കോഴിക്കോട്: തൃശൂര്‍ ഹൈന്ദവരോട് നന്ദി കാണിക്കാത്ത ജില്ലയാണെന്ന് സംഘപരിവാര്‍ സഹയാത്രികനായ സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍. താന്‍ സംവിധാനം ചെയ്ത പുഴ മുതല്‍ പുഴ വരെ എന്ന സിനിമ തൃശൂരിലെ ഒരു തിയേറ്ററില്‍ പോലും കളിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി നേതാക്കളെ അഭിസംബോധന ചെയ്ത് ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ചില നേതാക്കളറിയാന്‍ 1921 ലെ തലപോയ ഹൈന്ദവരോട് നന്ദി കാണിക്കാത്ത ഒരിടമേയുള്ളു തൃശൂര്‍. ഒരു തിയേറ്ററില്‍ പോലും തൃശൂരില്‍ പുഴ ഒഴുകിയിട്ടില്ല,’ രാമസിംഹന്‍ അബൂബക്കര്‍ ഫേസ്ബുക്കില്‍ എഴുതി.
മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ‘പുഴ മുതല്‍ പുഴ വരെ’ 2023 മാര്‍ച്ച് മൂന്നിനായിരുന്നു റിലീസായത്. ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായത്.
മലബാറിന്റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതകഥയാണ് സിനിമ പറയുന്നത്. നടന്‍ തലൈവാസല്‍ വിജയ് ആണ് ചിത്രത്തില്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായെത്തുന്നത്. ജോയ് മാത്യുവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു വാരിയംകുന്നന്‍ എന്ന സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു അലി അക്ബറും തന്റെ സിനിമ പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് ആഷിക് അബു ചിത്രം ഉപേക്ഷിച്ചിരുന്നു.
2021 ഫെബ്രുവരി 20ന് വയനാട്ടിലായിരുന്നു പുഴ മുതല്‍ പുഴ വരെയുടെ ചിത്രീകരണം തുടങ്ങിയത്. രണ്ടരക്കോടിയോളം രൂപ ബജറ്റിലാണ് സിനിമ പൂര്‍ത്തിയാക്കിയത്. ‘മമ ധര്‍മ്മ’യെന്ന ബാനറിലൂടെ ക്രൗഡ് ഫണ്ടിങ് നടത്തിയാണ് രാമസിംഹന്‍ ചിത്രത്തിനായുള്ള പണം സമാഹരിച്ചത്.