ഞാനൊരു കറകളഞ്ഞ ബി.ജെ.പിക്കാരനാണ്, ആര്‍.എസ്.എസിനെ മനസില്‍വെച്ച് പൂജിക്കുന്ന സംഘി: വര്‍ഗീയവാദിയാക്കി മുദ്രകുത്താന്‍ ശ്രമിക്കേണ്ട: രാജസേസന്‍
Kerala News
ഞാനൊരു കറകളഞ്ഞ ബി.ജെ.പിക്കാരനാണ്, ആര്‍.എസ്.എസിനെ മനസില്‍വെച്ച് പൂജിക്കുന്ന സംഘി: വര്‍ഗീയവാദിയാക്കി മുദ്രകുത്താന്‍ ശ്രമിക്കേണ്ട: രാജസേസന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th May 2018, 3:53 pm

കൊച്ചി: ദേശീയപുരസ്‌കാരം നിഷേധിച്ചവരെ എതിര്‍ത്തുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിന് ലഭിച്ച പ്രതികരണത്തിന് മറുപടിയുമായി സംവിധായകന്‍ രാജസേനന്‍.

തന്റെ നിലപാടുകളോട് എതിര്‍ത്തവരും അനുകൂലിച്ചവരും ഉണ്ടെന്നും അതില്‍ ആരോഗ്യകരമല്ലാത്ത കാര്യങ്ങളും അക്കൂട്ടത്തില്‍ ചിലര്‍ പറഞ്ഞവരുണ്ടെന്നും രാജസേസന്‍ പറയുന്നു.


Dont Miss ദേശീയപുരസ്‌കാരം വേണ്ടെന്ന് വെച്ചത് രാഷ്ട്രീയപരമായ മുതലെടുപ്പിന്; പൊതുജനത്തെ കഴുതകളാക്കിയെന്നും സംവിധായകന്‍ രാജസേനന്‍


“”ഫഹദ് ഫാസില്‍ അവാര്‍ഡ് നിഷേധിച്ചതുകൊണ്ടാണ് ഞാന്‍ പ്രതികരിച്ചത് എന്നാണ് ചിലര്‍ പറഞ്ഞത്. അങ്ങനെയല്ല. നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ അതില്‍ മുസ്‌ലീമായ ഫഹദ് ഫാസിലുണ്ട്, അല്ലാത്ത ഹിന്ദുക്കളായിട്ടുള്ളവരും ക്രിസ്ത്യാനിയായിട്ടുള്ളവരും ഉണ്ട്. അതുകൊണ്ട് അതിനെ അങ്ങനെ കാണേണ്ടതില്ല. മാത്രമല്ല എന്റെ ഇഷ്ടനടന്‍ ഫഹദ് ഫാസിലാണ്. അയാളെ അത്രയ്ക്ക് ഇഷ്ടമാണ്.

ഓര്‍മ്മവെച്ച നാള്‍ മുതല്‍ ഞാന്‍ ആരാധിക്കുന്ന രണ്ട് പേരാണ് പ്രേംനസീറും ദാസേട്ടനും. ഇരുവരേയും എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ്. എന്നുവെച്ച് സെല്‍ഫിയെടുത്ത ആളുടെ മൊബൈല്‍ പിടിച്ചുവാങ്ങി അത് ഡിലീറ്റ് ചെയ്ത ദാസേട്ടന്റെ നടപടിയോടൊന്നും ഞാന്‍ യോജിക്കുന്നുമില്ല. ഇവര്‍ രണ്ടും ഹിന്ദുക്കളല്ല. ഞാന്‍ അവരെ ആരാധിക്കുന്നു.

ഏത് കാര്യത്തിലും രാഷ്ട്രീയവും മതവും കാണുന്ന ആളാണ് ഞാനെങ്കില്‍ ഞാനൊരു കമ്യൂണിസ്റ്റുകാരനോ കോണ്‍ഗ്രസുകാരനോ ആവണമായിരുന്നു. എന്നാല്‍ ഇതുരണ്ടുമല്ല. ഞാനൊരു കറകളഞ്ഞ ബി.ജെ.പിക്കാരനാണ്. ആര്‍.എസ്.എസിനെ മനസില്‍വെച്ച് പൂജിക്കുന്ന സംഘി. നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ സംഘി. അതുകൊണ്ട് എന്നെ അങ്ങനെ അങ്ങ് തരംതാഴ്ത്താന്‍ ശ്രമം വേണ്ട.

ട്രോള്‍ ചെയ്യുമ്പോള്‍ ആരോഗ്യകരമായി ട്രോള്‍ ചെയ്യണം. എന്നെ ഒരു വര്‍ഗീയവാദിയാക്കി മുദ്രകുത്താനൊന്നും നിങ്ങള്‍ നോക്കേണ്ട. കേരളത്തില്‍ അതിനേക്കാള്‍ വലിയ കാര്യങ്ങള്‍ മലയാളികള്‍ ചിന്തിച്ചുകൊണ്ടിരിക്കുന്ന സമയമാണ് ഇത്. പൊള്ളയായ കപടതകള്‍ മലയാളികളുടെ ഇടയില്‍ ഇനി വിലപ്പോവില്ല. “”- രാജസേനന്‍ പറയുന്നു.