ഞാന്‍ ഫോണ്‍ വിളിക്കുന്നത് പോലും പുള്ളിക്ക് ബുദ്ധിമുട്ടായിത്തുടങ്ങി: പല ചര്‍ച്ചകളില്‍ നിന്നും എന്റെ പേര് മനപൂര്‍വം ഒഴിവാക്കി; താരവുമായുള്ള അകല്‍ച്ചയെക്കുറിച്ച് രാജസേനന്‍
Entertainment news
ഞാന്‍ ഫോണ്‍ വിളിക്കുന്നത് പോലും പുള്ളിക്ക് ബുദ്ധിമുട്ടായിത്തുടങ്ങി: പല ചര്‍ച്ചകളില്‍ നിന്നും എന്റെ പേര് മനപൂര്‍വം ഒഴിവാക്കി; താരവുമായുള്ള അകല്‍ച്ചയെക്കുറിച്ച് രാജസേനന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 21st March 2022, 12:38 pm

നടന്‍ ജയറാമുമായുള്ള സൗഹൃദം തകര്‍ന്നതിനെക്കുറിച്ച് തുറന്ന് സംസാരിച്ച് സംവിധായകന്‍ രാജസേനന്‍. 16 സിനിമകളില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്ത തങ്ങള്‍ ഇപ്പോള്‍ ഫോണില്‍ പോലും സംസാരിക്കാറില്ലെന്നും എന്നാല്‍ അതിന്റെ കാരണം തനിക്കറിയില്ലെന്നുമാണ് കൗമുദിന് മൂവീസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ രാജസേനന്‍ പറയുന്നത്.

”എന്തുകൊണ്ടാണ് അകന്നതെന്ന് എനിക്കും പുള്ളിക്കും അറിയില്ല. വഴക്കില്ലാതെ തനിയെ അകന്ന് പോയതാണ്. എന്നില്‍ നിന്നും നടന്ന് പോയ വ്യക്തിയാണ് ജയറാം.

നമ്മള്‍ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരെ വിളിക്കുന്നത് എന്തെങ്കിലും ആഗ്രഹിച്ച് കൊണ്ടല്ലല്ലോ. എന്നാല്‍ ഒരു കാലം കഴിഞ്ഞ് ഞാന്‍ ജയറാമിനെ വിളിക്കുമ്പോള്‍, ഡേറ്റിന് വിളിക്കുന്നത് പോലെയാണ് പുള്ളി പ്രതികരിക്കുന്നത്.

സംസാരിച്ച് ഒരു മിനിട്ട് തികയുന്നതിന് മുമ്പെ, ഞാന്‍ ഷോട്ടിലാണ്, തിരക്കിലാണ് തിരിച്ചു വിളിക്കാം, എന്ന് പറഞ്ഞ് എന്റെ കോള്‍ കട്ട് ചെയ്യും.

എന്റെ ഫോണ്‍ കോള്‍ പുള്ളിക്ക് ബുദ്ധിമുട്ടാകുന്നതായും ഞാന്‍ ഡേറ്റ് ചോദിച്ച് വിളിക്കുന്നതായി പുള്ളി തെറ്റിദ്ധരിച്ചതാണോ എന്നും എനിക്ക് തോന്നി. പല പ്രാവശ്യമായപ്പോള്‍ ഇത് തോന്നലല്ല എന്ന് എനിക്ക് മനസിലായി.

വഴക്കോ, ആശയക്കുഴപ്പമോ, സാമ്പത്തിക ഇടപാടുകളോ രണ്ട് പേര്‍ക്കുമിടിയില്‍ ഉണ്ടായിട്ടില്ല.

12-13 വര്‍ഷത്തോളം ഞങ്ങള്‍ തമ്മില്‍ കാണാതിരുന്ന മാസങ്ങളോ ദിവസങ്ങളോ ഇല്ലായിരുന്നു. ഇനി കണ്ടില്ലെങ്കില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ ഫോണിലെങ്കിലും ഒന്നോ രണ്ടോ മണിക്കൂര്‍ സംസാരിക്കും. ആ ആള് പിന്നെ എവിടെ പോയെന്ന് എനിക്കറിയില്ല.

എന്താണ് പ്രശ്‌നമെന്ന് നേരിട്ട് പറയാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ചാനലിലൂടെ പറയാം. എന്നാല്‍ വളരെ ബോധപൂര്‍വം ചര്‍ച്ചകളില്‍ നിന്നും എന്റെ പേര് ഒഴിവാക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്.

പത്മരാജനിലൂടെയാണ് സിനിമയില്‍ വന്നതെങ്കിലും രാജസേനന്റെ സിനിമകളാണല്ലോ ജയറാമിനെ ഇത്രയും ഉയരത്തിലെത്തിച്ചത്, എന്ന ചോദ്യം ഒരുവിധം എല്ലാ അഭിമുഖങ്ങളിലും ജയറാമിനോട് ചോദിക്കുന്നതാണ്. പക്ഷെ അവിടെ ബ്രില്യന്റായി ഊരി വരും.

എന്നെക്കുറിച്ചുള്ള ചര്‍ച്ച അവിടെ അവസാനിപ്പിച്ച് എനിക്ക് പകരം മറ്റ് സംവിധായകരുടെ പേര് പ്രതിഷ്ഠിക്കും.

ഇത് കാണുമ്പോള്‍ എനിക്ക് ചിരിയാണ് വരുന്നത്. ഇങ്ങനെ പറയുമ്പോള്‍ കിട്ടുന്ന സുഖമെന്താണ് എന്നാണ് എനിക്ക് അദ്ദേഹത്തോട് ചോദിക്കാനുള്ളത്,” രാജസേനന്‍ പറഞ്ഞു.

കടിഞ്ഞൂല്‍ കല്യാണം, അയലത്തെ അദ്ദേഹം, മേലേപറമ്പില്‍ ആണ്‍വീട്, സി.ഐ.ഡി ഉണ്ണികൃഷ്ണന്‍, അനിയന്‍ ബാവ ചേട്ടന്‍ ബാവ, കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍, ആദ്യത്തെ കണ്‍മണി, ഞങ്ങള്‍ സന്തുഷ്ടരാണ് എന്നീ ഹിറ്റുകളുള്‍പ്പെടെ
16 സിനിമകളാണ് രാജസേനന്‍- ജയറാം കൂട്ടുകെട്ടില്‍ പിറന്നത്.


Content Highlight: Director Rajasenan about the friendship and conflict with Jayaram