ആര്‍.ഡി.എക്‌സിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ രാംദാസ് കടവല്ലൂര്‍. ഒരു ഭാഗത്ത് താമസിക്കുന്ന മനുഷ്യരെയാകെ ക്രിമിനല്‍ ബാക്ക്ഗ്രൗണ്ടില്‍ നിര്‍ത്തുന്ന ഒരെണ്ണം പടച്ചുവിട്ട് നാട്ടുകാരെ കൊണ്ട് കയ്യടിപ്പിക്കുമ്പോള്‍ ചെയ്യുന്നത് വംശീയത പരത്തുകയാണെന്ന് പൊതുബോധവും വെച്ച് കഥയുണ്ടാക്കുന്നവര്‍ മനസിലാക്കണമെന്ന് രാംദാസ് പറഞ്ഞു.
ഈ സിനിമ കണ്ട് സ്വയം അപമാനിതരായി തോന്നി തിയേറ്ററില്‍ നിന്നിറങ്ങി വന്ന രാജാജി നഗറിലെ ചെറുപ്പക്കാരെ നേരിട്ടറിയാമെന്നും തങ്ങള്‍ താമസിക്കുന്ന ഇടത്തെ ഇത്രയും മോശമായും ക്രിമിനല്‍ ഇടമായും ചിത്രീകരിക്കുന്ന ഒരു സിനിമയാണ് അതെന്ന് ഈ സിനിമയുമായി സഹകരിക്കുമ്പോള്‍ അറിയില്ലായിരുന്നു എന്നുമാണ് അവിടുത്തെ സുഹൃത്ത് പറഞ്ഞതെന്നും രാംദാസ് പറഞ്ഞു.
ഏതു വംശീയ പൊതുബോധങ്ങളോടാണോ അവിടെയുള്ള മനുഷ്യര്‍ നിരന്തരം ജീവിതം കൊണ്ട് പടപൊരുതിക്കൊണ്ടിരിക്കുന്നത്, അതേ വംശീയ പൊതുബോധങ്ങളെ പ്രചരിപ്പിക്കുക എന്ന കുറ്റകൃത്യമാണ് നിങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നത് എന്നെങ്കിലും മനസിലാക്കണമെന്നും രാംദാസ് പറഞ്ഞു. യഥാര്‍ത്ഥ ക്രിമിനലുകള്‍ സിനിമയെടുത്തവരാണെന്നും അല്ലാതെ ആ ഇടത്ത് താമസിക്കുന്ന ആത്മാഭിമാനമുള്ള മനുഷ്യരല്ലെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ രാംദാസ് പറഞ്ഞു.
രാംദാസ് കടവല്ലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്
മലയാളിയുടെ വംശീയ പൊതുബോധങ്ങളെ കുറ്റബോധമില്ലാതെ തന്നെ വില്‍ക്കാന്‍ കഴിവുണ്ട് എന്നതു കൊണ്ട്, ആര്‍.ഡി.എക്‌സിന്റെ സംവിധായകന്‍ ഇനിയും അയാളുടെ ഇതിലേറെ വലിയ ഹിറ്റുകളുമായി മലയാള സിനിമയില്‍ ഉണ്ടാകുമായിരിക്കും. അതുകൊണ്ട് തന്നെ ഈ കുറിപ്പ്, ആ സിനിമയെ കുറിച്ചല്ല, മറിച്ച് ആ സിനിമ ആക്ഷേപിച്ചവരെ കുറിച്ചാണ്.
എനിക്ക് ഏറെ ബന്ധമുള്ള, അടുപ്പമുള്ള ഒരിടമാണ് തിരുവനന്തപുരത്തെ ചെങ്കല്‍ച്ചൂള എന്നറിയപ്പെടുന്ന രാജാജി നഗര്‍. ഏറ്റവും സ്‌നേഹത്തോടെ, അത്രയേറെ ഹൃദയവിശാലതയോടെ പെരുമാറിയ, പാട്ടുകാരും ഡാന്‍സുകാരും ചിത്രമെഴുത്തുകാരും ഫുട്‌ബോള്‍ കളിക്കാരും ഒക്കെ നിറഞ്ഞ ഒരിടം. ഞാന്‍ ചെയ്ത, ഇക്കഴിഞ്ഞ ഐ.ഡി.എസ്.എഫ്.എഫ്.കെയില്‍ ആദ്യ പ്രദര്‍ശനം നടന്ന ‘Beyond hatred and Power , we keep singing’ എന്ന സിനിമയുടെ പാട്ടുള്‍പ്പെടെ ചിത്രീകരിച്ച ഇടം. അതേ സ്ഥലം തന്നെയാണ് ആര്‍.ഡി.എക്‌സിലെ മഹാരാജാ കോളനിയായി ചിത്രീകരിക്കാന്‍ അതിന്റെ സംവിധായകന്‍ കണ്ടെത്തിയ സ്ഥലവും.
