DIRECTOR RENJITH | BHAVANA AT IFFK | വാ നമുക്ക് യാദൃശ്ചികമായി ജയിലില്‍ പോകാം | Trollodu Troll
അനുഷ ആന്‍ഡ്രൂസ്

കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ഉദ്ഘാടന വേദിയില്‍ അതിഥിയായി എത്തിയത് നടി ഭാവനയാണ്. ഐ.എഫ്.എഫ്.കെ വേദിയിലേക്കുള്ള ഭാവനയുടെ അപ്രതീക്ഷിതമായ കടന്നുവരവില്‍, ഒരു സ്ത്രീ എന്ന നിലയിലും, അതിജീവിത എന്ന നിലയിലും ഭാവനയ്ക്ക് ലഭിച്ച സ്വീകരണം, അതൊന്ന് കാണേണ്ടത് തന്നെയായിരുന്നു.

ഒരു തിരിച്ചുവരവ് എന്നൊക്കെ പറഞ്ഞാല്‍ ഇങ്ങനെയിരിക്കണം. ഭാവന വന്നതും സദസ് എഴുന്നേറ്റ് നിന്നാണ് കയ്യടിച്ചത്. ആ കാഴ്ച അവരുടേയും, അവര്‍ക്കൊപ്പം നിന്ന ഡബ്ല്യു.സി.സിയുടേയും, അവരുടെ നീതിക്ക് വേണ്ടി പോരാടിയ ചുരുക്കം ചില മാധ്യമങ്ങളുടേയും വിജയമായി തന്നെ വേണം വിശേഷിപ്പിക്കാന്‍.

ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത് നമ്മുടെ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്താണ് എന്ന കാര്യവും ഏറെ ചര്‍ച്ചയായിട്ടുണ്ട്. പോരാട്ടത്തിന്റെ പെണ്‍പ്രതീകം എന്നാണ് ഭാവനയെ പുള്ളി വിശേഷിപ്പിച്ചത്.

ഈ കര്‍മ എന്ന് പറയുന്നത് ഒരു ബൂമറാംഗാണ് എന്ന് പറയുന്നത് വെറുതെ അല്ല. കാരണം നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു ഓണക്കാലത്ത്, ഇതേ സ്ത്രീയെ ആക്രമിച്ച കേസിലെ പ്രധാന പ്രതിയായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന ദിലീപിനെ ജയിലില്‍ പോയി കണ്ട് ആശ്വസിപ്പിച്ച വ്യക്തിയാണ് രഞ്ജിത്ത്.

ആ ജയില്‍ സന്ദര്‍ശനത്തെ യാദൃശ്ചികമായ സംഭവം എന്നാണ് പുള്ളി വിശേഷിപ്പിക്കുന്നത്. രഞ്ജിത്ത് സര്‍ യാദൃശ്ചികമായി പോകുന്ന സ്ഥലം വിയൂര്‍ സെന്‍ട്രല്‍ ജയിലില്‍, ലൈംഗീക പീഡനകേസിലെ കേസിലെ ഒരു പ്രതിയെ കാണാനാണ് എന്നുള്ളതാണ് സത്യം.

ദിലീപ് ജയിലില്‍ പോയത് ഗുരുതരമായ കുറ്റങ്ങള്‍ ചെയ്തതിന്റെ പേരിലാണ് എന്നുള്ള കാര്യത്തില്‍ തര്‍ക്കമില്ല. ആ ആളെ ഇത്ര വലിയ സാമൂഹിക പ്രതിച്ഛായയുള്ള ഒരു സംവിധായകന്‍ ജയിലില്‍ ചെന്ന് സന്ദര്‍ശിക്കുന്നത് വഴി അയാളുടെ നിലപാട് അവിടെ തന്നെ വ്യക്തമാവുന്നുണ്ട്.

എന്തായാലും ഭാവനയ്ക്ക് ഇത്തരമൊരു അവസരം ഉണ്ടാകാന്‍ സഹായിച്ച സംസ്ഥാന സര്‍ക്കാരിനോടാണ് നന്ദി പറയേണ്ടത്. കാരണം ദിലീപിനെ ആശ്വസിപ്പിക്കാന്‍ വേണ്ടി അയാളെ ജയിലില്‍ പോയി കണ്ട രഞ്ജിത്തിനെ പിടിച്ച് ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത് ഇരുത്തിക്കൊണ്ട് ശിക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതുകൊണ്ടാണല്ലോ, രഞ്ജിത്തിന് ഭാവനയെ ഇതുപോലെ ക്ഷണിച്ച് പ്രോഗ്രസ്സീവ് ആകേണ്ടി വന്നത്. അല്ലേലും ഈ പ്രമുഖര്‍ക്കൊക്കെ സ്ഥാനമാനങ്ങള്‍ കൊടുത്ത് അവരുടെ തെറ്റ് തിരുത്തിപ്പിക്കുന്ന ഒരു പ്രത്യേക തരം നയമാണ് നമ്മുടെ സര്‍ക്കാരിന്റേത്.

അത് മാത്രമല്ല, സിനിമയിലേക്ക് വരുന്ന പെണ്‍കുട്ടികളുടെ ആത്മവിശ്വാസം തകര്‍ന്നുപോകാതിരിക്കാന്‍ വേണ്ടി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇതുവരേയും പുറത്ത് വിടാതെ, അട്ടത്ത് കയറ്റി വെക്കുന്നത് വഴി, കൂടുതല്‍ സ്ത്രീകള്‍ സിനിമയിലേക്ക് വരണം എന്നല്ലേ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്? എങ്കില്‍ ആരാണ് യഥാര്‍ത്ഥ ഹീറോ?

ഭാവനയ്ക്ക് ഇന്ന് കിട്ടുന്ന ഈ സ്വീകാര്യത, ഭാവനയുടെ തന്റേടത്തിന്റേത് മാത്രമാണ്. ഭാവനയ്‌ക്കൊപ്പം നിന്ന ഡബ്ല്യു.സി.സിയുടേത് മാത്രമാണ്. അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടും നിലപാട് മാറ്റാതെ അവള്‍ക്കൊപ്പം എന്ന് തറപ്പിച്ച് പറഞ്ഞ ചില ആര്‍ട്ടിസ്റ്റുകളുടെയും മാത്രമാണ്. ഭീഷണികളെ വകവെക്കാതെ ഇരയ്‌ക്കൊപ്പം നിന്ന ചില മാധ്യമങ്ങളുടേയും ഉദ്യോഗസ്ഥരുടേയും മാത്രമാണ്.

അല്ലാതെ രണ്ട് വള്ളത്തിലും കാലിട്ട്, കൂടെ നിന്ന് ഇരട്ടത്താപ്പ് കാണിക്കുന്നവരുടേതല്ല


Content Highlight: Director Ranjith and the government’s double standard in the case of the actress assault.

അനുഷ ആന്‍ഡ്രൂസ്
ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.