| Wednesday, 3rd March 2021, 12:19 pm

'നോര്‍ത്തില്‍ പ്രദീപ് കുമാര്‍ തന്നെ മത്സരിക്കണമെന്നാണ് എന്റെ ആഗ്രഹം'; രഞ്ജിത്ത് മത്സരിച്ചേക്കില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നോര്‍ത്തില്‍ നിന്ന് എല്‍.ഡി.എഫിനായി സംവിധായകന്‍ രഞ്ജിത്ത് മത്സരിക്കില്ല. മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് രഞ്ജിത്ത് ജില്ലാ സെക്രട്ടറിയേറ്റിനെ അറിയിച്ചു.

നോര്‍ത്തില്‍ പ്രദീപ് കുമാര്‍ തന്നെ മത്സരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ മത്സരിക്കാനുള്ള സന്നദ്ധത രഞ്ജിത്ത് പ്രകടിപ്പിച്ചിരുന്നു. മൂന്ന് ടേം പൂര്‍ത്തിയാക്കിയ പ്രദീപ് കുമാറിന് ഇളവ് നല്‍കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുയര്‍ന്നിരുന്നു.

13 അസംബ്ലി മണ്ഡലങ്ങളുള്ള കോഴിക്കോട് ജില്ലയില്‍ ഇക്കുറി 6 സീറ്റുകളിലായിരിക്കും സി.പി.ഐ.എം മത്സരിക്കുക. കോഴിക്കോട് നോര്‍ത്ത്, ബേപ്പൂര്‍, പേരാമ്പ്ര, കൊയിലാണ്ടി, ബാലുശ്ശേരി, കുറ്റ്യാടി അതല്ലെങ്കില്‍ തിരുവമ്പാടി എന്നീ സീറ്റുകളിലാണ് സി.പി.ഐ.എം മത്സരിക്കാന്‍ ധാരണയായത്.

അതേസമയം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐ.എന്‍.എല്‍ മൂന്നുസീറ്റില്‍ തന്നെ മത്സരിക്കും. നാലു സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും മൂന്നു സീറ്റ് തന്നെ നല്‍കിയാല്‍ മതിയെന്നാണ് സി.പി.ഐ.എം നിലപാട്.

വിജയസാധ്യതയുള്ള ഉദുമ സീറ്റ് വേണമെന്ന ഐ.എന്‍.എല്‍ ആവശ്യവും സി.പി.ഐ.എം തള്ളി. എന്നാല്‍ നിലവില്‍ വിജയസാധ്യതയുള്ള മണ്ഡലമാണ് കോഴിക്കോട് സൗത്തെന്നാണ് സി.പി.ഐ.എം നിലപാട്.

കോഴിക്കോട് സൗത്തില്‍ എം.കെ മുനീറാണ് എം.എല്‍.എ. എന്നാല്‍ ഇത്തവണ മുനീര്‍ മണ്ഡലം മാറുമെന്നുറപ്പായതിനാല്‍ സൗത്തില്‍ വിജയിക്കാനാകുമെന്നാണ് ഇടതുമുന്നണി കണക്കുകൂട്ടല്‍.

കോഴിക്കോട് സൗത്തില്‍ ഐ.എന്‍.എല്‍ മത്സരിക്കുകയാണെങ്കില്‍ എന്‍.കെ അബ്ദുള്‍ അസീസിനാണ് സാധ്യത കല്‍പ്പിക്കുന്നത്. സി.പി.ഐ.എ പൊതുയോഗങ്ങളില്‍ സ്ഥിരസാന്നിധ്യമായ അബ്ദുള്‍ അസീസിനെ പാര്‍ട്ടിയ്ക്കും താല്‍പ്പര്യമാണ്. മാത്രമല്ല ചാനല്‍ ചര്‍ച്ചകളിലുടെ അസീസ് ജനങ്ങള്‍ക്കും പരിചിത മുഖമാണ്.

ഐ.എന്‍.എല്‍ ജില്ലാ-മണ്ഡലം കമ്മിറ്റികളും അസീസിന്റെ സ്ഥാനാര്‍ത്ഥിത്വം നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അസീസ് അല്ലെങ്കില്‍ അഹമ്മദ് ദേവര്‍കോവിലാണ് പരിഗണനയിലുള്ള മറ്റൊരു പേര്.

കഴിഞ്ഞ തവണ കാസര്‍കോട്, കോഴിക്കോട് സൗത്ത്, വള്ളിക്കുന്ന് എന്നീ മണ്ഡലങ്ങളിലാണ് ഐ.എന്‍.എല്‍ മത്സരിച്ചിരുന്നത്. മൂന്നിടത്തും ജയിക്കാനായിരുന്നില്ല.

അതേസമയം മുനീര്‍ മണ്ഡലം മാറുന്നതോടെ നജീബ് കാന്തപുരമായിരിക്കും ലീഗിനായി മത്സരിക്കാനിറങ്ങുക.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Director Ranjith Calicut North Pradeep Kumar Kerala Election 2021

We use cookies to give you the best possible experience. Learn more