന്നു. അവന്‍ അങ്ങനെ ചെയ്യുമോ എന്നുള്ള മാനസികാവസ്ഥയിലായിരുന്നു ഞാനുമന്ന്.

എന്നാല്‍ ഇയാളെ ജയിലില്‍ സന്ദര്‍ശിക്കാമെന്ന് കരുതി രാവിലെ കുളിച്ചിറങ്ങിയതായിരുന്നില്ല ഞാന്‍. ഒരു ദിവസം രാവിലെ കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോകുകയാണ് ഞാന്‍. എനിക്കൊപ്പം നടന്‍ സുരേഷ് കൃഷ്ണയും കാറിലുണ്ട്. ഞാന്‍ ഉറങ്ങുകയായിരുന്നു. ഇതിനിടെ ഇദ്ദേഹം ആരോടൊക്കെയോ ഫോണില്‍ സംസാരിക്കുന്നത് കേട്ടു. ഇത്ര മണിക്ക് എത്തുമെന്നൊക്കെ പറയുന്നത് കേട്ടു. ചോദിച്ചപ്പോള്‍ ചേട്ടാ, പോകുന്ന വഴിക്ക് ആലുവ സബ് ജയിലില്‍ കയറി ദിലീപിനെ കാണണമെന്ന് പറഞ്ഞു.

പോയ്‌ക്കോ ഞാന്‍ പുറത്ത് കാറിലിരിക്കാമെന്ന് പറഞ്ഞു. അയാളെ കാണണമെന്ന ഒരു വികാരവും എനിക്ക് ഉണ്ടായിരുന്നില്ല. അവിടെ എത്തി പുള്ളി അകത്തേക്ക് പോകാന്‍ നില്‍ക്കുമ്പോള്‍ അവിടെ ചില മാധ്യമങ്ങള്‍ എത്തി. അവര്‍ എന്റെ അടുത്തേക്ക് വന്ന് എന്തുകൊണ്ടാണ് പുറത്ത് നില്‍ക്കുന്നത് അകത്ത് പോകുന്നില്ലേ എന്നൊക്കെ ചോദിക്കാന്‍ തുടങ്ങി. അവിടെ നില്‍ക്കുന്നതിനേക്കാള്‍ സേഫ് അകത്ത് നില്‍ക്കുന്നതാണെന്ന് തോന്നിയിട്ട് ഉള്ളില്‍ കയറി. ഞാന്‍ നേരെ ജയില്‍ സൂപ്രണ്ടിന്റെ അടുത്തേക്കാണ് പോയത്.

പുള്ളി വലിയ സ്വീകരണം തന്നു. ഞാന്‍ സാറിന്റെ ആരാധകനാണെന്നൊക്കെ പറഞ്ഞു. തടവുപുള്ളികള്‍ക്കായി ഒരു സിനിമ തരണം എന്നൊക്കെ പറഞ്ഞു. ഇതിനിടയിലാണ് ദിലീപ് അങ്ങോട്ട് വന്നത്. ദിലീപിനോട് നമസ്‌കാരം പറഞ്ഞു. രണ്ട് വാക്ക് പറഞ്ഞ ശേഷം സുരേഷ് കൃഷ്ണയും ദിലീപും അപ്പുറത്തേക്ക് മാറി നിന്ന് ഇരുവരും സംസാരിച്ചു. ഞാനും സൂപ്രണ്ടും അദ്ദേഹത്തിന്റെ ടേബിളില്‍ ഇരുന്ന് സംസാരിച്ചു. ആകപ്പാടെ 10 മിനുട്ട്.

ഞാന്‍ പുറത്തിറങ്ങിയിട്ട് അയാള്‍ നിരപരാധിയാണെന്നാന്നും പറഞ്ഞിട്ടില്ല. നാളെ അയാള്‍ പ്രതിയാണെങ്കില്‍ ശിക്ഷിക്കപ്പെടും. ഇതല്ലാത്ത ആംഗിളില്‍ ചിന്തിക്കാന്‍ താത്പര്യമുള്ള സാമൂഹ്യമാധ്യമങ്ങളിലെ എഴുത്തുകാരോട് എനിക്ക് പറയാനുള്ളത് എന്നെ ഇതുകൊണ്ടൊന്നും പേടിപ്പിക്കാന്‍ കഴിയില്ല എന്നതാണ്. ഞാന്‍ കുറേ കൊല്ലമായി. ഇതിലും വലിയ കാറ്റ് വന്നിട്ട് ഇളകിയിട്ടില്ല. എന്റെ നിലപാടുണ്ട്. അതിനനുസരിച്ച് ഞാന്‍ ജീവിക്കും, രഞ്ജിത് പറഞ്ഞു.