| Friday, 2nd December 2022, 7:57 am

ജയറാമിനൊപ്പം നായകനാവാന്‍ മുകേഷിന് ഡിമാന്‍ഡുകള്‍, അംഗീകരിക്കാന്‍ കഴിഞ്ഞില്ല: രാജസേനന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1994ല്‍ രാജസേനന്‍ സംവിധാനം ചെയ്ത മലയാള ചിത്രമാണ് സി.ഐ.ഡി ഉണ്ണികൃഷ്ണന്‍ ബി.എ. ബി.എഡ്. ജയറാം, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, ജഗതി എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ മണിയന്‍പിള്ള രാജുവിന്റെ റോളിലേക്ക് ആദ്യം കാസ്റ്റ് ചെയ്തത് മുകേഷിനെ ആയിരുന്നുവെന്ന് പറയുകയാണ് സംവിധായകന്‍ രാജസേനന്‍.

മുകേഷ് ചില ആവശ്യങ്ങള്‍ ഉന്നയിച്ചതിന്റെ ഭാഗമായി അവ അംഗീകരിക്കാന്‍ കഴിയാത്തതിനാലാണ് മണിയന്‍പിള്ള രാജുവിനെ കാസ്റ്റ് ചെയ്തതെന്നും രാജസേനന്‍ പറഞ്ഞു. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാജസേനന്‍ ഇക്കാര്യം പറഞ്ഞത്.

”മേലേപ്പറമ്പില്‍ ആണ്‍വീട് കഴിഞ്ഞ ശേഷം ഇനി ഏത് തരം സിനിമ ചെയ്യണം എന്നതായിരുന്നു എന്റെയും ജയറാമിന്റെയും ആലോചന. കാരണം അത്ര വലിയ വിജയമായ സിനിമ ആയിരുന്നു മേലേപ്പറമ്പില്‍ ആണ്‍വീട്. അതുകൊണ്ട് അടുത്ത സിനിമ പരാജയമാകരുതെന്ന് എനിക്ക് ഉണ്ടായിരുന്നു.

ജയറാമും ചില കഥകള്‍ നോക്കുന്നുണ്ടായിരുന്നു. അങ്ങനെ അയലത്തെ അദ്ദേഹം എഴുതിയ ശശിയെ വിളിച്ചു സംസാരിച്ചു. വ്യത്യസ്തമായ കഥകള്‍ വല്ലതും ഉണ്ടോയെന്ന് ചോദിച്ചു.

അപ്പോഴാണ് മൂന്ന് ചെറുപ്പക്കാര്‍ സി.ഐ.ഡി ആവാന്‍ നടക്കുന്ന കഥ കേള്‍ക്കുന്നത്. അതില്‍ ഒരാള്‍ ബി.എഡ് കാരനാണ്. അയാളുടെ മനസ്സില്‍ സി.ഐ.ഡി ആവുന്നതാണ് ആഗ്രഹം അതുകൊണ്ട് അധ്യാപകനായി ജോലി കിട്ടിയാല്‍ പോകില്ല. ഇത് കേട്ടപ്പോള്‍ എനിക്ക് പുതിയത് ആണെന്ന് തോന്നി. നമുക്ക് ആലോചിക്കാവുന്നത് ആണെന്ന് പറഞ്ഞു.

ശശിയോട് അത് ഡെവലപ് ചെയ്യാമെന്ന് പറഞ്ഞിട്ട് ഞാന്‍ ജയറാമിനെ വിളിച്ചു പറഞ്ഞു. ജയറാമും പറഞ്ഞു ഇത് കൊള്ളാമെന്ന്. അങ്ങനെ ഞങ്ങള്‍ ഇരുന്ന് ഡിസ്‌കസ് ചെയ്ത് കഥ ഡെവലപ് ആയി. ആദ്യം തന്നെ സിനിമയ്ക്ക് പേര് ഇട്ടു സി.ഐ.ഡി ഉണ്ണികൃഷ്ണന്‍ ബി.എ. ബി.എഡ്. ഒരു സോഫ്റ്റ് പേര് തന്നെ ടൈറ്റിലാക്കി. അതില്‍ നിന്ന് തുടങ്ങിയ ചര്‍ച്ച കഥയായി സിനിമ 101 ദിവസം തിയേറ്ററുകളില്‍ ഓടി.

പിന്നീടത്തെ കാര്യം ഇതിന്റെ കാസ്റ്റിങ് ആയിരുന്നു. മൂന്ന് ഹീറോയാണ് ചിത്രത്തില്‍ ഉള്ളത്. മൂന്ന് ഹീറോസിലേക്ക് പോകാതെ ഹ്യൂമര്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഗ്ലാമറസ് ആയവരെ ചിന്തിച്ചു. ആദ്യത്തെ ആള്‍ ജയറാം തന്നെ. പിന്നെ ഉമ്മച്ചന്‍ എന്ന റോളിലേക്ക് ജഗതി ചേട്ടനെ ആലോചിച്ചു. അതിന് മറ്റൊരാളും പറ്റില്ല.

അടുത്തത് ആയിരുന്നു കണ്‍ഫ്യുഷന്‍. ആദ്യം മുകേഷിനെ വെച്ച് ആലോചിച്ചു. അപ്പോള്‍ മൂന്ന് ഹീറോയെന്ന് പറഞ്ഞപ്പോള്‍ മുകേഷിന് ചില പ്രശ്‌നങ്ങള്‍ വന്നു. മുകേഷ് അന്ന് കത്തി നില്‍ക്കുന്ന സമയമാണ്. ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ സ്വാഭാവികമാണ്. മുകേഷ് ഒന്ന് രണ്ട് കണ്ടീഷന്‍സ് പറഞ്ഞു. അത് അംഗീകരിക്കാന്‍ പറ്റാത്തത് കൊണ്ട് വേറെയാളെ നോക്കി. അപ്പോള്‍ എന്റെ മനസിലേക്ക് വന്നതാണ് മണിയന്‍പിള്ള രാജു.

കഥ കേട്ടപ്പോള്‍ തന്നെ മണിയന്‍പിള്ള രാജു പറഞ്ഞു സൂപ്പര്‍ സംഭവം ആണെന്ന്. അതിലെ ഇന്ദ്രന്‍സിന്റെ റോള്‍ ഗംഭീരമാണെന്ന്. സിനിമ ചെയ്യാം. യാതൊരു ഡിമാന്‍ഡ്സും ഇല്ലെന്ന് പറഞ്ഞു. അങ്ങനെയാണ് മൂന്ന് ഹീറോസായി ജയറാമിനെയും ജഗതി ശ്രീകുമാറിനെയും മണിയന്‍പിള്ള രാജുവിനെയും കാസ്റ്റ് ചെയ്യുന്നത്.

അന്ന് സ്‌ക്രിപ്റ്റ് വായിച്ചിട്ട് മണിയന്‍പിള്ള രാജു പറഞ്ഞത്, ഇതില്‍ ഏത് റോള്‍ വേണമെന്ന് ചോദിച്ചാല്‍ ഇന്ദ്രന്‍സിന്റെ റോളേ പറയൂ എന്നാണ്. കാരണം അതായിരുന്നു അതിലെ ഏറ്റവും മികച്ച വേഷം. ഇന്ദ്രന്‍സിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവും സി.ഐ.ഡി ഉണ്ണികൃഷ്ണനാണ്,” രാജസേനന്‍ പറഞ്ഞു.

content highlight: director rajasenan says that Mukesh’s demands to star alongside Jayaram, could not be accepted

Latest Stories

We use cookies to give you the best possible experience. Learn more