ബി.ജെ.പിയില്‍ കലാകാരന്മാര്‍ക്ക് വേണ്ടതുപോലെ പ്രാതിനിധ്യം കിട്ടുന്നില്ലെന്ന് സംവിധായകന്‍ രാജസേനന്‍. ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ തമാശ രൂപേണയുള്ള പ്രമേയം സിനിമയാക്കാനുള്ള ആശയം താന്‍ അവതരിപ്പിച്ചിരുന്നുവെന്നും എന്നാല്‍ അതൊന്നും പരിഗണിച്ചില്ലെന്നും മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ രാജസേനന്‍ പറഞ്ഞു.
‘ബി.ജെ.പിയില്‍ കലാകാരന് പൊതുവേ പ്രാതിനിധ്യം കിട്ടുന്നില്ല. ഒരുപാട് ആശയങ്ങള്‍ സംസ്ഥാന നേതൃത്വവുമായി പങ്കുവെച്ചിട്ടുണ്ട്, സിനിമകള്‍ പോലും. ശബരിമല പ്രശ്‌നം വന്ന സമയത്ത് സ്ത്രീകളെ ശബരിമലയില്‍ കയറ്റുന്ന ആശയത്തോട് യോജിക്കാത്ത രീതിയില്‍ നല്ല ഹ്യൂമറുള്ള തമാശ രൂപേണ അവതരിപ്പിക്കാനുള്ള പ്രമേയങ്ങള്‍ ഞാന്‍ കൊണ്ടുവന്നതാണ്, ആശയങ്ങള്‍ പങ്കുവെച്ചതാണ്. അതൊന്നും അങ്ങോട്ട് എടുത്തില്ല. ഒന്നും അങ്ങോട്ട് സ്വീകരിക്കുന്ന അവസ്ഥയില്ല.
സംഘകലാ വേദി എന്നൊരു സംഘടന ഉണ്ട്. ബി.ജെ.പിയുടെ കീഴിലുള്ള സ്‌റ്റേജ് ആര്‍ടിസ്റ്റുകളുടെ സംഘടനയാണ്. കേരളം മുഴുവന്‍ ഒരുപാട് അംഗങ്ങളുണ്ട്. അതില്‍ നല്ല എഴുത്തുകാരുണ്ട്. അവരെക്കൊണ്ട് സ്‌കിറ്റ് ഒക്കെ എഴുതിച്ചിരുന്നു. ഒന്നും പരിഗണിക്കുന്നില്ല.
നന്നായി പാടുന്നവരുണ്ട്. അവരെ ഒന്നും ഒരു വന്ദേ മാതരം പാടാന്‍ പോലും വിളിക്കില്ല. സംഘകലാ വേദി ഉണ്ടാക്കാന്‍ എന്റെ കയ്യില്‍ നിന്നൊക്കെ അത്യാവശ്യം പൈസ ഒക്കെ ഇറങ്ങിയിട്ടുണ്ട്. എന്നിട്ടും ശക്തമായി അതിനെ മുന്നോട്ട് കൊണ്ടുപോയി. കലാകാരന്മാരുടെ പിന്തുണ പാര്‍ട്ടിക്ക് കിട്ടാന് വേണ്ടിയാണ് അത് കൊണ്ടുവന്നത്.
സി.പി.ഐ.എം ഒക്കെ എങ്ങനെയാണ് വളര്‍ന്നത് എന്ന് വളരെ വ്യക്തമായി നമുക്ക് അറിയാം. സാമ്പശിവന്റെ കഥാപ്രസംഗത്തിലൊക്കെ അദ്ദേഹം മനോഹരമായി രാഷ്ട്രീയം പറയുമ്പോള്‍ കേള്‍ക്കുന്നവര്‍ക്കും അതില്‍ താല്‍പര്യം ഉണ്ടാവും. അദ്ദേഹം തീവ്ര മാര്‍ക്‌സിസ്റ്റുകാരനായിരുന്നു. എത്ര മനോഹരമായാണ് അദ്ദേഹം അത് ആള്‍ക്കാരെ പറഞ്ഞുമനസിലാക്കിയിരുന്നത്. ഇതെല്ലാം പാര്‍ട്ടിക്ക് ഗുണം ചെയ്ത കാര്യങ്ങളാണ്. ഞാന്‍ ഇതെല്ലാം ബി.ജെ.പി നേതൃത്വത്തോട് പറയാറുണ്ടായിരുന്നു. അവിടെ അതൊന്നും ദഹിക്കില്ല.
കുമ്മനം രാജശേഖരനും ശ്രീധരന്‍ പിള്ളയുമെല്ലാം ഈ കാര്യത്തില്‍ ഒരുപോലെയാണ്. ആരെയും വ്യത്യസ്തം എന്ന് പറയാന്‍ പറ്റില്ല. സുരേന്ദ്രനോട് അധികം പറഞ്ഞിട്ടില്ല. ആദ്യം പറഞ്ഞപ്പോള്‍ കിട്ടിയ റിയാക്ഷന്‍ വെച്ച് ഇനി പറഞ്ഞിട്ട് കാര്യമില്ല എന്ന് തോന്നി,’ രാജസേനന്‍ പറഞ്ഞു.
Content Highlight: Director Rajasenan said that artists are not getting adequate representation in the BJP