താന്‍ തിരക്കഥയെഴുതിയ ‘രണ്ടാം ഭാവം’ എന്ന സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ തല അജിത്ത് കുമാര്‍ സമീപിച്ചിരുന്നുവെന്ന് സംവിധായകന്‍ രഞ്ജന്‍ പ്രമോദ്. പുതിയൊരു സിനിമ ചെയ്യാമെന്നാണ് താന്‍ മറുപടിയായി പറഞ്ഞതെന്നും ചെയ്ത സിനിമകളുടെ രണ്ടാം ഭാഗം ചെയ്യാന്‍ തനിക്ക് താല്‍പര്യമില്ലെന്നും സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ രഞ്ജന്‍ പ്രമോദ് പറഞ്ഞു.
‘ഞാന്‍ ചെയ്ത സിനിമകളുടെ രണ്ടാം ഭാഗം ചെയ്യാന്‍ എനിക്ക് താല്‍പര്യമില്ല. രണ്ടാം ഭാവം എന്ന സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ തല അജിത്ത് കുമാര്‍ എന്നെ സമീപിച്ചിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞത്, പുതിയൊരു സിനിമ ചെയ്യാമെന്നാണ്. കാരണം , എനിക്കതില്‍ താല്‍പര്യം ഒട്ടും ഇല്ലായിരുന്നു.
വളരെ ബുദ്ധിമുട്ടാണ് ഒന്ന് ക്രിയേറ്റ് ചെയ്ത് വെച്ചിട്ട് അതിന്റെ രണ്ടാം ഭാഗം ചെയ്യാന്‍. ഒന്നിനെപോലെ മറ്റൊന്നുണ്ടാക്കുന്നതിന്റെ പേര് കലയെന്നല്ല. കലയെന്നത് സ്വാഭാവികമായി സംഭവിക്കേണ്ട ഒന്നാണ്. എല്ലാം തന്നെ വളരെ യുണീക്കാണ്. അത് പോലെതന്നെയാണ് കലയും, ‘ രഞ്ജന്‍ പ്രമോദ് പറഞ്ഞു.
സിനിമ തന്റെ ജീവിതത്തില്‍ ഇടക്ക് മാത്രം സംഭവിക്കുന്ന ഒന്നാണെന്നും സിനിമ ചെയ്യാന്‍ സപ്പോര്‍ട്ടീവായ അന്തരീക്ഷമുണ്ടാവുകയാണെങ്കില്‍ മാത്രമേ സിനിമ ചെയ്യുകയുള്ളുവെന്നും രഞ്ജന്‍ പ്രമോദ് പറഞ്ഞു.
‘ സിനിമയെന്നത് എന്റെ ജീവിതത്തില്‍ ഇടക്ക് ഇങ്ങനെ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. ഞാന്‍ എന്റെ ജീവിതമിങ്ങനെ ജീവിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെയിടയില്‍ ആരെങ്കിലുമൊക്കെ നമുക്ക് സിനിമ ചെയ്യാന്‍ സപ്പോര്‍ട്ടീവായ അന്തരീക്ഷമുണ്ടാവുകയാണെങ്കില്‍ സിനിമ ചെയ്യും.
പിന്നെയെനിക്കൊരു വരുമാനത്തിനു വേണ്ടിയും ജീവിക്കാന്‍ വേണ്ടിയും സിനിമ ചെയ്യാന്‍ മാത്രമേ അറിയുള്ളു. വേറൊരു പണിയും ചെയ്യാനറിയില്ല. ചെറുപ്പം മുതലേ താല്പര്യമുള്ളൊരു മേഖലയാണ് സിനിമ. താല്പര്യമുള്ള മേഖലയിതായത് കൊണ്ട് തന്നെ സിനിമ പഠിക്കാനാണ് ശ്രമിച്ചത്.
കൂടുതല്‍ ഇഷ്ടം യാത്ര ചെയ്യാനും, വെറുതെയിരിക്കാനും, ഉറങ്ങാനുമൊക്കെയാണ്. യാത്ര എന്റെ ജീവിതത്തിന്റെ ഭാഗമാണ്. സിനിമയില്ലെങ്കില്‍ ഞാന്‍ എവിടെയെങ്കിലുമൊക്കെ യാത്ര ചെയ്യുകയായിരിക്കും. സിനിമയുമായി എന്റെ യാത്രകള്‍ക്ക് ഒരു ബന്ധവുമില്ല. ‘ രഞ്ജന്‍ പ്രമോദ് പറഞ്ഞു.
ഓ ബേബി’ യാണ് രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം. ദിലീഷ് പോത്തന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിര്‍മാണവും അദ്ദേഹം തന്നെയാണ്.
Content Highlights: Director Ranjan Pramod about Thala Ajith Kumar