രാജസേനന്‍ സംവിധാനം ചെയ്ത് 1991ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കടിഞ്ഞൂല്‍ കല്യാണം. ജയറാം നായകനായ ഈ സിനിമയില്‍ ഉര്‍വശി, ഇന്നസെന്റ്, കെ.പി.എ.സി ലളിത, ജഗതി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, മാമുക്കോയ, കുതിരവട്ടം പപ്പു, ജഗദീഷ് തുടങ്ങിയ മികച്ച താരനിരയായിരുന്നു ഒന്നിച്ചത്.
രാജസേനനും ജയറാമും ആദ്യമായി ഒന്നിച്ച ചിത്രം കൂടെയായിരുന്നു കടിഞ്ഞൂല്‍ കല്യാണം. അതിന് ശേഷം ഇരുവരും ഒന്നിച്ച് വന്ന സിനിമകളൊക്കെ വലിയ ഹിറ്റായിരുന്നു. കടിഞ്ഞൂല്‍ കല്യാണം സിനിമയുടെ സമയത്ത് ജയറാമിനെ വെച്ച് ഒരു സിനിമ ചെയ്യാമെന്ന് പറയുമ്പോള്‍ പലരും പിന്മാറുമായിരുന്നുവെന്ന് പറയുകയാണ് സംവിധായകന്‍ രാജസേനന്‍.
ആ സമയത്ത് താനും ജയറാമും ഒന്നുമല്ലാതെ ഇരിക്കുകയായിരുന്നുവെന്നും എന്നിട്ടും തങ്ങള്‍ രണ്ടുപേരും ഒരുമിച്ച് കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഒരു സിനിമയായിരുന്നു അതെന്നും രാജസേനന്‍ പറഞ്ഞു. ഒരു നിര്‍മാതാവിനെ കിട്ടാനായി ജയറാം ഒരുപാട് ശ്രമിച്ചിരുന്നെന്നും സംവിധായകന്‍ പറയുന്നു. മാസ്റ്റര്‍ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കടിഞ്ഞൂല്‍ കല്യാണം എന്ന സിനിമയുടെ സമയത്ത് ജയറാമിനെ വെച്ച് ഒരു സിനിമ ചെയ്യാമെന്ന് പറയുമ്പോള്‍ പലരും പിന്മാറുമായിരുന്നു. ആ കാലഘട്ടത്തില്‍ ഞാനും ജയറാമും ഒന്നുമല്ലാതെ ഇരിക്കുകയായിരുന്നു. എന്നിട്ടും ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച് കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഒരു സിനിമയായിരുന്നു കടിഞ്ഞൂല്‍ കല്യാണം.
ആ സിനിമക്ക് വേണ്ടി ജയറാം ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഒരു നിര്‍മാതാവിനെ കിട്ടാനായി അദ്ദേഹവും ഒരുപാട് ശ്രമിച്ചിരുന്നു. പറ്റുന്നയിടത്തോളം ശ്രമിച്ചു. സ്‌ക്രിപ്റ്റിന്റെ സമയത്ത് പുള്ളി കുറച്ച് പൈസയൊക്കെ തന്നിരുന്നു. കടിഞ്ഞൂല്‍ കല്യാണം എന്ന സിനിമയുടെ സമയത്ത് ജയറാം എന്നോട് കാണിച്ച സ്‌നേഹത്തിന്റെ നന്ദിയാണ് പിന്നീട് ചെയ്ത 15 സിനിമകളിലൂടെ ഞാന്‍ അദ്ദേഹത്തിന് കൊടുത്തത്.
അത്രയും വലിയ സമ്മാനമാണ് എനിക്ക് അദ്ദേഹത്തിന് തിരികെ കൊടുക്കാനായത്. കടിഞ്ഞൂല്‍ കല്യാണം കഴിഞ്ഞിട്ട് അയലത്തെ അദ്ദേഹം മുതല്‍ കനകസിംഹാസനം വരെയുള്ള സിനിമകളില്‍ ഒന്നോ രണ്ടോ സിനിമകള്‍ മാത്രമാണ് ആവറേജായി പോയത്. ബാക്കിയെല്ലാം നൂറ് ദിവസവും 120 ദിവസവും 150 ദിവസവും ഓടിയ സിനിമകളാണ്,’ രാജസേനന്‍ പറഞ്ഞു.
Content Highlight: Director Rajasenan Talks About Jayaram And Kadinjool Kalyanam Movie