സംവിധായകന്‍ രാജസേനന്‍ ബി.ജെ.പി വിടുന്നു; ഇനി ചെങ്കൊടി പിടിക്കും
തിരുവനന്തപുരം: പ്രശസ്ത മലയാള സംവിധായകനും ബി.ജെ.പി പ്രവര്‍ത്തകനുമായ രാജസേനന്‍ സി.പി.ഐ.എമ്മില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. രാജസേനന്‍ ഇന്ന് തിരുവനന്തപുരത്തെ എ.കെ.ജി സെന്ററിലെത്തി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമായി ചര്‍ച്ച നടത്തിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് തന്നെ അദ്ദേഹം സി.പി.ഐ.എം അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്നു രാജസേനന്‍.
ബി.ജെ.പി സംസ്ഥാന നേതൃത്വം തന്നെ അവഗണിച്ചെന്ന് ആരോപിച്ചാണ് പാര്‍ട്ടി വിടുന്നതെന്നാണ് അദ്ദേഹം നല്‍കുന്ന വിശദീകരണം. കലാകാരന്‍ എന്ന നിലയിലും പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയിലും തനിക്ക് ബി.ജെ.പിയില്‍ പരിഗണന കിട്ടിയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘ഒടുവില്‍ സി.പി.ഐ.എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കലാകാരന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്ന പാര്‍ട്ടി സി.പി.ഐ.എമ്മാണ്.
ബിജെപിയുടെ സംസ്ഥാന ഘടകത്തില്‍ ഏറെ പോരായ്മകളുണ്ട്. അവഗണന ആവര്‍ത്തിക്കപ്പെട്ടതോടെ ആണ് രാജി. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗത്വം ഇന്ന് രാജിവെക്കും,’ രാജസേനന്‍ പറഞ്ഞു.
Content Highlights: director rajasenan leaves bjp, joins cpim