| Saturday, 11th May 2024, 8:17 pm

അന്ന് ആ പയ്യന്‍ ജീവിക്കാനായി ഞങ്ങള്‍ക്ക് മുന്നില്‍ അഭിനയിച്ചു; അതില്‍ നിന്നാണ് പഞ്ചാബി ഹൗസിന്റെ കഥയുണ്ടായത്: റാഫി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റാഫി – മെക്കാര്‍ട്ടിന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് പഞ്ചാബി ഹൗസ്. 1998ല്‍ പുറത്തിറങ്ങിയ ചിത്രം വലിയ വിജയമായിരുന്നു. ഈ സിനിമയുടെ കഥ തങ്ങള്‍ക്ക് ലഭിച്ചത് എങ്ങനെയാണെന്ന് പറയുകയാണ് റാഫി. സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.

‘പഞ്ചാബി ഹൗസിനെ കുറിച്ച് ചോദിക്കുമ്പോള്‍ എനിക്ക് ഓര്‍മ വരുന്ന ഒരു കാര്യമുണ്ട്. ഞാനും മെക്കാര്‍ട്ടിനും ചേര്‍ന്ന് സിനിമയുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഇടക്കിടെ മദ്രാസിലേക്ക് പോവാറുണ്ട്. അന്ന് ട്രെയിന്‍ പുലര്‍ച്ചെയൊക്കെ ആവുമ്പോഴാണ് കാട്പാടി എത്തുന്നത്.

പലപ്പോഴും മദ്രാസ് എത്താറായെന്ന് നമുക്ക് മനസിലാവുന്നത് കാട്പാടിയില്‍ എത്തുമ്പോഴാണ്. അങ്ങനെ ഒരു തവണ ഞങ്ങള്‍ മദ്രാസിലേക്ക് പോവുകയായിരുന്നു. വഴിയില്‍ ഒരു തവണ ഞങ്ങള്‍ എഴുന്നേറ്റപ്പോള്‍ വണ്ടി ഏതോ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.

അവിടെ എന്തോ പണി നടക്കുന്നത് കൊണ്ട് ട്രെയിന്‍ പിടിച്ചിട്ടതായിരുന്നു എന്ന് തോന്നുന്നു. അപ്പോള്‍ ആ സ്റ്റേഷനില്‍ യൂണിഫോമിട്ട ഒരു പയ്യന്‍ ഇരിക്കുന്നത് കണ്ടു. ഞങ്ങളുടെ കൈയിലുണ്ടായിരുന്ന ഭക്ഷണം കേടായതുകൊണ്ട് ഞങ്ങള്‍ക്ക് അത് അവിടെ കളയേണ്ടി വന്നു.

ഈ സമയം ആ പയ്യന്‍ ഞങ്ങള്‍ കളഞ്ഞ ഭക്ഷണമെടുത്ത് കഴിക്കാന്‍ തുടങ്ങി. ഞങ്ങള്‍ ഉടനെ അവനെ അടുത്തേക്ക് വിളിച്ച് ആ ഭക്ഷണം കഴിക്കരുതെന്ന് പറഞ്ഞു. പിന്നെ ഞങ്ങളുടെ കൈയില്‍ ഉണ്ടായിരുന്ന പൈസയില്‍ നിന്ന് കുറച്ചെടുത്ത് അവന് കൊടുത്തു.

ഈ പയ്യന്‍ അന്ന് ഇട്ടിരിക്കുന്ന ഡ്രസ് കണ്ടപ്പോള്‍ ഏതോ സ്‌കൂള്‍ യൂണിഫോമാണെന്ന് തോന്നിയിരുന്നു. അതുകൊണ്ട് തന്നെ അവന്‍ വീട്ടില്‍ നിന്ന് ഒളിച്ചോടി വന്നതാണോയെന്ന സംശയം ഞങ്ങള്‍ക്കുണ്ടായി. അവനോട് പേരും മറ്റുകാര്യങ്ങളും ചോദിച്ചപ്പോള്‍ അവന്‍ ആദ്യമൊന്ന് പരുങ്ങി. പിന്നെ ആംഗ്യഭാഷയില്‍ ഞങ്ങള്‍ക്ക് മറുപടി തന്നു.

അപ്പോള്‍ തന്നെ ഞങ്ങളുടെ ട്രെയിന്‍ അവിടുന്ന് നീങ്ങാന്‍ തുടങ്ങിയിരുന്നു. ആ പയ്യന്‍ ഞങ്ങളുടെ മുന്നില്‍ ഊമയായി അഭിനയിച്ചതാണോ എന്ന സംശയം ഞങ്ങള്‍ക്ക് വന്നു. സ്വന്തം നാടുവിട്ട് മറ്റൊരു സ്ഥലത്തെത്തി അവിടെ ജീവിക്കാനായി സംസാരിക്കാന്‍ കഴിയാത്തവനായി അഭിനയിക്കേണ്ടി വരുന്ന അവസ്ഥയെപ്പറ്റി ഞങ്ങള്‍ ചിന്തിച്ചു. ആ ചിന്തയില്‍ നിന്നാണ് ശരിക്കും പഞ്ചാബി ഹൗസിന്റെ കഥയുണ്ടായത്,’ റാഫി പറഞ്ഞു.

Content Highlight: Director Rafi Talks About Punjabi House

We use cookies to give you the best possible experience. Learn more