| Monday, 24th January 2022, 1:57 pm

എക്‌സോര്‍സിസ്റ്റിന് ശേഷം ഞാന്‍ കണ്ട ഏറ്റവും റിയലിസ്റ്റിക്കായ ഹൊറര്‍ ചിത്രം; ഭൂതകാലത്തെ പ്രശംസിച്ച് രാം ഗോപാല്‍ വര്‍മ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷെയ്ന്‍ നിഗം ചിത്രം ‘ഭൂതകാല’ത്തിനെ പ്രശംസിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ.

എക്‌സോര്‍സിസ്റ്റിന് ശേഷം ഞാന്‍ കണ്ട ഏറ്റവും റിയലിസ്റ്റിക്കായ ഹൊറര്‍ ചിത്രമാണ് ഭൂതകാലമെന്നായിരുന്നു തന്റെ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച കുറിപ്പില്‍ സംവിധായകന്‍ പറഞ്ഞത്.

”എക്‌സോര്‍സിസ്റ്റിന് (Exorcist) ശേഷം ഭൂതകാലം പോലെ ഇത്രയും റിയലിസ്റ്റിക് ആയ ഒരു ഹൊറര്‍ ചിത്രം ഞാന്‍ കണ്ടിട്ടില്ല.

ഭയാനകമായ ഈ അന്തരീക്ഷം സൃഷ്ടിച്ചെടുത്ത സംവിധായകന്‍ രാഹുല്‍ സദാശിവത്തിനും നിര്‍മാതാവ് അന്‍വര്‍ റഷീദിനും എല്ലാ ആശംസകളും. ബഹുമുഖ പ്രതിഭയായ രേവതിയുടെയും ഷെയ്ന്‍ നിഗത്തിന്റെയും ബ്രില്ല്യന്റായ വേഷപ്പകര്‍ച്ച,” രാം ഗോപാല്‍ വര്‍മ ട്വീറ്റില്‍ പറയുന്നു.

ഭൂതകാലത്തിന്റെ ട്രെയിലര്‍ കൂടെ പങ്കുവെച്ച് കൊണ്ടായിരുന്നു ട്വീറ്റ്.

1973ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ഹൊറര്‍ ചിത്രമാണ് ദ എക്‌സോര്‍സിസ്റ്റ് (The Exorcist). ലോകസിനിമയിലെ എക്കാലത്തെയും പേടിപ്പെടുത്തുന്ന ചിത്രങ്ങളില്‍ മുന്‍ നിരയിലാണ് എക്‌സോര്‍സിസ്റ്റ്.

സോണി ലിവില്‍ പ്രദര്‍ശിപ്പിക്കുന്ന ഭൂതകാലത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തിന്റെ മേക്കിങ്ങും അഭിനേതാക്കളുടെ പ്രകടനവും എടുത്ത് പറഞ്ഞ് നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത്.

ഷെയിന്‍ നിഗത്തിന്റെയും രേവതിയുടെയും അഭിനയം ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമായാണ് വിലയിരുത്തപ്പെടുന്നത്.

ഷെയ്ന്‍ നിഗത്തിന്റെ അമ്മ സുനില ഹബീബ്, സംവിധായകന്‍ അന്‍വര്‍ റഷീദിന്റെ ഭാര്യ തെരേസ റാണി എന്നിവര്‍ ചേര്‍ന്നാണ് ഭൂതകാലം നിര്‍മിച്ചിരിക്കുന്നത്. ഷെയ്ന്‍ നിഗം ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം. ഷെയ്ന്‍ നിഗമാണ് ചിത്രത്തിന്റെ സംഗീത സംവിധായകനും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Director Ram Gopal Varma praising Shane Nigam movie Bhoothakalam

We use cookies to give you the best possible experience. Learn more