| Wednesday, 23rd February 2022, 11:36 am

'അയ്യോ എനിക്കിത് കഴിക്കാന്‍ വയ്യ' എന്നു പറഞ്ഞ ലളിതച്ചേച്ചി ആക്ഷന്‍ വിളിച്ചപ്പോള്‍ വലിച്ചുവാരി ചോറുണ്ടു; അതായിരുന്നു കെ.പി.എ.സി ലളിത

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: കെ.പി.എ.സി ലളിതയുടെ വിയോഗത്തിന്റെ ദു:ഖത്തിലാണ് മലയാള സിനിമാ ലോകം. ഒട്ടനവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിച്ച കെ.പി.എ.സി ലളിത ഇനിയില്ലെന്ന് വിശ്വസിക്കാന്‍ പലര്‍ക്കുമാവുന്നില്ല. മലയാള സിനിമയുടെ തീരാനഷ്ടമായാണ് പലരും കെ.പി.എ.സി ലളിതയുടെ വിയോഗത്തെ കാണുന്നത്. അമ്മയായും സഹോദരിയായും അമ്മൂമ്മയായും അഭ്രപാളിയില്‍ തിളങ്ങിയ ആ അഭിനയ സാമ്രാട്ടിന് മുന്നില്‍ ശിരസുനമിക്കുകയാണ് സിനിമാലോകം. കെ.പി.എ.സി ലളിതയ്‌ക്കൊപ്പം പുണ്യം അഹം എന്ന ചിത്രം ചെയ്തപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുയാണ് സംവിധായകന്‍ രാജ്‌നായര്‍.

നെടുമുടിയില്‍ ആറേഴു പടികള്‍ പൊക്കത്തിലുള്ള പഴയ നാലുകെട്ടിലായിരുന്നു സിനിമയുടെ ഷൂട്ടിങ്ങെന്നും മുട്ടുവേദന സഹിച്ച് എത്രയോ തവണ തനിക്ക് വേണ്ടി പാവം അവിടെ കയറിയിറങ്ങിയെന്നും സ്വന്തം വേദന മുഖത്ത് കാണിക്കാതെ കഥാപാത്രത്തിന്റെ മാനിസികാവസ്ഥയെ മുഖത്തു ചാര്‍ത്തുകയായിരുന്നു ആ മഹാനടിയെന്നും അദ്ദേഹം പറയുന്നു.

വളരെ വൈകി രാത്രിയില്‍ ചിത്രീകരിച്ച അത്താഴമുണ്ണുന്ന ഒരു സീനില്‍ പ്രൊഡക്ഷന്‍ വകുപ്പിലെ ചോറ് ഇല്ലായിരുന്നു (രാത്രിയില്‍ ചപ്പാത്തിയും കഞ്ഞിയുമാണ്) സന്മനസ്സുള്ള അയല്‍പക്കക്കാരന്‍ കൊണ്ടുവന്ന കുട്ടനാട്ടിലെ വെള്ളം വറ്റാത്ത പുഴുക്കലരി ചോറ് ഇത്തിരി പഴകിയതാണോ എന്ന് ഒരു സംശയം. അത് കഴിച്ചാല്‍ വയറ്റില്‍ പിടിക്കുമോ എന്ന് എനിക്കും പേടിയുണ്ടായിരുന്നു.

ലളിതച്ചേച്ചിക്കൊപ്പം രാജുവും (പൃഥ്വിരാജ് സുകുമാരന്‍) സംവൃതാ സുനിലും ആ ചോറ് കഴിക്കുന്നുണ്ട്. ‘അയ്യോ എനിക്കിത് കഴിക്കാന്‍ വയ്യ’ എന്നൊക്കെ ലളിതച്ചേച്ചി പറഞ്ഞുകൊണ്ടേയിരുന്നു. ഞാന്‍ ആക്ഷന്‍ വിളിച്ചപ്പോള്‍ ആദ്യം വലിച്ചുവാരി ചോറുണ്ടത് ലളിതച്ചേച്ചിയായിരുന്നു കാരണം ആ കഥാപാത്രം അങ്ങനെയായിരുന്നു. അതാണ് കെ.പി.എ.സി ലളിത.

കുറിപ്പിന്റെ പൂര്‍ണരൂപം

ലളിതച്ചേച്ചിയുടെ ശബ്ദത്തില്‍ ഞാന്‍ കേള്‍ക്കുന്നു. ഷൂട്ടിങ്ങിനിടയില്‍ ടെന്‍ഷന്‍ കൂടുമ്പോള്‍ ഞാന്‍ ചേച്ചിയുടെ അടുത്ത് ഒരു കസേര വലിച്ചിട്ടിരിക്കും. പറഞ്ഞു നിറുത്തിയിടത്ത് എന്നപോലെ സിനിമാലോകത്തെ പഴങ്കഥകള്‍ ചിരിപൊട്ടിച്ചു കൊണ്ട് പറയും. എനിക്കേറെ ഇഷ്ടമുള്ള സിനിമയാണ് ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന് ഞാന്‍ പറയും. പഴയ ‘കല്യാണി കളവാണി’ പാടിയ മധുരപ്പതിനേഴുകാരിയുടെ ചിരിയും നാണവും മുഖത്ത് വരും.

‘ഞാനന്ന് കൊച്ചാ’ എന്ന് തുടങ്ങുന്ന കഥകള്‍. ‘ജയശ്രിയുടെ അമ്മ’ എന്ന പേരില്ലാകഥാപാത്രത്തെപ്പറ്റി ഞാന്‍ എല്ലാം വിശദമായിപ്പറഞ്ഞുകൊടുക്കും പക്ഷെ മറ്റുള്ള കഥാപാത്രങ്ങളും കഥയുടെ പോക്കും ലളിതച്ചേച്ചിക്കറിയില്ലായിരുന്നു. ‘ദേ ഇതു പോലാ അടൂരുസാറും അവിടേം ഇവിടേം മാത്രമെ പറഞ്ഞുതരത്തുള്ളു പക്ഷെ നമ്മളെക്കൊണ്ട് പെടാപ്പാട് പെടീക്കും’.

