തീവ്ര നിലപാടുകാരോട് വെറുപ്പാണ്, അത് ബി.ജെ.പി ആണെങ്കിലും മുസ്‌ലിം ലീഗാണെങ്കിലും: രാജമൗലി
Film News
തീവ്ര നിലപാടുകാരോട് വെറുപ്പാണ്, അത് ബി.ജെ.പി ആണെങ്കിലും മുസ്‌ലിം ലീഗാണെങ്കിലും: രാജമൗലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 20th February 2023, 1:07 pm

ബി.ജെ.പിയെ പിന്തുണക്കുന്നു എന്ന ആരോപണങ്ങളോട് പ്രതികരിച്ച് സംവിധായകന്‍ എസ്.എസ്. രാജമൗലി. ബി.ജെ.പി അജണ്ടക്കനുസരിച്ചുള്ള ചിത്രങ്ങള്‍ താന്‍ നിര്‍മിക്കാറില്ലെന്നും തീവ്ര ഗ്രൂപ്പുകളില്‍ നിന്നും അകന്നു നില്‍ക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നും രാജമൗലി പറഞ്ഞു. താന്‍ ബി.ജെ.പിക്കാരനാണെന്നോ അല്ലെന്നോ ആളുകള്‍ക്ക് പറയാമെന്നും എന്നാല്‍ തനിക്ക് തീവ്ര നിലപാടുകാരോട് വെറുപ്പാണെന്നും ദി ന്യൂ യോര്‍ക്കറിന് നല്‍കിയ അഭിമുഖത്തില്‍ രാജമൗലി പറഞ്ഞു.

‘ബി.ജെ.പി അജണ്ടയുള്ള സിനിമ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് എന്നെ ആരും സമീപിച്ചിട്ടില്ല. ഹിന്ദുത്വ അജണ്ടയില്‍ നിന്നും സ്യൂഡോ ലിബറല്‍ അജണ്ടയില്‍ നിന്നും അകന്നുനില്‍ക്കാറുണ്ട്. തീവ്ര ഗ്രൂപ്പുകളില്‍ നിന്നുള്ളവരും എന്റെ സിനിമകള്‍ കാണുന്നുണ്ടെന്ന് അറിയാം. എന്നാല്‍ ഞാന്‍ അവരെ പ്രോത്സാഹിപ്പിക്കുന്നില്ല. പ്രേക്ഷകരുടെ വൈകാരിക ആവശ്യങ്ങളെയാണ് സിനിമയിലൂടെ നിറവേറ്റാന്‍ ശ്രമിക്കുന്നത്.

ബാഹുബലി എന്ന സിനിമ സാങ്കല്‍പ്പികമാണ്. അതിനാല്‍ ബി.ജെ.പിയുടെ അജണ്ടക്ക് അനുകൂലമായി ചരിത്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതിനെ കുറിച്ച് ഒന്നും പറയാനില്ല. ആര്‍.ആര്‍.ആര്‍ ചരിത്ര പാഠവുമല്ല.

ആളുകള്‍ക്ക് ഞാന്‍ ബി.ജെ.പിക്കാരനാണെന്നോ അല്ലെന്നോ പറയാം. എന്നാല്‍ തീവ്ര നിലപാടുകാരോട് എനിക്ക് വെറുപ്പാണ്, അത് ബി.ജെ.പി ആണെങ്കിലും മുസ്‌ലിം ലീഗാണെങ്കിലും മറ്റെന്താണെങ്കിലും. എനിക്ക് നല്‍കാനാവുന്ന ലളിതമായ മറുപടി ഇതാണ്,’ രാജമൗലി പറഞ്ഞു.

അച്ഛന്‍ വിജയേന്ദ്ര പ്രസാദിന്റെ ആര്‍.എസ്.എസ് ചിത്രം സംവിധാനം ചെയ്യാന്‍ സാധിച്ചാല്‍ അതൊരു ബഹുമതിയായി കണക്കാക്കുമെന്ന് നേരത്തെ രാജമൗലി പറഞ്ഞിരുന്നു. സംഘടനയെക്കുറിച്ച് തനിക്ക് കാര്യമായ അറിവില്ലെന്നും എന്നാല്‍ അച്ഛന്‍ എഴുതിയ സ്‌ക്രിപ്റ്റ് വായിച്ച് വികാരഭരിതനായി എന്നും അദ്ദേഹം പറഞ്ഞു.

എനിക്ക് ആര്‍.എസ്.എസ്. എന്ന സംഘടനയെക്കുറിച്ച് അത്ര അറിവില്ല. ഈ സംഘടനയെക്കുറിച്ച് ഞാന്‍ ധാരാളം കാര്യങ്ങള്‍ തീര്‍ച്ചയായും കേട്ടിട്ടുണ്ട്. പക്ഷേ അത് എങ്ങനെ രൂപപ്പെട്ടു, അവരുടെ ആശയങ്ങള്‍ എന്തൊക്കെയാണ്, ആ സംഘടന എങ്ങനെ വികസിച്ചു, തുടങ്ങിയ കാര്യങ്ങളൊന്നും എനിക്കറിയില്ല. പക്ഷെ ഞാന്‍ എന്റെ അച്ഛന്റെ സ്‌ക്രിപ്റ്റ് വായിച്ച് അങ്ങേയറ്റം വികാരഭരിതനായി. ആ തിരക്കഥ വായിക്കുന്നതിനിടെ ഞാന്‍ പലതവണ കരഞ്ഞു, പക്ഷേ തിരക്കഥയിലെ ചരിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്, രാജമൗലി പറഞ്ഞു.

Content Highlight: Director Rajamouli responds to allegations of supporting BJP