അസിസ്റ്റന്റ് ഡയറക്ടറായിരുന്നു സമയത്ത് നിര്‍മാതാക്കളില്‍ നിന്നും വഴക്ക് കേട്ട അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ എസ്.എസ്. രാജമൗലി.
ഫിലിം കമ്പാനിയന്‍ നടത്തിയ ഫിലിം മേക്കേഴ്‌സ് ആഡയിലായിരുന്നു തന്റെ അനുഭവങ്ങള്‍ രാജമൗലി പങ്കുവെച്ചത്. നിര്‍മാതാവ് സ്വപ്ന ദത്ത് ചലസാനി, സംവിധായകരായ ഗൗതം വാസുദേവ് മേനോന്‍, ലോകേഷ് കനകരാജ്, നടനും സംവിധായകന്‍മാരുമായ കമല്‍ ഹാസന്‍, പൃഥ്വിരാജ് എന്നിവരും ഫിലിം മേക്കേഴ്‌സ് ആഡയില്‍ പങ്കെടുത്തിരുന്നു.
‘അന്ന് ഞാന്‍ അസിസ്റ്റന്റ് ഡയറക്ടാറിയിരുന്നു. അന്ന് നിര്‍മാതാക്കള്‍, പ്രത്യേകിച്ചും സ്വപ്‌നയുടെ അച്ഛന്‍ അശ്വനി ദത്ത് ഞങ്ങളെ വഴക്ക് പറയുകയും ശപിക്കുകയും ചെയ്യുമായിരുന്നു ( സ്വപ്‌ന ചിരിക്കുന്നു ). ബ്ലഡി ബെഗ്ഗേഴ്‌സ്, ആ തമിഴിലെ അസിസ്റ്റന്റ് ഡയറക്ടേഴ്‌സിനെ കണ്ടുപഠിക്ക്, അവര്‍ എങ്ങനെയാണ് വര്‍ക്ക് ചെയ്യുന്നതെന്ന് നോക്ക്, ഒരു സീന്‍ പറഞ്ഞുകൊടുക്കുന്നത് എന്ന് നോക്ക് എന്ന് പറഞ്ഞ് വഴക്ക് പറയും.
തെലുങ്കിലുള്ള എല്ലാ അസിസ്റ്റന്റ് ഡയറക്ടേഴ്‌സും ഒന്നിച്ച് ഒരു ആക്ടറിന്റെ വീടിന് മുന്നില്‍ കൂടി നിക്കും. അപ്പോഴായിരിക്കും തമിഴിലെ ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ സിമ്പിളായി വന്ന് നേരെ ഹീറോയുടെ അടുത്തേക്ക് കേറിപ്പോകുന്നത്. അയാള്‍ അകത്തിരുന്ന് കഥ പറയുമ്പോള്‍ ഞങ്ങള്‍ ഭിക്ഷക്കാരെപ്പോലെ പുറത്ത് നില്‍ക്കുകയായിരിക്കും,’ ചിരിച്ചുകൊണ്ട് രാജമൗലി പറഞ്ഞു.
‘എല്ലാ ഇന്‍ഡസ്ട്രിക്കും അവരവരുടേതായ ഗുണങ്ങളുണ്ട്. തമിഴിലെ സംവിധായകര്‍ എപ്പോഴും മറ്റ് ഇന്‍ഡസ്ട്രിയിലെ സംവിധായകരേക്കാളും ടെക്നിക്കലി മുന്നിലാണ്. പോപ്പുലര്‍ സിനിമയിലാണ് തെലുങ്കിലെ സംവിധായകര്‍ക്ക് കൂടുതല്‍ മികവ്. ഞങ്ങള്‍ക്ക് പ്രേക്ഷകരുമായി കുറച്ചുകൂടി കണക്ഷനുണ്ട്. അവര്‍ക്ക് എന്താണ് വേണ്ടതെന്ന് അറിയാം. ഈ വര്‍ഷം പ്രതീക്ഷയോടെ മുന്നോട്ട് പോകാന്‍ പ്രേരിപ്പിക്കുന്ന എന്തെങ്കിലുമുണ്ടെങ്കില്‍ അത് കന്നഡ സിനിമയാണ്. കാലങ്ങളായി നാലാം സ്ഥാനത്ത് നിന്നവര്‍ പെട്ടെന്നാണ് മുന്നോട്ട് കയറി വന്നത്.
മലയാളം സിനിമയിലാണ് ഏറ്റവും മികച്ച എഴുത്തുകാരുള്ളത്. ഇന്ന് എനിക്ക് ആരോടെങ്കിലും അസൂയ ഉണ്ടെങ്കില്‍ അത് മലയാളത്തിലെ എഴുത്തുകാരോടും അഭിനേതാക്കളോടുമാണ്.
ഒരു രംഗം പറയാം. സിനിമയുടെ പേര് ഓര്‍മയില്ല. പൃഥ്വിരാജിന്റെ സിനിമയാണ്. പൊലീസ് ഓഫീസര്‍ പ്രതികളിലൊരാള്‍ക്ക് സിഗരറ്റ് നല്‍കുകയാണ്. ( പൃഥ്വിരാജ് ചിത്രത്തിന്റെ പേര് ജന ഗണ മന എന്ന് പറയുന്നു) ആ മുഴുവന്‍ സീനിന്റേയും സെറ്റ് അപ്പ്, അത് എങ്ങനെയാണ് നിര്‍മിച്ചെടുത്തിരിക്കുന്നത് എന്ന് നോക്കൂ. അതിലെ പെര്‍ഫോമന്‍സ്, എഴുതിയിരിക്കുന്ന രീതി, അതൊക്കെ കണ്ട് എനിക്ക് വലിയ അസൂയ തോന്നി. എനിക്ക് എന്തുകൊണ്ട് ഇങ്ങനെ ഒരു ചിന്ത വന്നില്ല,’ രാജമൗലി കൂട്ടിച്ചേര്‍ത്തു.
രാജമൗലി തെലുങ്ക് സിനിമക്ക് എന്താണോ നല്‍കിയത് അതെനിക്ക് മലയാളത്തിന് വേണ്ടി ചെയ്യണമെന്നാണ് ഡയറക്ടേഴ്സ് ആഡയില്‍ പൃഥ്വിരാജ് പറഞ്ഞത്. ‘വലിയ സ്വപ്നങ്ങള്‍ കാണാനും ചിന്തിക്കുന്നതിനുമപ്പുറമുള്ളത് കൊണ്ടുവരാനാകുമെന്നുമുള്ള ധൈര്യവും വിശ്വാസവും നല്‍കുന്ന എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
Content Highlight: Director Rajamouli is sharing the experience when he was an assistant director