| Thursday, 11th May 2023, 6:13 pm

ലഹരി പേടിച്ച് മകനെ സിനിമയിലേക്ക് വിടാന്‍ ടിനി ടോമിന് പേടിയാണെങ്കില്‍, സ്‌കൂളില്‍ വിടാനും കഴിയില്ല: രഞ്ജന്‍ പ്രമോദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമ മേഖലയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ടിനി ടോം നടത്തിയ ആരോപണങ്ങളില്‍ പ്രതികരണവുമായി സംവിധായകന്‍ രഞ്ജന്‍ പ്രമോദ്. എല്ലായിടത്തുമുള്ള പോലെയാണ് സിനിമയിലും ലഹരിയെന്നും ലഹരി പേടിച്ച് മകനെ സിനിമയിലേക്ക് വിടാന്‍ ടിനി ടോമിന് പേടിയാണെങ്കില്‍, സ്‌കൂളില്‍ വിടാനും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലഹരി നിയമവിധേയമാക്കുന്നതാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ടിനി പറയുന്നു, ലഹരി പേടിച്ച് മകന്‍ സിനിമയിലേക്ക് വരുന്നത് പേടിയാണെന്ന്. അങ്ങനെയാണെങ്കില്‍ മകനെ സ്‌കൂളിലേക്ക് അയക്കാനും അദ്ദേഹത്തിന് പേടിക്കേണ്ടിവരും. ഭയങ്കര കര്‍ശനമാണെന്ന് വിചാരിക്കുന്ന പള്ളിയിലെ അച്ഛന്‍മാര്‍ നടത്തുന്ന സ്‌കൂളുകളില്‍ പോലും ഇത് കയറിവരുന്നുണ്ട്. ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. എന്റെ അഭിപ്രായത്തില്‍ ലഹരി ലീഗല്‍ ആക്കുകയാണ് നല്ലത് എന്നതാണ്,’ രഞ്ജന്‍ പ്രമോദ് പ്രമോദ് പറഞ്ഞു.

ലഹരിയെ തടയാന്‍ സാധിക്കില്ലെന്നും ഡ്രഗ് യൂസല്ല ഡ്രഗ് അബ്യൂസാണ് ഇവിടുത്തെ പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.

‘പ്രശ്‌നം ഡ്രഗ് അബ്യൂസ് ആണ്. ഡ്രഗ് യൂസല്ല. മായം ചേര്‍ന്ന ലഹരിയാണ് അനധികൃതമായി ഉപയോഗിക്കുന്നത്. എങ്ങനെ ലഹരി ഉപയോഗിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും ഗൈഡന്‍സ് ഇല്ല,’ രഞ്ജന്‍ പ്രമോദ് കൂട്ടിച്ചേര്‍ത്തു.

ടിനി ടോം, ബാബു രാജ് ഉള്‍പ്പെടെയുള്ള നടന്മാരാണ് മലയാള സിനിമാലോകത്ത് ലഹരി ഉപയോഗം വര്‍ധിക്കുന്നെന്ന കാര്യം സൂചിപ്പിച്ച് രംഗത്തെത്തിയിരുന്നത്.

അതേസമയം, ടിനി ടോമിന്റെ പ്രസ്താവനക്കെതിരെ സംവിധായകനും നടനുമായ ജോയ് മാത്യുവും പ്രതികരിച്ചിരുന്നു.

സിനിമയിലെ ലഹരിയുപയോഗത്തെതുടര്‍ന്ന് ടിനി ടോം തന്റെ മകനെ സിനിമയിലേക്ക് വിടാതിരുന്നത് കാടടച്ച് വെടിവെക്കുന്ന പ്രവര്‍ത്തിയാണെന്നും, ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ ആരെക്കുറിച്ചാണെന്ന് വ്യക്തമാക്കണമെന്നും ജോയ് മാത്യു പറഞ്ഞു. ഈ വിഷയത്തില്‍ ജനറലൈസ് ചെയ്ത് പറയരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Director Ranjan Pramod responded to the allegations made by actor Tiny Tom regarding the use of drugs in the film industry

We use cookies to give you the best possible experience. Learn more