|

വലിയ കൂവലൊന്നുമല്ല, ചെറിയ ഒരു അപശബ്ദം; പ്രതിഷേധങ്ങള്‍ കരുതിക്കൂട്ടി ഉണ്ടാക്കിയത്: രഞ്ജിത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമ കാണാന്‍ എത്തിയവര്‍ക്ക് ഐ.എഫ്.എഫ്.കെ യിലെ എല്ലാ സിനിമയും കാണാന്‍ സാധിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ രഞ്ജിത്ത്. കാണാന്‍ കഴിഞ്ഞില്ലെന്ന് പറയുന്നത് അടിസ്ഥാന പരമായി തെറ്റാണെന്നും നന്‍പകല്‍ നേരത്ത് മയക്കത്തിന് ടിക്കറ്റ് കിട്ടാത്തവരാണ് തനിക്ക് നേരെ കൂകി പ്രതിഷേധിച്ചതെന്നുമാണ് രഞ്ജിത്ത് പറഞ്ഞത്.

നന്‍പകല്‍ നേരത്ത് മയക്കം കാണാനായി വന്നവരില്‍ പൊലീസ് എത്തി നീക്കം ചെയ്ത പലര്‍ക്കും ഡെലിഗേറ്റ് പാസില്ലെന്നാണ് അക്കാദമി പിന്നീട് അന്വേഷിച്ചപ്പോള്‍ അറിഞ്ഞതെന്നും പ്രതിഷേധങ്ങള്‍ കരുതിക്കൂട്ടി ഉണ്ടാക്കിയതാണെന്നാണ് കരുതുന്നതെന്നും രഞ്ജിത്ത് പറഞ്ഞു. മീഡിയ വണ്ണിനോടാണ് രഞ്ജിത്ത് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”അങ്ങനെ വലിയ കൂവലൊന്നും ഉണ്ടായിട്ടില്ല. ഒരു അപശബ്ദം പോലെ ഉണ്ടായിരുന്നു. അത് ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്തിന് ടിക്കറ്റ് കിട്ടാത്തവരുടെ പ്രതിഷേധമായിരുന്നു. അതൊക്കെ ഉണ്ടാവും കൂവലില്‍ ഒന്നും ഒരു കാര്യവും ഇല്ല.

ഈ കാണാന്‍ കഴിഞ്ഞില്ലെന്ന് പറയുന്നത് അടിസ്ഥാന പരമായി തെറ്റാണ്. കാണേണ്ടവര്‍ എല്ലാ സിനിമയും കണ്ടിട്ടുണ്ട്. അവര്‍ക്ക് കൃത്യമായ പ്ലാന്‍ ഉണ്ടായിരുന്നു. അത് അനുസരിച്ച് എല്ലാ ചിത്രവും കണ്ടിട്ടുണ്ട്. ഉഴപ്പി മാറി നിന്നവര്‍ക്കാണ് കാണാന്‍ കഴിയാതിരുന്നത്.വിദേശത്ത് നിന്നും നമ്മള്‍ കൊണ്ടു വന്ന സിനിമകള്‍ക്ക് രണ്ട് സ്‌ക്രീനിങ്ങാണ് ഉള്ളത്.

വലിയ പണം കൊടുത്താണ് അവ കൊണ്ടു വന്നത്. ആ രണ്ട് സ്‌ക്രീനില്‍ കാണാനായി ഓടിയെത്തിയവര്‍ക്ക് കാണാന്‍ സാധിച്ചിട്ടുണ്ട്. നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ ഇഷ്യൂവില്‍ തന്നെ പൊലീസിനെ അക്കാദമി വിളിച്ചതല്ല. ചിലരെ അവിടെ നിന്നും പൊലീസിന് നീക്കം ചെയ്യേണ്ടി വന്നു.

അതിന്റെ കൂടുതല്‍ കാര്യങ്ങളെക്കുറിച്ച് പിന്നീട് അക്കാദമി അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് പൊലീസ് കൊണ്ടു പോയവരില്‍ തന്നെ ഡെലിഗേറ്റ് പാസ് ഇല്ലാത്തവരുണ്ടെന്നാണ്. അപ്പോള്‍ അത് നല്‍കുന്ന ഉത്തരമെന്താണ്. ഡെലിഗേറ്റ് പാസ് പോലുമില്ലാതെ വന്നിട്ട് ബഹളം വെക്കുകയെന്ന് പറഞ്ഞാല്‍ അത് ചിലരുടെ മനോഭാവത്തിന്റെ പ്രശ്‌നമാണ്.

പ്രതിഷേധങ്ങള്‍ കരുതികൂട്ടി ഉണ്ടാക്കിയതാണോയെന്ന് ഒരര്‍ത്ഥത്തില്‍ ചിന്തിക്കേണ്ടതുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ കൊണ്ട് അക്കാദമിക്ക് ഒന്നും സംഭവിച്ചിട്ടില്ല. ആരുടെയും മുന്നില്‍ തലകുനിക്കേണ്ടിയും വന്നിട്ടില്ല. ഏറ്റവും നല്ല സിനിമകള്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. കാണേണ്ടവര്‍ കണ്ടിട്ടുണ്ട്,” രഞ്ജിത്ത് പറഞ്ഞു.

27ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സമാപനവേദിയില്‍ ചടങ്ങ് പുരോഗമിക്കവേ സംവിധായകന്‍ രഞ്ജിത്ത് സംസാരിക്കാനായി എഴുന്നേറ്റപ്പോഴാണ് കാണികള്‍ക്കിടയില്‍ നിന്ന് കൂവലുയര്‍ന്നത്. ഇതോടെ കൂവല്‍ തനിക്ക് പുത്തരിയല്ലെന്നായിരുന്നു രഞ്ജിത്ത് വേദിയില്‍ നിന്നും മറുപടി പറഞ്ഞത്.

content highlight: director ranjith about ifffk

Latest Stories