| Sunday, 5th March 2023, 8:05 am

ബോളിവുഡിന് സൗത്ത് ഇന്ത്യന്‍ സിനിമകളെ പേടിയാണ്, തെലുങ്ക് താരങ്ങള്‍ അവരുടെ സ്വന്തം പോലെയാണ്: രാജീവ് രവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡിന് സൗത്ത് ഇന്ത്യന്‍ സിനിമകളുടെ കാര്യത്തില്‍ പേടിയുണ്ടെന്ന് സംവിധായകന്‍ രാജീവ് രവി. കുറച്ച് നാളുകളായി ചുരുക്കം ചില ബോളിവുഡ് സിനിമകള്‍ മാത്രമാണ് വിജയിച്ചതെന്നും അവരുടെ നാട്ടില്‍ പോലും തെന്നിന്ത്യന്‍ സിനിമകളാണ് ഹിറ്റായതെന്നും അദ്ദേഹം പറഞ്ഞു.

യു.പി, പഞ്ചാബ് പോലെയുള്ള സ്ഥലങ്ങളിലെ ഗ്രാമ പ്രദേശങ്ങളിലും നേപ്പാളില്‍ വരെയും തെന്നിന്ത്യന്‍ സിനിമകള്‍ കാണുന്നവരുണ്ടെന്നും അവര്‍ പലരും തമിഴ്, തെലുങ്ക് നടന്മാരുടെ ആരാധകരാണെന്നും മലയാള മനോരമ ദിനപത്രത്തിനോട് സംസാരിക്കവെ രാജീവ് രവി പറഞ്ഞു.

‘ബോളിവുഡിന് ദക്ഷിണേന്ത്യന്‍ സിനിമയുടെ പേരില്‍ പേടിയുണ്ട്. അടുത്തിടെ ഏതാനും ബോളിവുഡ് സിനിമകള്‍ മാത്രമാണ് ഹിറ്റായത്. ബാക്കി ഹിറ്റായതെല്ലാം തെന്നിന്ത്യന്‍ സിനിമകളാണ്. ഇത് കുറച്ച് നാളായി സംഭവിക്കുന്ന മാറ്റമാണ്.

ടി.വി ചാനല്‍, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് എന്നിവയെല്ലാം വഴി തെന്നിന്ത്യന്‍ നടന്മാരുടെ ഹിന്ദി മൊഴിമാറ്റ ചിത്രങ്ങള്‍ യു.പി, പഞ്ചാബ് പോലെയുള്ള സ്ഥലങ്ങളിലെ ഗ്രാമങ്ങളിലുള്‍പ്പെടെ കാണുന്നു. നേപ്പാളില്‍ പോലും കാണുന്നുണ്ട്.

തമിഴ് തെലുങ്ക് നടീനടന്മാര്‍ പലരും അവരുടെ സ്വന്തം നടീനടന്മാരെ പോലെ പരിചയമുള്ളവര്‍. ഇന്ത്യന്‍ സിനിമ എന്നാല്‍ ഹിന്ദി സിനിമയാണെന്നാണ് പലരും വിശ്വസിച്ചിരുന്നത്. അത് തകര്‍ന്നിട്ടുണ്ട്.

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് നല്ലതും മോശവുമായ വശങ്ങളുണ്ട്. ഒരുകാലത്ത് പല ഹോളിവുഡ് സ്റ്റുഡിയോകളും മുംബൈയിലേക്ക് വന്നു. ഡിസ്‌നി പോലെയുള്ളവര്‍ വന്നിട്ടും നമ്മുടെ നമ്മുടെ ആനിമേഷന്‍ ചിത്രങ്ങള്‍ നന്നായില്ല. ഇവിടെയുള്ളവര്‍ക്ക് വേണ്ട കണ്ടന്റെന്ന് പറഞ്ഞ് പഴയ സാധനങ്ങള്‍ തന്നെ പുറത്തിറക്കുകയാണ് അവര്‍ ചെയ്തത്,’ രാജീവ് രവി പറഞ്ഞു.

content highlight: director rajeev ravi about south indian cinema

We use cookies to give you the best possible experience. Learn more