|

കര്‍ണനായി സൂര്യ തന്നെ? സൂചന നല്‍കി ബോളിവുഡ് സംവിധായകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് സൂര്യ. മണിരത്‌നം നിര്‍മിച്ച നേര്‍ക്കുനേര്‍ എന്ന ചിത്രത്തിലൂടെയാണ് സൂര്യ അഭിനയജീവിതം ആരംഭിച്ചത്. ആദ്യസിനിമയില്‍ തന്നെ മോശം അഭിനയത്തിന്റെ പേരില്‍ സൂര്യ ഒരുപാട് പഴി കേള്‍ക്കേണ്ടി വന്നിരുന്നു. ബാല സംവിധാനം ചെയ്ത നന്ദയിലൂടെ തന്നിലേക്ക് ഉയര്‍ന്നുവന്ന വന്ന വിമര്‍ശനങ്ങള്‍ക്ക് സൂര്യ മറുപടി നല്‍കി.

പിന്നീട് തമിഴിലെ മുന്‍നിര നടന്മാരുടെ പട്ടികയില്‍ സൂര്യയും ഇടംപിടിച്ചു. മികച്ച സ്‌ക്രിപ്റ്റ് സെലക്ഷനും അതിനോടൊപ്പം അഭിനയവും ഒരുപോലെ കൊണ്ടുപോകുന്ന സൂര്യ 2020ല്‍ സൂരറൈ പോട്ര് എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും സ്വന്തമാക്കി. ചിത്രം നിര്‍മിച്ചത് സൂര്യയുടെ ഉടമസ്ഥതയിലുള്ള 2ഡി എന്റര്‍ടൈന്മെന്റ്‌സായിരുന്നു.

സൂര്യയുടെ ബോളിവുഡ് എന്‍ട്രിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ചുകാലമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ബോളിവുഡിലെ പ്രശസ്ത സംവിധായകരിലൊരാളായ രാകേഷ് ഓംപ്രകാശ് മെഹ്‌റ അണിയിച്ചൊരുക്കുന്ന കര്‍ണനിലൂടെ സൂര്യ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുമെന്നായിരുന്നു റൂമറുകള്‍. രണ്ട് ഭാഗങ്ങളിലായി വന്‍ ബജറ്റിലാകും കര്‍ണന്‍ ഒരുങ്ങുക എന്നാകും റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ റൂമറുകള്‍ സത്യമാണോ അല്ലയോ എന്ന കാര്യത്തില്‍ പ്രതികരിക്കുകയാണ് സംവിധായകന്‍ രാകേഷ് ഓം പ്രകാശ് മെഹ്‌റ.

കര്‍ണന്‍ എന്ന സിനിമ തന്റെ ഡ്രീം പ്രൊജക്ടാണെന്നും അധികം വൈകാതെ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. സൂര്യയാണോ നായകന്‍ എന്ന ചോദ്യത്തിന് ‘നിങ്ങള്‍ എങ്ങനെയാണ് പ്രതീക്ഷിക്കുന്നത്? ഫിംഗേഴ്‌സ് ക്രോസ്ഡ് എന്ന അവസ്ഥയിലല്ലേ, അതുപോലെ തന്നെ ഞാനും’ എന്നാണ് മറുപടി നല്‍കിയത്. ഐ.ഐ.എഫ്.എ അവാര്‍ഡ് നിശയില്‍ പങ്കെടുക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബോളിവുഡിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളായ രംഗ് ദേ ബസന്തി, ഭാഗ് മില്‍ഖാ ഭാഗ്, ഡെല്‍ഹി 6 എന്നീ ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ സംവിധായകനാണ് രാകേഷ് ഓംപ്രകാശ് മെഹ്‌റ. പ്രേക്ഷകനെ ഇമോഷണലായി കണക്ട് ചെയ്യാനുള്ള കഴിവാണ് മറ്റ് സംവിധായകരില്‍ നിന്ന് രാകേഷിനെ വ്യത്യസ്തനാക്കുന്നത്. സൂര്യയെപ്പോലൊരു നടനെ രാകേഷ് എങ്ങനെ ഉപയോഗിക്കുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.

അതേസമയം, സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ കങ്കുവ റിലീസിന് തയാറെടുക്കുകയാണ്. പത്ത് ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രം ത്രീ.ഡിയിലാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുക. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ 44(താത്കാലിക ടൈറ്റില്‍)ലാണ് സൂര്യ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Content Highlight: Director Rakeysh Omprakash Mehra reacts to the rumors about Karnan movie and Suriya