ആര്‍. സുകുമാരന്റെ സംവിധാനത്തില്‍ 1988ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പാദമുദ്ര. സീമ, നെടുമുടി വേണു തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സോപ്പ് കുട്ടപ്പന്‍, മാതു പണ്ടാരം എന്നീ ഇരട്ട വേഷങ്ങളില്‍ മോഹന്‍ലാല്‍ അഭിനയിച്ച ചിത്രം അദ്ദേഹത്തിന്റെ പ്രകടനം കൊണ്ട് ഇന്നും ചര്‍ച്ചചെയ്യപ്പെടുന്നതാണ്. ചിത്രത്തിലെ പ്രകടനത്തിന് മോഹന്‍ലാലിന് മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡും കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക ജൂറി അവാര്‍ഡും ലഭിച്ചിരുന്നു.
ചിത്രത്തില്‍ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് നെടുമുടി വേണുവിനെ ആയിരുന്നുവെന്ന് പറയുകയാണ് സംവിധായകന്‍ സുകുമാരന്‍.
നെടുമുടി വേണുവിനോട് കഥ വരെ പറഞ്ഞ് ഉറപ്പിച്ചതായിരുന്നുവെന്നും എന്നാല്‍ മോഹന്‍ലാലിന് അദ്ദേഹത്തെക്കാള്‍ മാര്‍ക്കറ്റ് ഉള്ളതിനാല്‍ നായകന്‍ മാറുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുകുമാരന്‍.
‘അന്ന് നെടുമുടി വേണുവിന് നല്ല മാര്‍ക്കറ്റാണ്. നല്ല അഭിനയപ്രാധാന്യമുള്ള റോളാണ്. ഞങ്ങള്‍ പോയി അദ്ദേഹത്തെ കണ്ടു. കഥ പറഞ്ഞപ്പോള്‍ എത്ര ദിവസം വേണമെങ്കിലും തരാമെന്നാണ് അദ്ദേഹം പറഞ്ഞത്. കഥ വളരെ ഇഷ്ടമായി, ബാക്കി എല്ലാ കാര്യങ്ങളും നടത്തിക്കോ എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ച് ഞങ്ങളെ വിട്ടു.
തിരുവനന്തപുരത്ത് വന്നയുടനെ നിര്‍മാതാവ് വിളിച്ചു. നെടുമുടി വേണുവായാല്‍ പറ്റില്ല, ലാലാണെങ്കില്‍ ഓക്കെയെന്ന് പറഞ്ഞു. ആകെ വിഷമമായി. അവസാനം നെടുമുടി വേണുവിനെ കാണാന്‍ പോയി. അദ്ദേഹത്തോട് കാര്യം പറഞ്ഞു. അതിനെന്താ ലാല്‍ ചെയ്യട്ടെ, എന്നെക്കാളും മാര്‍ക്കറ്റ് ഉള്ളത് ലാലിനാണ്, ഞാന്‍ ഇതില്‍ ഏത് റോള്‍ വേണമെങ്കിലും ചെയ്യാമെന്ന് നെടുമുടി വേണു പറഞ്ഞു. അങ്ങനെയാണ് ലാലിലേക്ക് എത്തിയത്,’ സുകുമാരന്‍ പറഞ്ഞു.
Content Highlight: Director r sukumaran aboutpadamudra movie