മഞ്ജു വാര്യര്‍, തിലകന്‍, ബിജു മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി.കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്ത സിനിമയാണ് കണ്ണെഴുതി പൊട്ടും തൊട്ട്. ചിത്രത്തിലെ പ്രകടനത്തിന് മഞ്ജു വാര്യര്‍ക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. സിനിമയിലെ മഞ്ജുവിന്റെ പ്രകടനത്തെ കുറിച്ച് പറയുകയാണ് സംവിധായകന്‍.
മഞ്ജുവിന്റെ അഭിനയം ഇഷ്ടപ്പെട്ട നടന്‍ തിലകന്‍ അഭിനയത്തില്‍ മഞ്ജു തന്റെ എതിരാളിയാണെന്നും താനില്ലാതെ അവരുടെ ഒരു ഷോട്ട് പോലും എടുക്കരുതെന്നും പറഞ്ഞിരുന്നുവെന്നും രാജീവ് കുമാര്‍ പറഞ്ഞു. വളരെ പക്വതയുള്ള താരത്തെ പോലെയാണ് മഞ്ജു പെരുമാറുന്നതെന്നും എന്നാല്‍ തന്റെ പ്രായത്തിനൊത്ത കുട്ടിത്തവും അവര്‍ നിലനിര്‍ത്താറുണ്ടായിരുന്നെന്നും കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
‘ലാല്‍ സാറിനെ പോലെയുള്ളവരുടെ കൂടെ വര്‍ക്ക് ചെയ്‌തൊരാള്‍ എന്ന നിലയില്‍, മഞ്ജുവിന്റെ അന്നത്തെ പ്രായമൊക്കെ വെച്ച് നമ്മള്‍ പ്രതീക്ഷിക്കുന്ന തരത്തിലല്ല മഞ്ജു പെരുമാറുന്നത്. നല്ല പക്വതയൊക്കെയുള്ള ആളുകളെ പോലെയാണ് പെരുമാറുന്നത്. എന്നാല്‍ ആ കുട്ടിത്തമങ്ങനെ നിലനില്‍ക്കുകയും ചെയ്യും.
സിനിമയില്‍ ആദ്യത്തെ ഷോട്ട് എടുത്ത് കഴിഞ്ഞപ്പോള്‍ തിലകന്‍ ചേട്ടന്‍ എന്നോട് പറഞ്ഞു, ആശാനെ ഈ പടത്തില്‍ ഞാനില്ലാതെ എന്റെ പ്രസന്റ്സില്ലാതെ ഒരു ഷോട്ട് പോലും ഈ കൊച്ചിന്റെ എടുക്കരുതെന്ന്. ഞാന്‍ കാരണം ചോദിച്ചു. ഇതെങ്ങനെയാണ് അഭിനയിക്കുന്നതെന്ന് പറയാന്‍ പറ്റില്ല. അഭിനയത്തില്‍ എന്റെ എതിരാളിയാണ്. അതുകൊണ്ട് ഞാനില്ലാതെ ഈ കുട്ടിയുടെ ഒരു സീന്‍ പോലും എടുക്കരുതെന്ന് തിലകന്‍ ചേട്ടന്‍ പറഞ്ഞു.
ആ വാക്ക് തന്നെങ്കില്‍ മാത്രമെ ഞാന്‍ അഭിനയിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ഷൂട്ടിന്റെ ആദ്യത്തെ ദിവസമാണ് ഇത് നടക്കുന്നത്. ശരിക്കും തിലകന്‍ ചേട്ടന്‍ പറയുമ്പോഴാണ് മഞ്ജുവിന്റെ അഭിനയത്തെ ഞാനും ശ്രദ്ധിക്കുന്നത്. സാധാരണ കാണുന്നത് പോലെയല്ല കഥാപാത്രമായി മാറുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന ഒരു ഗ്ലോയുണ്ട്. ദൈവത്തിന്റെ അനുഗ്രഹമാണത്.
കണ്ണെഴുതി പൊട്ടും തൊട്ടിന്റെ ഷൂട്ടൊക്കെ നടക്കുമ്പോള്‍, മഞ്ജുവിന്റെ പ്രായമൊക്കെ വെച്ച് കാര്യങ്ങളൊക്കെ വളരെ ലളിതമായിട്ടായിരുന്നു പറഞ്ഞ് കൊടുത്തിരുന്നത്. എന്നാല്‍ ഒരിക്കല്‍ മഞ്ജു എന്നോട് പറഞ്ഞു, ചേട്ടാ കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞാല്‍ മാത്രമെ എനിക്ക് മനസിലാവുകയുള്ളുവെന്ന്,’ രാജീവ് കുമാര്‍ പറഞ്ഞു.
content highlight: director rajeev kumar about thilakan and manju warrier