മലയാളികളെ പൊട്ടിച്ചിരിപ്പിച്ച നിരവധി സിനിമകള്‍ ചെയ്തയാളാണ് റാഫി. സുഹൃത്തായ മെക്കാര്‍ട്ടിനോടൊപ്പം പുതുക്കോട്ടയിലെ പുതുമണവാളന്‍ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് സംവിധാന രംഗത്തേക്ക് എത്തിയത്. പഞ്ചാബി ഹൗസ്, തെങ്കാശിപ്പട്ടണം, ചതിക്കാത്ത ചന്തു തുടങ്ങി മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന സിനിമകള്‍ സംവിധാനം ചെയ്യുകയും അനിയന്‍ ബാവ ചേട്ടന്‍ ബാവ, മായാവി, വണ്‍മാന്‍ ഷോ തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ രചിക്കുകയും ചെയ്ത ഈ കോമ്പോ 2014ല്‍ പിരിഞ്ഞു.
2014ല്‍ റിലീസായ റിങ് മാസ്റ്റര്‍ എന്ന സിനിമയിലൂടെ അഭിനയത്തിലും റാഫി തന്റെ സാന്നിധ്യം അറിയിച്ചു. ബിജു മേനോന്‍ നായകനായ തുണ്ടില്‍ റാഫിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ പഞ്ചാബി ഹൗസ് എന്ന സിനിമയുടെ കഥ രൂപപ്പെടാന്‍ ഇടയായ സംഭവത്തെക്കുറിച്ച് റാഫി സംസാരിക്കുന്നു.
‘പഞ്ചാബി ഹൗസ് എന്ന സിനിമയെക്കുറിച്ച് പറയുമ്പോള്‍ ഓര്‍മ വരുന്ന ഒരു സംഭവമുണ്ട്. ഞാനും മെക്കാര്‍ട്ടിനും കൂടി സിനിമയുടെ ആവശ്യത്തിന് വേണ്ടി മദ്രാസിലേക്ക് ഇടയ്ക്കിടെ പോവാറുണ്ട്. അന്നൊക്കെ ട്രെയിന്‍ പുലര്‍ച്ചെയാവുമ്പോഴാണ് കാട്പാടിയില്‍ എത്തുന്നത്. കാട്പാടി എത്തുമ്പോള്‍ നമുക്ക് മനസിലാവും മദ്രാസ് എത്താറായെന്ന്. അങ്ങനെ ഒരു തവണ മദ്രാസിലേക്ക് പോവുകയായിരുന്നു. ഇടയ്ക്ക് ഞങ്ങള്‍ എഴുന്നേറ്റപ്പോള്‍ വണ്ടി ഏതോ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. എന്തോ പണി നടക്കുന്നത് കൊണ്ട് ട്രെയിന്‍ പിടിച്ചിട്ടതായിരുന്നു.
ആ സ്‌റ്റേഷനില്‍ യൂണിഫോമിട്ട ഒരു പയ്യന്‍ ഇരിക്കുന്നത് കണ്ടു. ഞങ്ങളുടെ കൈയിലുണ്ടായിരുന്ന ഫുഡ് കേടായതു കൊണ്ട് അത് കളയേണ്ടി വന്നു. ആ പയ്യന്‍ ഞങ്ങള്‍ കളഞ്ഞ ഫുഡ് എടുത്ത് കഴിക്കാന്‍ തുടങ്ങി. ഞങ്ങള്‍ അവനെ അടുത്തേക്ക് വിളിച്ചിട്ട് അത് കഴിക്കരുതെന്ന് പറഞ്ഞു. എന്നിട്ട് ഞങ്ങളുടെ കൈയിലുണ്ടായിരുന്ന പൈസയില്‍ നിന്ന് കുറച്ചെടുത്ത് അവന് കൊടുത്തു. അവന്‍ ഇട്ടിരിക്കുന്ന ഡ്രസ് കണ്ടപ്പോള്‍ ഏതോ സ്‌കൂള്‍ യൂണിഫോമാണെന്ന് തോന്നി. വീട്ടില്‍ നിന്ന് ഒളിച്ചോടി വന്നതാണോ എന്ന സംശയം ഞങ്ങള്‍ക്ക് ഉണ്ടായി. അവനോട് പേരും മറ്റു കാര്യങ്ങളും ചോദിച്ചപ്പോള്‍ അവന്‍ ഒന്ന് പരുങ്ങിയ ശേഷം ആംഗ്യഭാഷയില്‍ മറുപടി തന്നു.
അപ്പോള്‍ തന്നെ ട്രെയിന്‍ നീങ്ങാന്‍ തുടങ്ങി. ഇവന്‍ ഞങ്ങളോട് ഊമയായി അഭിനയിച്ചതാണോ എന്ന് ഞങ്ങള്‍ വിചാരിച്ചു. സ്വന്തം നാടുവിട്ട് മറ്റൊരു സ്ഥലത്തെത്തി അവിടെ സംസാരിക്കാന്‍ കഴിയാത്തവനായി അഭിനയിക്കേണ്ടി വരുന്ന അവസ്ഥയെപ്പറ്റി ഞങ്ങള്‍ ചിന്തിച്ചു. ആ ചിന്തയില്‍ നിന്നാണ് പഞ്ചാബി ഹൗസിന്റെ കഥ ഉണ്ടായത്.’ റാഫി പറഞ്ഞു.
Content Highlight: Director Raafi share the origin of Punjabi House movie story