അന്ന് സലിം കുമാര്‍ പറഞ്ഞതിലെ തമാശ എനിക്ക് മനസിലായില്ല; എന്നാല്‍ അത് തിയേറ്ററില്‍ വര്‍ക്കായി: റാഫി
Film News
അന്ന് സലിം കുമാര്‍ പറഞ്ഞതിലെ തമാശ എനിക്ക് മനസിലായില്ല; എന്നാല്‍ അത് തിയേറ്ററില്‍ വര്‍ക്കായി: റാഫി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 14th March 2024, 1:51 pm

ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ റാഫി മെക്കാര്‍ട്ടിന്‍ എഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു ചതിക്കാത്ത ചന്തു. 2004ല്‍ പുറത്തിറങ്ങിയ ചിത്രം മലയാളികള്‍ക്ക് ഇന്നും ഏറെ പ്രിയപ്പെട്ട ഒരു ചിത്രമാണ്.

ജയസൂര്യ, നവ്യ നായര്‍, വിനീത്, ലാല്‍, ഭാവന എന്നിവരൊന്നിച്ച ഈ സിനിമയില്‍ സലിം കുമാര്‍, കൊച്ചിന്‍ ഹനീഫ, ഇന്ദ്രന്‍സ് ഉള്‍പ്പെടെയുള്ള വന്‍ താരനിര തന്നെയുണ്ട്.

ഇപ്പോള്‍ ചതിക്കാത്ത ചന്തുവിലെ സലിം കുമാറിന്റെ ഒരു ഡയലോഗിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ റാഫി. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചതിക്കാത്ത ചന്തുവില്‍ ഞങ്ങള്‍ ഒരു ബില്‍ഡിങ്ങ് എടുത്തിട്ട് പാലസാക്കിയിരുന്നു. അതിനകത്ത് കുറേ രാജാക്കന്മാരുടെ ഫോട്ടോസും മറ്റും ഉണ്ടായിരുന്നു. ഒരു ദിവസം ഷൂട്ടിന്റെ ബ്രേക്കിന്റെ ഇടയില്‍ അപ്പുറത്ത് നിന്ന ഹനീഫിക്ക ചിരിക്കുന്നത് കേട്ടു.

എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ സലിം കുമാര്‍ ഈ ഫോട്ടോയില്‍ ഉള്ള ആളുകളെ പരിചയപെടുത്തി കൊടുത്തതാണെന്ന് പറഞ്ഞു. അതായത് പുള്ളിക്ക് അറിയാവുന്ന ആളുകളാണെന്ന രീതിയിലാണ് പരിചയപെടുത്തുന്നത്.

ഒരാളെ കാണിച്ച് ഇദ്ദേഹമാണ് ഇവിടുത്തെ രാജാവെന്നൊക്കെ പറയുകയാണ് അദ്ദേഹം. അവര് തമ്മില്‍ വെറുതെ സംസാരിക്കുന്നതിന്റെ ഇടയിലാണ് ഈ സംഭവം. അപ്പോള്‍ ഞാന്‍ ഒരു ഫോട്ടോ കാണിച്ചിട്ട് ഇതാരാണെന്ന് ചോദിച്ചപ്പോള്‍ സലിം കുമാര്‍ ശശി എന്നായിരുന്നു മറുപടി പറഞ്ഞത്.

അതില്‍ എന്തായിരുന്നു തമാശയെന്ന് എനിക്ക് മനസിലായില്ല. പക്ഷേ എല്ലാവരും ചിരിച്ചു. ഇതിനിടയില്‍ നടന്നു വരുന്ന ഒരു ഷോട്ട് എടുക്കാനുണ്ട്.

അങ്ങനെയെങ്കില്‍ ഈ ഡയലോഗ് ഉള്‍പെടുത്താമെന്ന് ഞാന്‍ പറഞ്ഞു. ‘മധ്യതിരുവിതാംകൂര്‍ ഭരിച്ചിരുന്ന രാജാവാണ്, പേര് ശശി’ എന്ന ഡയലോഗായിരുന്നു അത്. ആ ഡയലോഗ് തിയേറ്ററിലും വര്‍ക്കായി,’ റാഫി പറഞ്ഞു.

Content Highlight: Director Rafi Talks About Chathikkatha Chanthu And Salim Kumar