മഹാരാജാസ് കോളനി എന്ന പേര് വന്ന വഴി പോലും ചെങ്കല്‍ച്ചൂളയുടെ ചരിത്രവുമായി, വംശീയമായി തന്നെ ചേര്‍ന്നു കിടക്കുന്നു. കാശുണ്ടാക്കാനായി മാത്രം സിനിമയെടുക്കുന്നവരോടാണ്. നിങ്ങളുടെ പൊതുബോധവും വച്ച് ഏതെങ്കിലും തട്ടിക്കൂട്ടു കഥയുണ്ടാക്കിയോ, കോപ്പിയടിച്ചോ വിറ്റ് കാശുണ്ടാക്കിക്കോ. അതൊക്കെ നിങ്ങടെ ഇഷ്ടം, നിങ്ങടെ വഴി. എല്ലാവരും സാമൂഹ്യപ്രതിബദ്ധതയുള്ളവരാവണമെന്നൊന്നും നിര്‍ബന്ധിക്കാന്‍ കഴിയില്ലല്ലോ. പക്ഷെ, ഒരു ഭാഗത്ത് താമസിക്കുന്ന മനുഷ്യരെയാകെ അപമാനിക്കുന്ന, ക്രിമിനല്‍ ബാക്ക്ഗ്രൗണ്ടില്‍ നിര്‍ത്തുന്ന ഒരെണ്ണം പടച്ചുവിട്ട് നാട്ടുകാരെ കൊണ്ട് കയ്യടിപ്പിക്കുമ്പോള്‍ നിങ്ങള്‍ ചെയ്യുന്നത് വംശീയത പരത്തുകയാണെന്നെങ്കിലും മനസിലാക്കണം.
ഈ സിനിമ കണ്ട് സ്വയം അപമാനിതരായി തോന്നി തിയേറ്ററില്‍ നിന്നിറങ്ങി വന്ന രാജാജി നഗറിലെ ചെറുപ്പക്കാരെ നേരിട്ടറിയാം. അവരുടെ ഇടങ്ങളും വീടുകളുമാണ്, അവര്‍ കളിച്ചു വളര്‍ന്ന വഴികളാണ്, അവരുടെ കുട്ടിക്കാല ഓര്‍മകള്‍ പിണഞ്ഞു കിടക്കുന്ന സ്ഥലങ്ങളാണ്, ക്രിമിനല്‍ താവളങ്ങളായി ഈ സിനിമയില്‍ ചിത്രീകരിച്ചിട്ടുള്ളത്. അവിടെയുള്ള കുറെ സുഹൃത്തുക്കള്‍ സംഘട്ടനരംഗങ്ങളില്‍ ഈ സിനിമയില്‍ മുഖം കാണിച്ചിട്ടുണ്ട്. തങ്ങള്‍ താമസിക്കുന്ന ഇടത്തെ ഇത്രയും മോശമായും ക്രിമിനല്‍ ഇടമായും ചിത്രീകരിക്കുന്ന ഒരു സിനിമയാണ് അതെന്ന് ഈ സിനിമയുമായി സഹകരിക്കുമ്പോള്‍
അറിയില്ലായിരുന്നു എന്നാണ് അവിടത്തെ സുഹൃത്ത് പറഞ്ഞത്.
