ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്റെ സ്ഥാനപ്പേര് മാറ്റിവിളിച്ച് അവതാരകന്‍. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്നതിന് പകരം ജനറല്‍ സെക്രട്ടറി ഓഫ് ഫെഫ്ക എന്നാണ് അവതാരകന്‍ പറഞ്ഞത്. ഇത് തെറ്റാണെന്ന് മനസിലാക്കി തിരുത്തി വിളിച്ചതും ചലച്ചിത്ര അക്കാദമി ജനറല്‍ സെക്രട്ടറി എന്ന് തെറ്റിച്ചായിരുന്നു. സ്ഥാനപ്പേര് തെറ്റിച്ച് വിളിച്ചതിനെ തുടര്‍ന്ന് രഞ്ജിത്ത് വേദിയിലേക്ക് കയറി വരാന്‍ കൂട്ടാക്കിയില്ല.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന ശരിയാക്കി അഭിസംബോധന ചെയ്ത്, ക്ഷമ ചോദിച്ച് വേദിയില്‍ നിന്നും അടുത്ത് വന്ന് അവതാരകന്‍ ക്ഷണിച്ചതോടെയാണ് രഞ്ജിത്ത് വേദിയിലേക്ക് വരാന്‍ തയ്യാറായത്. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ലൈവ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ചാണ് സംഭവം നടന്നത്.
‘അടുത്തതായി വേദിയിലേക്ക് സ്വാഗതം ചെയ്യുന്നത് നമ്മളെല്ലാം ഒരുപാട് ബഹുമാനിക്കുന്ന നമ്മുടെ സ്വന്തം രഞ്ജിത്തേട്ടനെയാണ്, ജനറല്‍ സെക്രട്ടറി ഓഫ് ഫെഫ്ക,’ എന്നാണ് അവതാരകന്‍ പറഞ്ഞത്. ഇത് കേട്ട് വേദിയിലാകെ ചിരി പടര്‍ന്നു. തെറ്റ് മനസിലാക്കി അവതാരകന്‍ ചലച്ചിത്ര അക്കാദമിയുടെ ജനറല്‍ സെക്രട്ടറി, അല്ല ചെയര്‍മാന്‍ എന്ന് പറഞ്ഞെങ്കിലും രഞ്ജിത്ത് വേദിയിലേക്ക് വരില്ല എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു.
അയാം സോ സോറി, രഞ്ജിത്ത് സാര്‍ അയാം റിയലി സോറി, പെട്ടെന്നുള്ള ടെന്‍ഷനില്‍ അറിയാതെ പറ്റിയതാണ്, കണ്ട ടെന്‍ഷനില്‍ തെറ്റി പോയതാണ്, കൊല്ലാതെ വിടണം എന്ന് പറഞ്ഞ് വേദിയില്‍ നിന്നും ഇറങ്ങി വന്ന് അവതാരകന്‍ ക്ഷമ ചോദിച്ചതിന് ശേഷമാണ് രഞ്ജിത്ത് വേദിയിലേക്ക് കയറി വന്നത്. വേദിയില്‍ വന്നതിന് ശേഷവും അവതാരകന്‍ ക്ഷമ ചോദിച്ചു.
വല്ലപ്പോഴും പത്രം എടുത്ത് നോക്കി വായിക്കുന്നത് നല്ലതാണെന്നാണ് അവതാരകനോട് രഞ്ജിത്ത് പറഞ്ഞത്. ‘എല്ലാം അറിഞ്ഞുവെന്ന് ഒരു ഇട്ടാവട്ട സ്‌റ്റേജില്‍ നിന്ന് സംസാരിക്കുന്നതല്ല ലോകം. അതിനപ്പുറത്തുള്ള ആളുകളെ തിരിച്ചറിയാന്‍ ശ്രമിക്കുക. ചലച്ചിത്ര അക്കാദമി ജനറല്‍ സെക്രട്ടറി എന്ന് ഞാന്‍ ആദ്യം കേള്‍ക്കുകയാണ്. എന്തുമാവട്ടെ ആ ചെറുപ്പക്കാരനെ കൊല്ലാതെ വിടുന്നു,’ രഞ്ജിത്ത് പറഞ്ഞു.
അതേസമയം വി.കെ. പ്രകാശിന്റെ ലൈവില്‍ ഷൈന്‍ ടോം ചാക്കോ, മംമ്ത മോഹന്‍ദാസ്, സൗബിന്‍ ഷാഹിര്‍, പ്രിയ വാര്യര്‍, കൃഷ്ണ പ്രഭ, അക്ഷിത, രശ്മി സോമന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്.
സൗണ്ട് ഡിസൈനറും ഓസ്‌കര്‍ ജേതാവുമായ റസൂല്‍ പൂക്കൂട്ടി, സംവിധായകന്‍ എസ്.എന്‍ സ്വാമി എന്നിവരും ചടങ്ങിന് എത്തിയിരുന്നു.
Content Highlight: director Ranjith did not bother to come up to the stage after being called by wrong name