ലഹരി നിയമവിധേയമാക്കുന്നതാണ് നല്ലത്; മായം ചേര്‍ത്തത് ഉപയോഗിക്കുന്നതിലും നല്ലത് അതല്ലേ: രഞ്ജന്‍ പ്രമോദ്
Movie Day
ലഹരി നിയമവിധേയമാക്കുന്നതാണ് നല്ലത്; മായം ചേര്‍ത്തത് ഉപയോഗിക്കുന്നതിലും നല്ലത് അതല്ലേ: രഞ്ജന്‍ പ്രമോദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 11th May 2023, 5:17 pm

ലഹരി നിയമവിധേയമാക്കുന്നതാണ് നല്ലതെന്ന് സംവിധായകന്‍ രഞ്ജന്‍ പ്രമോദ്. എല്ലായിടത്തുമുള്ളത് പോലെ തന്നെയാണ് സിനിമയിലും ലഹരി ഉപയോഗമുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ലഹരിയെ തടയാന്‍ സാധിക്കില്ലെന്നും ഡ്രഗ് യൂസല്ല ഡ്രഗ് അബ്യൂസാണ് ഇവിടുത്തെ പ്രശ്‌നമെന്നും സംവിധായകന്‍ പറഞ്ഞു. മീഡിയാ വണ്ണിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രഞ്ജന്‍ പ്രമോദിന്റെ പ്രതികരണം.

‘എല്ലായിടത്തുമുള്ള പോലെയാണ് സിനിമയിലും ലഹരി. ടിനി(ടിനി ടോം) പറയുന്നു, ലഹരി പേടിച്ച് മകന്‍ സിനിമയിലേക്ക് വരുന്നത് പേടിയാണെന്ന്. അങ്ങനെയാണെങ്കില്‍ മകനെ സ്‌കൂളിലേക്ക് അയക്കാനും അദ്ദേഹത്തിന് പേടിക്കേണ്ടിവരും.

രഞ്ജന്‍ പ്രമോദ്

ഭയങ്കര കര്‍ശനമാണെന്ന് വിചാരിക്കുന്ന പള്ളിയിലെ അച്ഛന്‍മാര്‍ നടത്തുന്ന സ്‌കൂളുകളില്‍ പോലും ഇത് കയറിവരുന്നുണ്ട്. ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. എന്റെ അഭിപ്രായത്തില്‍ ലഹരി ലീഗല്‍ ആക്കുകയാണ് നല്ലത് എന്നതാണ്.

നിയമവിരുദ്ധമായി വരുന്നതിനേക്കാള്‍ നല്ലത് കൃത്യമായ പരിശോധനയില്‍ വരുന്നതാണ്. യുഫോറിയ ആവശ്യമാണെന്നുള്ളയാള്‍ ഡോക്ടറിന്റെ അടുത്ത് പോയി അത് ആവശ്യപ്പെടുന്ന സ്ഥിതിയല്ലേ നല്ലത്.

പ്രശ്‌നം ഡ്രഗ് അബ്യൂസ് ആണ്. ഡ്രഗ് യൂസല്ല. മായം ചേര്‍ന്ന ലഹരിയാണ് അനധികൃതമായി ഉപയോഗിക്കുന്നത്. എങ്ങനെ ലഹരി ഉപയോഗിക്കുമെന്ന കാര്യത്തില്‍ പിള്ളേര്‍ക്ക് ഗൈഡന്‍സ് ഇല്ല. അവരത് ഒളിച്ചിരുന്ന് ഉപയോഗിക്കുകയാണ്. ലീഗലൈസ് ചെയ്യുമ്പോള്‍ സര്‍ക്കാരിന് ടാക്‌സും ലഭിക്കും. അങ്ങനെ എല്ലാംകൊണ്ടും നല്ലതാണ്. എല്ലാവരും അബ്‌നോര്‍മലാകാന്‍ ആഗ്രഹിക്കുന്നവരാണെല്ലോ,’ രഞ്ജന്‍ പ്രമോദ് പറഞ്ഞു.

ദിലീഷ് പോത്തന്‍

മോശം പെരുമാറ്റത്തിന് സിനിമയില്‍ ആരെയും വിലക്കേണ്ട കാര്യമില്ലെന്നും അഭിമുഖത്തിലുണ്ടായിരുന്ന സംവിധായകന്‍ ദിലീഷ് പോത്തനും പറഞ്ഞു.

‘ഒരാള്‍ മോശമായി സിനിമയോട് പെരുമാറുകയാണെങ്കില്‍ അയാളെ ആരും വിലക്കേണ്ട കാര്യമില്ല. കാരണം ഡെഡിക്കേറ്റഡായി ജോലി ചെയ്യാന്‍ തയ്യാറായവര്‍ക്ക് ഇവിടെ വര്‍ക്കില്ല. എന്നിട്ടല്ലേ മോശമായി പെരുമാറുന്നവര്‍ക്ക്. നന്നായി പെരുമാറുന്നവര്‍ക്ക് മാത്രമാണ് അവസരങ്ങളുണ്ടാകുക,’ ദിലീഷ് പോത്തന്‍ പറഞ്ഞു.

Content Highlight: Director Ranjan Pramod said that it is better to legalize intoxication