നെടുമുടിയില്‍ ആറേഴു പടികള്‍ പൊക്കത്തിലുള്ള പഴയ നാലുകെട്ടിലായിരുന്നു ഷൂട്ടിങ്ങ്. പാവം മുട്ടുവേദന സഹിച്ച് എത്രയോ തവണ എനിക്ക് വേണ്ടി കയറിയിറങ്ങി. സ്വന്തം വേദന മുഖത്ത് കാണിക്കാതെ കഥാപാത്രത്തിന്റെ മാനിസികാവസ്ഥയെ മുഖത്തു ചാര്‍ത്തി ആ മഹാനടി. വളരെ വൈകി രാത്രിയില്‍ ചിത്രീകരിച്ച അത്താഴമുണ്ണുന്ന ഒരു സീനില്‍ പ്രൊഡക്ഷന്‍ വകുപ്പിലെ ചോറ് ഇല്ലായിരുന്നു (രാത്രിയില്‍ ചപ്പാത്തിയും കഞ്ഞിയുമാണ്) സന്മനസ്സുള്ള അയല്‍പക്കക്കാരന്‍ കൊണ്ടുവന്ന കുട്ടനാട്ടിലെ വെള്ളം വറ്റാത്ത പുഴുക്കലരി ചോറ് ഇത്തിരി പഴകിയതാണോ എന്ന് ഒരു സംശയം. അത് കഴിച്ചാല്‍ വയറ്റില്‍ പിടിക്കുമോ എന്ന് എനിക്കും പേടിയുണ്ടായിരുന്നു. ലളിതച്ചേച്ചിക്കൊപ്പം രാജുവും (പൃഥ്വിരാജ് സുകുമാരന്‍) സംവൃതാ സുനിലും ആ ചോറ് കഴിക്കുന്നുണ്ട്. ‘അയ്യോ എനിക്കിത് കഴിക്കാന്‍ വയ്യ’ എന്നൊക്കെ ലളിതച്ചേച്ചി പറഞ്ഞുകൊണ്ടേയിരുന്നു. ഞാന്‍ ആക്ഷന്‍ വിളിച്ചപ്പോള്‍ ആദ്യം വലിച്ചുവാരി ചോറുണ്ടത് ലളിതച്ചേച്ചി! കാരണം ആ കഥാപാത്രം അങ്ങനെയായിരുന്നു. അതാണ് കെ.പി.എ.സി ലളിത…

മറക്കാനാവാത്ത മറ്റൊരു രംഗം ഇട്ടേച്ചുപോയ ഭര്‍ത്താവിന്റെ പഴകിയ ഷേവിങ്ങ്‌സെറ്റ് ഉപയോഗിച്ച് ചെറുപ്പക്കാരനായ നായകന്റെ (പൃഥ്വിരാജ്) താടി വടിക്കുന്ന രംഗം. പനി തന്നിലേക്കാവാഹിച്ചെടുക്കുന്ന അമ്മ. ആങ്ങളയുടെ (നെടുമുടി വേണുച്ചേട്ടന്‍) വികൃതികള്‍ കണ്ടില്ലെന്ന് നടിച്ച് വെളിയില്‍ ഉറങ്ങിയഭിനയിക്കുന്ന അമ്മ…

തകഴിവഴി പോയാല്‍ ലളിതച്ചേച്ചി അമ്മൂമ്മയെ കണ്ടിട്ടേ പോവുകയുള്ളു. ഒരു തകഴി സാഹിത്യോത്സവത്തില്‍ ചേച്ചിയെ ആദരിക്കുകയുമുണ്ടായി. എന്നെ വടക്കാഞ്ചേരിക്കടുത്തുള്ള ഒരമ്പലത്തിലെ ഉത്സവത്തിന് ക്ഷണിച്ചിരുന്നു. എപ്പോള്‍ ഫോണ്‍ വിളിച്ചാലും പറയും ‘അടുത്ത ഉത്സവത്തിന് വരാന്‍ നോക്കണം രാജിന് ഒത്തിരി ഇഷ്ടപ്പെടും’.

കൊച്ചുന്നാളില്‍ ഭരതന്‍ സംവിധാനം ചെയ്യുന്നത് ഞാന്‍ മാറി നിന്ന് കണ്ടിട്ടുണ്ട്. ഷോട്ടുകള്‍ക്കിടയില്‍ കാര്യങ്ങള്‍ വരച്ചു കാണിക്കുന്ന പ്രതിഭ. ലളിതച്ചേച്ചി അദ്ദേഹത്തിന്റെ അവസാന നാളുകളെപ്പറ്റി വിശദീകരിച്ച് പറഞ്ഞതെല്ലാം ഇന്നും ഞാന്‍ കേള്‍ക്കുന്നു. ഒട്ടും മറയില്ലാതെ സ്വന്തം ജീവിതാനുഭവങ്ങള്‍ – സിനിമയിലും ജീവിതത്തിലും – എത്രയോ എന്നോട് പറഞ്ഞിരിക്കുന്നു. എന്തിനാണതെല്ലാം എന്നോട് പറഞ്ഞത്? എനിക്ക് കഥ കേള്‍ക്കാനുതകുന്ന ചെവിയുണ്ട് എന്നറിഞ്ഞിട്ടാവണം.

Content Highlight: Director Raj Nair Remembering KPAC Lalitha

We use cookies to give you the best possible experience. Learn more