സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത രണ്‍ബീര്‍ കപൂര്‍ നായകനായ ഏറ്റവും പുതിയ സിനിമയാണ് അനിമല്‍. ഡിസംബര്‍ ഒന്നിനായിരുന്നു ചിത്രം തിയേറ്ററിലെത്തിയത്.
ഈ സിനിമ പുറത്തിറങ്ങിയത് മുതല്‍ വലിയ വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നിരുന്നത്. സിനിമയിലെ വയലന്‍സ്, ടോക്സിക് മസ്‌കുലിനിറ്റി, അമിത ലൈംഗികത നിറഞ്ഞ രംഗങ്ങള്‍ എന്നിവയൊക്കെയായിരുന്നു ഈ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നത്.
ഇപ്പോള്‍ അനിമല്‍ സിനിമയെയും സന്ദീപ് റെഡ്ഡിയെയും അഭിനന്ദിച്ചു കൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ.
സന്ദീപ് റെഡ്ഡി ഫിസിയോ തെറാപ്പിയില്‍ യോഗ്യനായ ഒരു ഡോക്ടറാണെന്നും, അനിമല്‍ സിനിമയിലൂടെ അദ്ദേഹം സിനിമാ മേഖലക്ക് മെന്റല്‍ തെറാപ്പി നല്‍കുകയാണെന്നും രാം ഗോപാല്‍ വര്‍മ പറഞ്ഞു.
‘ഫിസിയോ തെറാപ്പിയില്‍ യോഗ്യനായ ഒരു ഡോക്ടര്‍, ഇപ്പോള്‍ സിനിമാ മേഖലക്ക് മെന്റല്‍ തെറാപ്പിയും പ്രേക്ഷകര്‍ക്ക് ഹിപ്‌നോ തെറാപ്പിയും നല്‍കാന്‍ അനിമലിനെ ഉപയോഗിക്കുകയാണ്,’ രാം ഗോപാല്‍ വര്‍മ സന്ദീപ് റെഡ്ഡി വംഗയെ ടാഗ് ചെയ്തുകൊണ്ട് എക്‌സില്‍ കുറിച്ചു.
. @imvangasandeep a qualified doctor in PHYSIOTHERAPY is now using ANIMAL to do MENTAL THERAPY to film industry and HYPNOTHERAPY to the audience
മുമ്പും രാം ഗോപാല്‍ വര്‍മ അനിമലിനെ കുറിച്ചും സന്ദീപ് റെഡ്ഡിയെ കുറിച്ചും എക്‌സിലൂടെ സംസാരിച്ചിരുന്നു. ആ പോസ്റ്റില്‍ പറഞ്ഞിരുന്നത് അനിമല്‍ കണ്ടതിന് ശേഷം, സന്ദീപ് റെഡ്ഡി വംഗയെന്ന സംവിധായകനും മറ്റ് മാസ് കൊമേഷ്യല്‍ സംവിധായകരും തമ്മിലുള്ള വ്യത്യാസം തനിക്ക് മനസിലായെന്നായിരുന്നു.
മറ്റ് മാസ് കൊമേഷ്യല്‍ സംവിധായകര്‍ പ്രേക്ഷകര്‍ തങ്ങള്‍ക്ക് താഴെയാണെന്ന് വിശ്വസിക്കുന്നവരാണെന്നും സന്ദീപ് റെഡ്ഡി എല്ലാ പ്രേക്ഷകരും തന്നെപ്പോലെയാണെന്ന് വിശ്വസിക്കുന്ന ആളാണെന്നുമാണ് രാം ഗോപാല്‍ വര്‍മ പറയുന്നത്.
അതേസമയം, നായകനായ രണ്‍ബീര്‍ കപൂറിന്റെ എക്കാലത്തെയും വലിയ ഓപ്പണറായി മാറിയിരിക്കുകയാണ് അനിമല്‍. രശ്മിക മന്ദാന നായികയായെത്തിയ ചിത്രത്തില്‍ അനില്‍ കപൂര്‍, ബോബി ഡിയോള്‍, തൃപ്തി ദിമ്രി എന്നിവരും അഭിനയിക്കുന്നുണ്ട്.
Content Highlight: Director Ram Gopal Varma Talks About Animal Movie And Sandeep Reddy Vanga