റാഫി മെക്കാര്‍ട്ടിന്‍ രചനയും സംവിധാനവും ചെയ്ത് 2000ല്‍ പുറത്തിറങ്ങിയ ചിത്രമാണ് തെങ്കാശിപട്ടണം. സുരേഷ് ഗോപി, ലാല്‍ എന്നിവര്‍ കണ്ണന്‍ – ദാസന്‍ എന്ന കഥാപാത്രങ്ങളായെത്തിയ ചിത്രം നിര്‍മിച്ചത് ലാല്‍ തന്നെയായിരുന്നു.
സുരേഷ് ഗോപിക്കും ലാലിനും പുറമെ സംയുക്ത വര്‍മ, ഗീതു മോഹന്‍ദാസ്, കാവ്യാ മാധവന്‍, ദിലീപ് എന്നിവരും ഈ ചിത്രത്തില്‍ ഒന്നിച്ചു.
ചിത്രത്തിലെ കണ്ണേട്ടനും ദാസേട്ടനും ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടാവുമെങ്കില്‍ തന്റെ മനസില്‍ അവരിപ്പോള്‍ എന്താകും ചെയ്യുന്നതെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സംവിധായകന്‍ റാഫി. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആ കഥാപാത്രങ്ങള്‍ എപ്പോഴും ആ സിനിമയിലുള്ളത് പോലെ തന്നെയാകും ഉണ്ടാകുകയെന്നും അവര്‍ ചെറുപ്പം മുതല്‍ക്കേ ജീവിച്ചു വന്ന രീതി ഒരിക്കലും വിടില്ലെന്നും റാഫി പറയുന്നു. അവര്‍ ആ സിനിമയില്‍ കൊടുത്ത അതേ രീതിയില്‍ തന്നെയാകും ജീവിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ആ ആളുകള്‍ എപ്പോഴും അങ്ങനെ തന്നെയാകും ഉണ്ടാകുക. അവര്‍ ചെറുപ്പം മുതല്‍ക്കേ ജീവിച്ചു വന്ന രീതി ഒരിക്കലും വിടില്ല. അവര്‍ ആ സിനിമയില്‍ കൊടുത്ത അതേ രീതിയില്‍ തന്നെയാകും ജീവിക്കുക. ഇരുപത്തിനാല് വര്‍ഷമാകാറായി ആ സിനിമ പുറത്തിറങ്ങിയിട്ട്,’ റാഫി പറഞ്ഞു.
പണ്ടത്തെ സിനിമകളിലെ ഭാഗങ്ങള്‍ റീലുകളിലൂടെ ഇന്നും ഷെയര്‍ ചെയ്യപ്പെടുന്നതിനെ കുറിച്ചും ട്രോളുകളെക്കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ സംസാരിച്ചു.
‘അത്തരം റീലുകള്‍ ഞാന്‍ കാണാറുണ്ട്. എല്ലാം കാണാന്‍ പറ്റാറില്ല. എങ്കിലും കാണാന്‍ പറ്റുന്നതൊക്കെ കാണാറുണ്ട്.
പിന്നെ റീലുകളിലൂടെയും ട്രോളുകളിലൂടെയും ഒരു ചെറിയ ആശയം നിമിഷങ്ങള്‍ കൊണ്ട് വളരെ രസകരമായി പറയാന്‍ ഇന്നത്തെ കുട്ടികള്‍ക്ക് കഴിയുന്നു. നമ്മള്‍ ചിന്തിക്കാത്ത തമാശകളാണ് അവരൊക്കെ ചെയ്യുന്നത്,’ റാഫി പറഞ്ഞു.
Content Highlight: Director Rafi Talks About Thenkasipattanam Movie