മലയാളത്തിലെ അറിയപ്പെടുന്ന സംവിധായകനാണ് ആര്‍.സുകുമാരന്‍. മോഹന്‍ലാലിനെ വെച്ച് പാദമുദ്രയും രാജാശില്പിയുമെല്ലാം മലയാളത്തിന് സമ്മാനിച്ച സംവിധായകന്‍ പറയുന്നത് കമലദളമെന്ന സിബി മലയില്‍ ചിത്രം തന്റെ രാജശില്പിയില്‍ നിന്നും തിരക്കഥ മോഷ്ടിച്ചു ചെയ്ത സിനിമയാണെന്നാണ്.
‘കമലദളത്തിന്റെ തിരക്കഥ രാജശില്പിയില്‍ നിന്ന് മോഷ്ടിച്ചതാണ്. തിരക്കഥ വായിക്കാന്‍ കൊടുത്തത് സംവിധായകന്‍ സിബി മലയിലിന് ആയിരുന്നു,’ സുകുമാരന്‍ പറയുന്നു.
മാസ്റ്റര്‍ ബിനിന് നല്‍കിയ അഭിമുഖത്തിലാണ് കമലദളം സിനിമയ്‌ക്കെതിരെയും മോഹന്‍ലാലിനെതിരെയുമെല്ലാം ആര്‍. സുകുമാരന്‍ തന്റെ ആരോപണങ്ങള്‍ ഉന്നയിച്ചത്.
‘കമലദളം എന്ന സിനിമയുടെ റിലീസ് ഞങ്ങളുടെ സിനിമയെ മോശമായി ബാധിച്ചിരുന്നു. രാജശില്പിയിലും കമലദളത്തിലും ഒരു പെണ്ണിന്റെ ദുഃഖം തന്നെയാണ് സിനിമയുടെ പ്രമേയം. രണ്ടിലും മോഹന്‍ലാല്‍ മുടി നീട്ടി വളര്‍ത്തിയാണ് അഭിനയിക്കുന്നത്. രണ്ട് ചിത്രങ്ങളും തമ്മില്‍ സാമ്യമുണ്ട്. ഞങ്ങള്‍ എഴുതിയ സ്‌ക്രിപ്റ്റ് കമലദളത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വായിച്ചിരുന്നു. മോഹന്‍ലാല്‍ മുടി വളര്‍ത്തിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. ആ സമയത്താണ് കമലദളത്തിനുള്ള കഥയും തയ്യാറാക്കുന്നത്.
കമലദളത്തിന്റെ തിരക്കഥ രാജശില്പിയില്‍ നിന്ന് മോഷ്ടിച്ചതാണ്. തിരക്കഥ വായിക്കാന്‍ കൊടുത്തത് സംവിധായകന്‍ സിബി മലയിലിന് ആയിരുന്നു. രാജശില്പിയില്‍ ഒരുപാട് നൃത്ത രംഗങ്ങള്‍ വിചാരിച്ചിരുന്നുവെങ്കിലും കമലദളം റിലീസ് ആയതിനുശേഷം അത് ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. ഒരാള്‍ക്കും സ്‌ക്രിപ്റ്റ് വായിക്കാന്‍ കൊടുക്കാന്‍ പാടില്ല എന്ന പാഠം ഞാന്‍ പഠിച്ചു.
പിന്നീട് ലോഹിതാദാസും തിരക്കഥ വായിച്ചു. ലോഹിതാദാസാണ് കമലദളത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഒരുപക്ഷേ കമലദളം ഇറങ്ങിയില്ലായിരുന്നുവെങ്കില്‍ രാജശില്പി വലിയ വിജയമായേനെ. കമലദളത്തിനും മുകളില്‍ പോകേണ്ട സിനിമയാണ് രാജശില്പി. അത് പലരും പറഞ്ഞിട്ടുമുണ്ട്.
പിന്നീട് ഒരു ദിവസം ഞാന്‍ ലാലിനോട് പറഞ്ഞു, നമ്മള്‍ ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചിരിക്കുമ്പോള്‍ അതിന്റെ കഥയെക്കുറിച്ചൊന്നും മറ്റൊരാളോട് പറയാന്‍ പാടില്ല. ഇപ്പോള്‍ സംഭവിച്ചത് കണ്ടോയെന്ന്.
കമലദളം റിലീസ് ആകുന്നതിനു മുമ്പ് തന്നെ അതിന്റെ ഒരു പ്രിവ്യൂ ഷോ മദ്രാസില്‍ വെച്ച് നടന്നിരുന്നു. ഷൂട്ടിങ്ങിന്റെ തിരക്കിലും ഞാനും മധു അമ്പാട്ടും കമലദളം കാണാന്‍ ചെന്നു.
ആദ്യത്തെ അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ ഞങ്ങള്‍ നിശബ്ദരായി പോയി. അവസാനം മധു അമ്പാട്ട് എന്നോട് ചോദിച്ചു ‘സാറേ നമ്മള്‍ ഇനി എന്തിനാണ് ഈ സിനിമ ചെയ്യുന്നതെന്ന്. അത് ശരിക്കും ഒരു വലിയ ദുഃഖം ആയിരുന്നു. ഞാന്‍ ലാലിനോടും അതു പറഞ്ഞു. അപ്പോള്‍ ലാല്‍ എന്നോട് പറഞ്ഞത് അതും ഇതും രണ്ടും രണ്ടാണ് സാറേ. അത് ആലോചിച്ചു വിഷമിക്കണ്ടയെന്ന്.
ലാല്‍ അറിഞ്ഞുകൊണ്ട് ചെയ്ത കൊല ചതി പോലെ ആയിപോയി. ലാലിന് ഒരുവാക്ക് എന്നോട് പറയാമായിരുന്നു. കമലദളം കണ്ടതിന് ശേഷം രാജശില്പിയുടെ കഥയില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തി. കമലദളം ആയിരുന്നു ആദ്യം റിലീസ് ചെയ്തത്. കാണുന്നവര്‍ വിചാരിക്കുക ഞങ്ങള്‍ ആണ് ആ ചിത്രത്തില്‍ നിന്ന് കഥ മോഷ്ടിച്ചത് എന്നാവും. എന്നാല്‍ സത്യം ഇതാണ്,’ആര്‍. സുകുമാരന്‍ പറയുന്നു.
Content Highlight: Director R.Sukumaran Talk About Rajashilpi Movie And Kamaladhalam Movie