| Wednesday, 25th January 2023, 12:44 pm

നിങ്ങളെ ടോര്‍ച്ചര്‍ ചെയ്തതിന് ക്ഷമ ചോദിക്കുന്നു, പക്ഷെ അത് ഇനിയും തുടരും: രാജമൗലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആര്‍.ആര്‍.ആര്‍ സിനിമയും ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനവും ഓസ്‌കാറിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട സാഹചര്യത്തില്‍ വികാരധീനനായി സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ എസ്. എസ്. രാജമൗലി.

സിനിമയുടെ ഭാഗമായ എല്ലാവരുടെയും പേരെടുത്ത് പറഞ്ഞു കൊണ്ടാണ് അദ്ദേഹം കുറിപ്പ് ആരംഭിച്ചത്. ജൂനിയര്‍ എന്‍.ടി. ആറിന്റെയും രാം ചരണിന്റെയും ചടുലമായ നൃത്തമാണ് നാട്ടു നാട്ടു എന്ന പാട്ടിനെ ആഗോളതലത്തില്‍ വൈറലാകാന്‍ സഹായിച്ചതെന്ന് രാജമൗലി പറഞ്ഞു.

പാട്ടിന്റെ ഷൂട്ടില്‍ താരങ്ങളോട് കടുത്ത ഭാഷയില്‍ തന്നെ സംസാരിച്ചിട്ടുണ്ടെന്നും ഇരുവരെയും നന്നായി ടോര്‍ച്ചര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദഹം പറഞ്ഞു. അതിനെല്ലാം ക്ഷമ ചോദിക്കുന്നുണ്ടെങ്കിലും രണ്ടു പേരുടെയും ഭാഗത്ത് നിന്ന് നല്ല കലാസൃഷ്ടടികള്‍ ലഭിക്കുന്നതിന് വേണ്ടി ഇനിയും താന്‍ ഇതേ രീതി തുടരുമെന്നും രാജമൗലി പറഞ്ഞു.

ഗോള്‍ഡന്‍ ഗ്ലോബ്‌സില്‍ നാട്ടു നാട്ടുവിന് മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള പുരസ്‌കാരം ലഭിച്ചപ്പോള്‍ റെയ്കാര്‍പെറ്റില്‍ വെച്ച് നല്‍കിയ അഭിമുഖത്തില്‍ തന്റെ കാല്‍മുട്ടുകള്‍ ഇപ്പോഴും വിറക്കുന്നുണ്ടെന്ന് രാം ചരണ്‍ പറഞ്ഞിരുന്നു.

”ഓസ്‌കാര്‍ ഞാന്‍ സ്വപ്‌നം പോലും കണ്ടിട്ടില്ലായിരുന്നു. നാട്ടു നാട്ടു എന്ന പാട്ടിന്റെയും ആര്‍. ആര്‍. ആര്‍ സിനിമയുടെയും ആരാധകരാണ് അത് സ്വപ്‌നം കണ്ടത്. നിങ്ങളാണ് ഞങ്ങളുടെ ഉള്ളിലേക്കും ആ സ്വപ്നത്തെ എത്തിച്ചത്. എന്റെ എല്ലാ ആരാധകര്‍ക്കും ഹൃദയം നിറഞ്ഞ ആലിംഗനം. എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്,” രാജമൗലി പറഞ്ഞു.

മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം കൂടാതെ ഇതേ വിഭാഗത്തില്‍ ക്രിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡും നാട്ടു നാട്ടു ഗാനത്തിന് ലഭിച്ചിരുന്നു. ക്രിട്ടിക്സ് ചോയ്സ് അവാര്‍ഡില്‍ ‘മികച്ച വിദേശ ഭാഷാ ചിത്രം’ എന്ന പുരസ്‌കാരവും ആര്‍.ആര്‍.ആര്‍ സ്വന്തമാക്കിയിരുന്നു.

ചന്ദ്രബോസിന്റെ വരികള്‍ക്ക് കീരവാണിയാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. രാഹുല്‍ സിപ്ലിഗഞ്ച്, കാലഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാട്ടു പാടിയിരിക്കുന്നത്. രാം ചരണിന്റെയും ജൂനിയര്‍ എന്‍.ടി.ആറിന്റെയും ചടുലമായ നൃത്തച്ചുവടുകളുടെ അകമ്പടിയോടെയാണ് പാട്ട് ദൃശ്യവത്ക്കരിച്ചിരിക്കുന്നത്.

content highlight: director rajamouli About ram charan and ntr

We use cookies to give you the best possible experience. Learn more