തന്റെ സിനിമകള്‍ക്ക് പിന്നില്‍ പ്രത്യേക അജണ്ടയില്ലെന്ന് സംവിധായകന്‍ എസ്.എസ് രാജമൗലി. സിനിമ എടുക്കുന്നത് അജണ്ട നടപ്പിലാക്കനല്ലെന്നും കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശ് കൊടുത്ത് ടിക്കറ്റെടുക്കുന്നവര്‍ക്ക് വേണ്ടിയുള്ളതാണ് തന്റെ സിനിമയെന്നും രാജമൗലി പറഞ്ഞു.
ജീവിതത്തില്‍ ഉള്ളതിനേക്കാള്‍ വലിയ കഥാപാത്രങ്ങളും സാഹചര്യങ്ങളുമുള്ള സിനിമകള്‍ നിര്‍മിക്കാനാണ് തനിക്ക് ഇഷ്ടമെന്നും രാജമൗലി പറഞ്ഞു. എ.എഫ്.പിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. തന്റെ ബ്രഹ്മാണ്ഡ ചിത്രം ആര്‍.ആര്‍.ആറിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സംവിധായകന്‍ ഇപ്പോള്‍ തന്റെ നിലപാട് തുറന്ന് പറഞ്ഞത്.
‘ഒരു സിനിമ കാണാന്‍ പോകുമ്പോള്‍ ജീവിതത്തില്‍ ഉള്ളതിനേക്കാള്‍ വലിയ കഥാപാത്രങ്ങളെ കാണാനാണ് ഞാന്‍ ആഗ്രഹിക്കാറുള്ളത്. ജീവിതത്തില്‍ അനുഭവിക്കാത്തതിനേക്കാള്‍ വലിയ സാഹചര്യങ്ങള്‍ സിനിമയില്‍ കാണാനാണ് ആഗ്രഹിക്കുന്നത്.
അതുതന്നെ ചെയ്യാനാണ് എനിക്ക് ഇഷ്ടം. എനിക്ക് പ്രത്യേക അജണ്ടയൊന്നും ഇല്ല. കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ കൊടുത്ത് സിനിമ കാണാന്‍ വരുന്നവരെ സന്തോഷിപ്പിക്കാനാണ് ഞാന്‍ സിനിമയെടുക്കുന്നത്,’രാജമൗലി പറഞ്ഞു.
ഓസ്‌കാര്‍ നോമിനേഷന്‍ ലിസ്റ്റില്‍ അടക്കം ഇടം നേടിയ ചിത്രമാണ് ആര്‍. ആര്‍. ആര്‍. മികച്ച അന്താരാഷ്ട്ര ചിത്രം, മികച്ച ഗാനം (നാട്ടു നാട്ടു), മികച്ച ആക്ഷന്‍ ചിത്രം എന്നീ വിഭാഗങ്ങളില്‍ ഹോളിവുഡ് ക്രിട്ടിക്‌സ് അസോസിയേഷന്‍ പുരസ്‌കാരവും ചിത്രം സ്വന്തമാക്കിയിരുന്നു.
ലോകമെമ്പാടും തിയേറ്ററുകളില്‍ സിനിമ എത്തിയിരുന്നു. പല രാജ്യങ്ങളില്‍ നിന്നുള്ള സിനിമാസ്വാദകര്‍ ചിത്രത്തെ പ്രശംസിച്ചപ്പോള്‍ ആര്‍.ആര്‍.ആര്‍ തന്നെ ശരിക്കും ഞെട്ടിച്ചു എന്നാണ് ലോക പ്രശസ്ത സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് പറഞ്ഞത്.
content highlight: director rajamouli about r.r.r movie