| Thursday, 12th October 2023, 5:09 pm

'മോഹൻലാൽ ഇങ്ങനെ ആയതിൽ എനിക്ക് നല്ല പ്രയാസമുണ്ട്, ക്ലാസ്സിക് ചിത്രങ്ങൾ ചെയ്യേണ്ട നടനാണയാൾ'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന് ഒരുപിടി മികച്ച സിനിമകൾ നൽകിയ സംവിധായകനാണ് ആർ.സുകുമാരൻ. പാദമുദ്ര, രാജശിൽപ്പി തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയെടുത്ത സംവിധായകൻ മോഹൻലാലിനൊപ്പം സിനിമ ചെയ്തപ്പോഴുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ്.

‘മറ്റു നടന്മാരിൽ നിന്ന് മോഹൻലാലിനുള്ള പ്രത്യേകത അയാൾ ആ കഥാപാത്രമായി മാറും,’ സുകുമാരൻ പറയുന്നു.
കാലങ്ങൾക്കിപ്പുറം മോഹൻലാൽ ഒരു വലിയ താരമായി വളർന്നപ്പോഴുള്ള മാറ്റങ്ങളും മാസ്റ്റർ ബിനിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം കൂട്ടിചേർത്തു.

‘പാദമുദ്രയിലെ വേഷം ലാലിനെ കൊണ്ട് അവതരിപ്പിക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ബാക്ക് പെയിൻ വന്നതു കാരണം ലാലിനെ കൊണ്ട് രാത്രി അധികം വൈകിയുള്ള ഷൂട്ടൊന്നും എടുപ്പിക്കരുതെന്ന് ലാലിന്റെ അമ്മ പറഞ്ഞിരുന്നു. പക്ഷെ ഞങ്ങൾ പറഞ്ഞതൊന്നും കേൾക്കാതെ ലാൽ രാത്രി 2 മണി വരെയൊക്കെ ഷൂട്ടിനായി നിന്നിട്ടുണ്ട്. നമ്മുക്കത് ചെയ്യാം സാർ എന്നാണ് ലാൽ പറയാറ്.

ഷൂട്ടിങ് സമയത്ത് ഓലയിൽ കിടന്ന് ഉറങ്ങിയിട്ടുണ്ട് ലാൽ. സിനിമയിൽ നല്ല ഭാരമുള്ളൊരു മുൾ വേലി തോളിലേറ്റി മലമുകളിലേക്ക് പോവുന്നൊരു സീനുണ്ട്. അതൊക്കെ അയാൾ നിഷ്പ്രയാസമാണ് ചെയ്തത്.

മറ്റു നടന്മാരിൽ നിന്ന് മോഹൻലാലിനുള്ള പ്രത്യേകത അയാൾ ആ കഥാപാത്രമായി മാറും എന്നതാണ്. പിന്നെ അത് മോഹൻലാലല്ല. ലാൽ ആ അവസ്ഥയിലേക്ക്
ചേരും. അതെനിക്ക് ഒരുപാട് തവണ അനുഭവപ്പെട്ടിട്ടുണ്ട്.

കഥാപാത്രത്തിന് ആവശ്യമുള്ളത് മാത്രമേ അയാൾ ചെയ്യാറുള്ളു. അത് കൃത്യമായി ലാലിന് അറിയാം. അഭിനയിക്കുമ്പോൾ എന്ത് ചെയ്യണമെന്ന് മുൻകൂട്ടി അറിവുള്ള അതനുസരിച്ചു പ്രവർത്തിക്കുന്ന നടനാണ് മോഹൻലാൽ. അതുകൊണ്ടാണ് അയാൾ ഇത്രയും ഉയരത്തിലെത്തിയത്.

മാധവിക്കുട്ടി പറഞ്ഞത് പോലെ അഭിനയത്തിൽ ഓസ്കാർ കിട്ടേണ്ട മോഹൻലാലിനെ ആവശ്യമില്ലാതെ ഡാൻസ് ചെയ്യിപ്പിക്കുകയും പാട്ട് പാടിപ്പിക്കുകയുമാണ് ഓരോരുത്തർ. മോഹൻലാൽ എന്നും ക്ലാസ്സിക് ചിത്രങ്ങൾ ചെയേണ്ട നടനാണ്. അത് മാത്രം ചെയ്‌താൽ മതി.

ആയിരം സിനിമകളിൽ അഭിനയിച്ചു എന്ന് പറയുന്നതിൽ കാര്യമില്ല. ബാക്കിയുള്ളതൊക്കെ ചെയ്യാൻ ഇപ്പോൾ എത്രയോ പിള്ളേരില്ലേ? ഇപ്പോൾ സർവ്വതും പിള്ളേർ തന്നെയല്ലേ ചെയുന്നത്. ഇവർക്കാർക്കും അധികം ചാൻസ് ഇല്ലല്ലോ. കോടികൾ ചെലവാക്കി പടം എടുത്തിട്ട് ആര് കാണാനാണ്. ഞാൻ അതിനോട് തീരെ താത്പര്യപ്പെടുന്നില്ല. മോഹൻലാൽ അങ്ങനെ നടക്കുന്നതിൽ സത്യത്തിൽ എനിക്ക് നല്ല പ്രയാസമുണ്ട്,’സുകുമാരൻ പറയുന്നു.

Content Highlight : Director R.Sukumaran Talk About Mohanlal

We use cookies to give you the best possible experience. Learn more