അവിടെ താമസിക്കുന്ന മനുഷ്യരുടെ വിശ്വാസം വാങ്ങിയെടുത്ത് അവരുടെ ഇടങ്ങളില്‍ അവരെയൊക്കെ തന്നെ ഉള്‍പ്പെടുത്തി ചിത്രീകരിച്ച്, അതേ മനുഷ്യരെ തന്നെ അപമാനിക്കുന്ന ഒരു സിനിമ പ്രദര്‍ശിപ്പിക്കുമ്പോള്‍, ഏതു വംശീയ പൊതുബോധങ്ങളോടാണോ അവിടെയുള്ള മനുഷ്യര്‍ നിരന്തരം ജീവിതം കൊണ്ട് പടപൊരുതിക്കൊണ്ടിരിക്കുന്നത്, അതേ വംശീയ പൊതുബോധങ്ങളെ പ്രചരിപ്പിക്കുക എന്ന കുറ്റകൃത്യമാണ് നിങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നത് എന്നെങ്കിലും മനസിലാക്കണം. അതായത്, ആ സിനിമയിലെ യഥാര്‍ത്ഥ ക്രിമിനലുകള്‍ സിനിമയെടുത്ത നിങ്ങളാണ്, അല്ലാതെ ആ ഇടത്ത് താമസിക്കുന്ന ആത്മാഭിമാനമുള്ള മനുഷ്യരല്ല.
പിന്നെ, നിങ്ങളുടെ ഈ ഊള വംശീയ പൊതുബോധത്തെയൊക്കെ ചോദ്യം ചെയ്യാന്‍ കഴിവുള്ള, അട്ടിമറിച്ചിടാന്‍ കഴിവുള്ള കുട്ടികള്‍ അവിടെയൊക്കെ തന്നെ വളര്‍ന്നു വരുന്നുണ്ട് എന്നു കൂടിയാണ് മനസിലാക്കേണ്ടത്. കേരളത്തിന് തന്നെ അഭിമാനമായ നിരവധി പ്രതിഭകള്‍ തിളങ്ങി നില്‍ക്കുകയും അവിടെ നിന്ന് മുന്നോട്ടു വരികയും ചെയ്യുന്നുണ്ട്. അവിടേക്കോ അവരുടെ നേട്ടങ്ങളിലേക്കോ അതു പോലുള്ള മനുഷ്യരിലേക്കോ നിങ്ങളുടെ ക്യാമറ ചെന്നെത്തുന്നില്ല എന്ന് മാത്രമേയുള്ളൂ. ഇതുപോലുള്ള വംശീയ സിനിമകള്‍ക്കെതിരെ അവരൊക്കെ തന്നെ നാളെ അവരുടെ സ്വന്തം നേട്ടങ്ങളെ കൊണ്ട് മറുപടി തന്നോളും.
സംശയമുണ്ടെങ്കില്‍, ഇതോടൊപ്പം ചേര്‍ത്ത സ്‌ക്രീന്‍ ഷോട്ടുകള്‍ നോക്കിയാല്‍ മതി.
എന്നെ ഏറെ ചേര്‍ത്തു പിടിച്ച മനുഷ്യരുള്ള ഇടമാണത്. അവരുടെ ഓരോരുത്തരുടെയും സ്‌നേഹവും കരുത്തും പ്രതിഭയും അത്രയേറെ നേരിട്ടറിഞ്ഞിട്ടുണ്ട്. ഈ സിനിമ കണ്ട് സ്വയം അപമാനിതരായി തോന്നി എന്ന് പറഞ്ഞ, അവിടെയുള്ള സുഹൃത്തുക്കളെ കേട്ടതു കൊണ്ടാണ് ഇത്രയും വൈകാരികമായി തന്നെ ഇതെഴുതിയത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനാര്‍ദ്ധം വരെയും മനുഷ്യരെ ചന്തയില്‍ വിറ്റു കൊണ്ടിരുന്ന ഒരു ഇടമാണ് ഭൂമി. അവിടെ നിന്ന് ജീവന്‍ കളഞ്ഞും പോരാട്ടങ്ങളിലൂടെയും സ്വയം കരുത്താര്‍ജിച്ചുമാണ്, മനുഷ്യരാശി ഇത്രയെങ്കിലും മുന്നോട്ട് നടന്നത്. മനുഷ്യാന്തസിനെ തന്നെ ചോദ്യം ചെയ്യുന്ന പടപ്പുകള്‍ കാണുമ്പോള്‍ സ്വയം പിടയുന്നത് അതുകൊണ്ടു കൂടിയാണ്.
Content Highlight: Director Ramdas Kadavallur criticizes RDX