| Wednesday, 21st December 2022, 12:11 pm

'നാട്ടു നാട്ടു' എന്ന പാട്ടിന് ഉക്രൈന്‍ പ്രസിഡന്റുമായി ഒരു ബന്ധമുണ്ട്; ഷൂട്ടിങ്ങിന് പിന്നിലെ കഥ പറഞ്ഞ് എസ്.എസ്.രാജമൗലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2022ല്‍ പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങളിലൊന്നാണ് എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ആര്‍.ആര്‍.ആര്‍. ഇന്ത്യക്കകത്തും പുറത്തും തരംഗമായ സിനിമയിലെ ‘നാട്ടു നാട്ടു’ എന്ന് തുടങ്ങുന്ന ഗാനവും വൈറലായിരുന്നു. ആ ഗാനത്തെ കുറിച്ചുള്ള രസകരമായ ഒരു സംഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് രാജമൗലിയിപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ഈ വെളിപ്പെടുത്തലിന് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഉക്രൈന്‍ പ്രസിഡന്റ വ്‌ളോഡിമിര്‍ സെലന്‍സ്‌കിയുടെ വസതിക്ക് മുമ്പിലാണ് ആ ഗാനരംഗം ഷൂട്ട് ചെയ്തതെന്നും, അതിന്റെ അടുത്ത് തന്നെയാണ് ഉക്രൈന്‍ പാര്‍ലമെന്റ് സ്ഥിതിചെയ്യുന്നതെന്നും രാജമൗലി പറഞ്ഞു. ചലച്ചിത്രകാരനായ സന്ദീപ് റെഡ്ഡി വാങ്കയുമായുള്ള അഭിമുഖത്തിലാണ് രാജമൗലി ഇക്കാര്യം പറഞ്ഞത്.

‘ഉക്രൈനിലാണ് നാട്ടു നാട്ടു എന്ന ഗാനം ചിത്രീകരിച്ചത്. ഉക്രൈന്‍ പ്രസിഡന്റിന്റെ കൊട്ടാരമായിരുന്നു സത്യത്തില്‍ ആ പാട്ടിന്റെ പശ്ചാത്തലം. പാര്‍ലമെന്റ് അതിനോടുചേര്‍ന്ന് തന്നെയായിരുന്നു ഉണ്ടായിരുന്നത്. ഉക്രൈന്‍ പ്രസിഡന്റ് നേരത്തേ ഒരു ടെലിവിഷന്‍ താരമായിരുന്നതിനാല്‍ ഷൂട്ടിങ്ങിനുള്ള അനുമതി ഞങ്ങള്‍ക്ക് പെട്ടെന്ന് ലഭിച്ചു. രസകരമായ കാര്യം എന്താണെന്നുവെച്ചാല്‍ പ്രസിഡന്റ് ആകുന്നതിന് മുമ്പ് ഒരു പരമ്പരയില്‍ അദ്ദേഹം പ്രസിഡന്റായി വേഷമിട്ടിട്ടുണ്ട് എന്നുള്ളതാണ്’ രാജമൗലി പറഞ്ഞു.

ചന്ദ്രബോസാണ് നാട്ടു നാട്ടു എന്ന ഗാനം എഴുതിയത്. എം.എം. കീരവാണി ഈണമിട്ട ഗാനം രാഹുല്‍ സിപ്ലിഗഞ്ചും കാല ഭൈരവയും ചേര്‍ന്നാണ് ആലപിച്ചത്. രാം ചരണ്‍ തേജയും ജൂനിയര്‍ എന്‍.ടി.ആറും ഗംഭീരമാക്കിയ നൃത്തച്ചുവടുകള്‍ ഒരുക്കിയത് പ്രേം രക്ഷിത്താണ്. പത്ത് കോടിയിലേറെ പേരാണ് യൂട്യൂബില്‍ മാത്രം ഈ ഗാനം കണ്ടത്. ഗാനത്തിന്റെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി പതിപ്പുകളും ഏറെ ശ്രദ്ധേയമായിരുന്നു.

ആലിയാ ഭട്ട്, അജയ് ദേവ്ഗണ്‍, ശ്രീയ ശരണ്‍, സമുദ്രക്കനി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാനവേഷങ്ങളിലെത്തിയത്. 2022 മാര്‍ച്ച് 25ന് തിയേറ്ററുകളിലെത്തിയ ചിത്രം 1000 കോടിയാണ് ബോക്‌സോഫീസില്‍ നിന്നും നേടിയത്. ജപ്പാനിലും ചിത്രത്തിന് വലിയ വരവേല്‍പ്പാണ് ലഭിച്ചത്. സിനിമയുടെ രണ്ടാം ഭാഗത്തിനായിട്ടാണ് പ്രേക്ഷകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്.

content highlight: director rajamaouli talks about rrr movie song

We use cookies to give you the best possible experience. Learn more