| Thursday, 16th March 2023, 8:33 pm

ചേട്ടാ ഈ സിനിമയില്‍ നഗ്നതയുണ്ടോ? കഥകേട്ട് അന്ന് മഞ്ജു എന്നോട് ഒറ്റ ചോദ്യമേ ചോദിച്ചുള്ളു: രാജീവ് കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഞ്ജു വാര്യര്‍, തിലകന്‍, ബിജു മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി ടി.കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് കണ്ണെഴുതി പൊട്ടും തൊട്ട്. സിനിമയില്‍ ഭദ്ര എന്ന കഥാപാത്രമായിട്ടാണ് മഞ്ജു വാര്യരെത്തിയത്. ചിത്രത്തില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. സിനിമയുടെ കഥ മഞ്ജുവിനോട് പറയാന്‍ പോയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ രാജീവ് കുമാര്‍.

അച്ഛന്റെയും അമ്മയുടെയും കൂടെയിരുന്നാണ് മഞ്ജു കഥകേട്ടതെന്നും പിന്നീട് അവരുടെ മുഖം മാറുന്നത് കണ്ടപ്പോള്‍ പുറത്തിരിക്കാമെന്ന് മഞ്ജു തന്നെ പറഞ്ഞുവെന്നും രാജീവ് കുമാര്‍ പറഞ്ഞു. സിനിമയുടെ കഥ മുഴുവന്‍ കേട്ട് കഴിഞ്ഞപ്പോള്‍ ഈ സിനിമയില്‍ നഗ്നതയുണ്ടോ എന്ന് മഞ്ജു ചോദിച്ചുവെന്നും മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

‘അച്ഛന്റേയും അമ്മയുടേയും മുന്നില്‍ വെച്ചാണ് മഞ്ജു കഥ കേട്ടത്. കഥ പറയുമ്പോള്‍ മഞ്ജുവിന്റെ അച്ഛന്റേയും അമ്മയുടേയും മുഖം മാറുന്നത് ഞാന്‍ ശ്രദ്ധിച്ചു. അവരെന്താണ് പറയാനുദ്ദേശിക്കുന്നത് എന്ന് നേരത്തെ മനസിലാക്കിയ മഞ്ജു നമുക്ക് പുറത്തിരുന്ന് സംസാരിക്കാം എന്ന് പറഞ്ഞ് ഞങ്ങളെ പുറത്തേക്ക് കൊണ്ടുപോയി. കഥ കേട്ട് മഞ്ജു എന്നോട് ഒരു ചോദ്യമേ ചോദിച്ചുള്ളൂ, ‘ ചേട്ടാ ഈ സിനിമയില്‍ നഗ്നത ഉണ്ടോ? ഇല്ല എന്ന് ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ സന്തോഷത്തോടെ ആവേശത്തോടെ മഞ്ജു സിനിമ ചെയ്യാന്‍ സമ്മതം മൂളി.

ആ പ്രായത്തില്‍ ഇത്തരത്തിലൊരു കഥ കേള്‍ക്കുമ്പോള്‍ അത് സമഗ്രമായി പരിശോധിക്കാനുള്ള അപാരമായ ഒരു ഉള്‍ക്കാഴ്ച മഞ്ജുവിനുണ്ട്. അതെന്നെ അത്ഭുതപ്പെടുത്തി. സിനിമയുടെ ഷൂട്ടിങ് തുടങ്ങിയപ്പോള്‍ ഞാന്‍ ഉദ്ദേശിച്ചതിനേക്കാള്‍ എത്രയോ മടങ്ങായാണ് മഞ്ജു കഥാപാത്രത്തെ തിരിച്ചുതന്നത്.

അഭിനയിക്കാന്‍ വരുമ്പോള്‍ ഒരു കാര്യം മാത്രമേ മഞ്ജു ആവശ്യപ്പെട്ടിട്ടുള്ളൂ. സീന്‍ വിവരിക്കുമ്പോള്‍ വിശദമായി പറഞ്ഞുകൊടുക്കണം. എന്റെ മനസിലെന്താണോ ഉള്ളത്. അത് കൃത്യമായി വായിച്ചെടുക്കാന്‍ മഞ്ജുവിന് സാധിച്ചു. പലപ്പോഴും ഞാന്‍ കട്ട് പറയാന്‍ വരെ മറന്നുപോയി,’ രാജീവ് കുമാര്‍ പറഞ്ഞു.

ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത ആയിഷയാണ് മഞ്ജുവിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ആയിഷ നിലമ്പൂരിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട സിനിമക്ക് തിയേറ്ററില്‍ നിന്നും മികച്ച പ്രതികരകണമാണ് ലഭിച്ചത്.

CONTENT HIGHLIGHT: DIRECTOR RAJEEV KUMAR ABOUT MANJU WARRIER

We use cookies to give you the best possible experience. Learn more