മോഹന്‍ലാലോ മമ്മൂട്ടിയോ; രഞ്ജിത്തിനോട് ലാലിന്റെ ചോദ്യം, സെക്കന്റുകള്‍ക്കുള്ളില്‍ വന്ന മറുപടി ഇങ്ങനെ
Malayalam Cinema
മോഹന്‍ലാലോ മമ്മൂട്ടിയോ; രഞ്ജിത്തിനോട് ലാലിന്റെ ചോദ്യം, സെക്കന്റുകള്‍ക്കുള്ളില്‍ വന്ന മറുപടി ഇങ്ങനെ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 25th January 2021, 12:08 pm

 

രഞ്ജിത്ത് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പിറന്ന നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുണ്ട്. രാവണപ്രഭു, സ്പിരിറ്റ്, ലോഹം തുടങ്ങിയവ അതില്‍ ചിലതാണ്. അതുപോലെ പെരുവണ്ണാപുരത്തെ വിശേഷം, മായാമയൂരം, ദേവാസുരം, ആറാം തുമ്പൂരാന്‍ തുടങ്ങി ലാലിന്റെ കരിയറിലെ തന്നെ സൂപ്പര്‍ഹിറ്റുകളായ പല ചിത്രങ്ങളുടേയും തിരക്കഥ നിര്‍ഹവിച്ചത് രഞ്ജിത്താണ്.

ലാലുമായി നീണ്ടനാളത്തെ സൗഹൃദവും രഞ്ജിത്തിനുണ്ട്. ലാല്‍ അവതാരകനായ ലാല്‍ എന്ന സലാം എന്ന പരിപാടിയിലെ ഒരു എപ്പിസോഡില്‍ അതിഥിയായി എത്തിയത് രഞ്ജത്തായിരുന്നു. മോഹന്‍ലാലിനൊത്തുള്ള അനുഭവങ്ങള്‍ രഞ്ജിത് പരിപാടിയില്‍ പങ്കുവെക്കുകയും ചെയ്തു.

എന്നാല്‍ കൂട്ടത്തില്‍ ലാല്‍ രഞ്ജിത്തിന് ഒരു കിടിലന്‍ പണി നല്‍കി. സംഗതി മറ്റൊന്നുമല്ല റാപ്പിഡ് ഫയര്‍ ചോദ്യങ്ങള്‍. അധികം ആലോചിക്കാതെ ഉത്തരം പറയാനായി ചില ചോദ്യങ്ങളായിരുന്നു ലാല്‍ രഞ്ജിത്തിനോട് ചോദിച്ചത്.

മലയാളത്തിലെ ഏറ്റവും സുന്ദരിയായ നടി ആരാണെന്നും മോഹന്‍ലാലോ മമ്മൂട്ടിയോ ആരെയാണ് കൂടുതല്‍ ഇഷ്ടം തുടങ്ങി ചില ചോദ്യങ്ങളായിരുന്നു ലാല്‍ രഞ്ജിത്തിനോട് ചോദിച്ചത്. എല്ലാ ചോദ്യങ്ങള്‍ക്കും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ രഞ്ജിത് മറുപടിയും നല്‍കി.

മലയാളത്തില ഏറ്റവും സുന്ദരിയായ നടി ആരാണെന്ന ചോദ്യത്തിന് ഈ അപകടം ഞാന്‍ പ്രതീക്ഷിച്ചില്ലെന്ന് പറഞ്ഞ് പൊട്ടിച്ചിരിച്ചുകൊണ്ടായിരുന്നു രഞ്ജിത് മറുപടി പറഞ്ഞത്. മലയാളത്തില്‍ അഭിനയിക്കാന്‍ അറിയാവുന്ന എല്ലാ നടിമാരും സുന്ദരിമാരാണ് എന്നായിരുന്നു രഞ്ജിത്തിന്റെ മറുപടി.

താങ്കള്‍ക്ക് ഇഷ്ടപ്പെട്ട എന്റെ ചിത്രമേത് എന്ന ചോദ്യത്തിന് ‘ഇരുവര്‍’ എന്നാണ് രഞ്ജിത്ത് മറുപടി നല്‍കുന്നത്. സംവിധായകനോ തിരക്കഥാകൃത്തോ ഏതിനോടാണ് കൂടുതല്‍ താത്പര്യം എന്ന ചോദ്യത്തിന് രണ്ടും എന്നായിരുന്നു മറുപടി.

മോഹന്‍ലാലോ മമ്മൂട്ടിയോ എന്ന ചോദ്യത്തിന് മമ്മൂട്ടി എന്നാണ് രഞ്ജിത്ത് മറുപടി നല്‍കിയത്. ഇത് കേട്ട് പൊട്ടിച്ചിരിക്കുകയായിരുന്നു ലാല്‍.

ലൗ സ്റ്റോറിയോ ത്രില്ലറോ ഇഷ്ടം എന്ന ചോദ്യത്തിന് ലൗ സ്‌റ്റോറിയെന്നും മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകന്‍ ആരാണെന്ന ചോദ്യത്തിന് കെ.ജി ജോര്‍ജ്ജ് എന്നും രഞ്ജിത്ത് മറുപടി നല്‍കുന്നുണ്ട്.

നല്ല ഭര്‍ത്താവ്, നല്ല അച്ഛന്‍, നല്ല സുഹൃത്ത് സ്വന്തം ജീവിതത്തില്‍ ഇവയില്‍ ഏതിനാണ് മുഴുവന്‍ മാര്‍ക്ക് എന്ന ചോദ്യത്തിന് നല്ല സുഹൃത്ത് എന്നായിരുന്നു രഞ്ജിത്തിന്റെ മറുപടി.

സ്പിരിറ്റിലെ നായകന്‍ ഞാന്‍ അല്ലായിരുന്നെങ്കില്‍ പിന്നെ ആരാകുമായിരുന്നു എന്ന ചോദ്യത്തിന് ആ സിനിമ സംഭവിക്കുമായിരുന്നില്ല എന്നാണ് രഞ്ജിത്ത് മറുപടി നല്‍കിയത്.

താങ്കള്‍ എനിക്ക് വേണ്ടി സൃഷ്ടിച്ച കഥാപാത്രങ്ങളില്‍ ഒന്നിന് ഒരു പുനര്‍ജന്മം നല്‍കേണ്ടി വന്നാല്‍ അത് ഏതായിരിക്കും എന്ന ചോദ്യത്തിന് അത് ഇനി എഴുതാനിരിക്കുന്നേയുള്ളൂ എന്നാണ് രഞ്ജിത് മറുപടി പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Director Ranjith About Mohanlal and Mammootty