| Tuesday, 14th March 2023, 7:15 pm

മമ്മൂട്ടി സാറാണ് ആ സിനിമയിലേക്ക് എന്നെ സജസ്റ്റ് ചെയ്തത്; ഇങ്ങനെയൊക്കെ മലയാളത്തില്‍ മാത്രമേ സംഭവിക്കൂ: രാജീവ് കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഡെന്നീസ് ജോസഫിന്റെ നിര്‍മാണത്തില്‍ മമ്മൂട്ടിയെ നായകനാക്കി ടി.കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു മഹാനഗരം. ആ സിനിമ എങ്ങനെയാണ് സംഭവിച്ചത് എന്ന് പറയുകയാണ് സംവിധായകന്‍ രാജീവ് കുമാര്‍. മമ്മൂട്ടിയാണ് മഹാനഗരത്തിലേക്ക് തന്നെ സജസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞ ബജറ്റില്‍ സിനിമ നിര്‍മിക്കാന്‍ തനിക്ക് കഴിയുമെന്ന് മമ്മൂട്ടിക്ക് തോന്നിയതുകൊണ്ടാകാം തന്നെ ഏല്‍പ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സിനിമയുടെ ഷൂട്ടിങ് വിശേഷങ്ങളും അദ്ദേഹം പങ്കുവെച്ചു. മമ്മൂട്ടിക്ക് 16 ദിവസം മാത്രമായിരുന്നു ഡേറ്റുണ്ടായിരുന്നതെന്നും അതുകൊണ്ട് തന്നെ ഒരുപാട് കഷ്ടപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സെറ്റില്‍ വെച്ചായിരുന്നു സ്‌ക്രിപ്റ്റ് എഴുതിയിരുന്നതെന്നും മലയാളത്തില്‍ മാത്രമെ ഇങ്ങനെയൊക്കെ സംഭവിക്കൂ എന്നും കാന്‍ ചാനല്‍ മീഡിയയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

‘മഹാനഗരം സിനിമ വേറെ ആരെങ്കിലും ചെയ്യാനിരുന്നതാണോ എന്ന് എനിക്കറിയില്ല. ജോര്‍ജ് സാര്‍ ആദ്യം എന്റെയടുത്ത് വരുന്നത് മമ്മൂട്ടി സാര്‍ പറഞ്ഞിട്ടാണെന്നാണ് ഞാന്‍ കരുതുന്നത്. ഹെന്റി എന്ന നിര്‍മാതാവിന്റെ ഭരതേട്ടന്‍ ചെയ്തുകൊണ്ടിരുന്ന ഒരു സിനിമയുണ്ടായിരുന്നു. അതിന്റെ സംവിധാന ചുമതലയില്‍ നിന്നും ഭരതേട്ടന്‍ മാറി. ആ സിനിമയുടെ ഭാഗമായിട്ടാണ് ഞാന്‍ ജോര്‍ജ് സാറുമായി ആദ്യമായിട്ട് സംസാരിക്കുന്നത്.

അങ്ങനെ ഞാന്‍ മമ്മൂട്ടി സാറുമായി സിനിമയുടെ കാര്യം സംസാരിച്ചു. ആ സിനിമയിലേക്ക് ഡെന്നീസ് ജോസഫ് വരുന്നു. ഡെന്നീസിന് വേണ്ടി ഒരു സിനിമ ചെയ്യണമെന്നാണ് മമ്മൂട്ടി സാര്‍ എന്നോട് പറഞ്ഞത്. ഞാന്‍ ആകുമ്പോള്‍ ചെറിയ ബജറ്റില്‍ സിനിമ തീര്‍ക്കുമെന്ന് അറിയാവുന്നത് കൊണ്ടാകും അദ്ദേഹം എന്നെ തന്നെ സജസ്റ്റ് ചെയ്തത്.

അങ്ങനെ ഡെന്നീസിനോട് എന്റെ കയ്യിലുള്ള ഒരു എലമെന്റ് ഞാന്‍ പറഞ്ഞു. അങ്ങനെയുണ്ടായ ഒരു സിനിമയാണ് മഹാനഗരം. പക്ഷെ ആ സിനിമ എങ്ങനെയാണ് ഞാനൊക്കെ ചെയ്തതെന്ന് ഇപ്പോള്‍ ഞാന്‍ ആലോചിക്കാറുണ്ട്. വളരെ കുറഞ്ഞ സമയം കൊണ്ടാണ് ആ സിനിമ ചെയ്തത്. മമ്മൂട്ടി സാറിന് അന്ന് ഏതാണ്ട് 16 ദിവസം മാത്രമായിരുന്നു ഉണ്ടായിരുന്നത്.

സ്‌ക്രിപ്റ്റ് സെറ്റില്‍ വെച്ചാണ് എഴുതുന്നത്. ശരിക്കും പറഞ്ഞാല്‍ അത്ഭുതകരമായ ഷൂട്ടിങ്ങായിരുന്നു. മലയാള സിനിമയില്‍ മാത്രം സംഭവിക്കാന്‍ സാധ്യതയുള്ള ഒന്നായിരുന്നു അത്. സിനിമയുടെ ഷൂട്ടിന്റെ ഭാഗമായി ഒരുപാട് സ്ട്രസുണ്ടായിരുന്നെങ്കിലും അത് നമ്മള്‍ അറിഞ്ഞിട്ടുണ്ടായിരുന്നില്ല,’ രാജീവ് കുമാര്‍ പറഞ്ഞു.

content highlight: director rajeev kumar about mammootty and mahanagaram movie

We use cookies to give you the best possible experience. Learn more