സിനിമാരംഗത്തു നിന്നും പിന്മാറുകയാണെന്ന് പ്രഖ്യാപിച്ച് ലോക പ്രശസ്ത സംവിധായകന്‍ ക്വിന്റന്‍ ടൊറന്റീനോ. മുപ്പത് വര്‍ഷം നീണ്ട കരിയറിലൂടെ തനിക്ക് നല്‍കാന്‍ കഴിയുന്നതെല്ലാം നല്‍കിക്കഴിഞ്ഞുവെന്നും ടൊറന്റീനോ പറഞ്ഞു.
പത്താമത്തെ ചിത്രം കൂടി ചെയ്തതിന് ശേഷം സിനിമയില്‍ നിന്നും വിരമിക്കുമെന്നാണ് ടൊറന്റീനോ വ്യക്തമാക്കിയത്. നേരത്തെ തന്നെ സിനിമയില്‍ നിന്നും വിരമിക്കുന്നതിനെ കുറിച്ച് പറഞ്ഞ ടൊറന്റീനോ ആ തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കിയിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമാരംഗത്ത് ഏറ്റവും മികച്ച നിലയില്‍ നില്‍ക്കുമ്പോള്‍ എന്തിനാണ് വിരമിക്കാന്‍ തീരുമാനിക്കുന്നതെന്ന് ചോദ്യത്തിന്, താങ്കള്‍ പറഞ്ഞ ഇതേ കാരണം കൊണ്ടുതന്നെയാണ് പിന്‍വാങ്ങാന്‍ ഉദ്ദേശിക്കുന്നതെന്നായിരുന്നു ടൊറന്റീനോ മറുപടി നല്‍കി.
ഏറ്റവും നല്ല നിലയില്‍ നില്‍ക്കുമ്പോള്‍ വേണം വിരമിക്കാനെന്നും സിനിമയില്‍ സംവിധായകര്‍ മെച്ചപ്പെട്ടുവന്ന ചരിത്രമില്ലെന്ന് തനിക്ക് അറിയാമെന്നും ടൊറന്റീനോ പറഞ്ഞു. താന്‍ വളരെ നീണ്ട കാലം സിനിമയില്‍ പ്രവര്‍ത്തിച്ചുവെന്നും ടൊറന്റീനോ പറഞ്ഞു.
‘വിരമിക്കുന്നതിന് പൊതുജനങ്ങള്‍ അംഗീകരിക്കുന്ന ഒരു കാരണമൊന്നും എനിക്ക് പറയാനില്ല. പക്ഷെ 30 വര്‍ഷമെന്നത് ഒരു നീണ്ട കാലമാണ്. മറ്റുള്ള സംവിധായകര്‍ ചെയ്ത അത്രയും സിനിമകള്‍ ഈ സമയത്തിനുള്ളില്‍ ഞാന്‍ ചെയ്തിട്ടില്ലായിരിക്കാം, എന്നാലും ഇതൊരു നീണ്ട കാലഘട്ടം തന്നെയാണ്. മാത്രമല്ല എനിക്ക് നല്‍കാനുള്ളതെല്ലാം ഞാന്‍ നല്‍കി കഴിഞ്ഞു,’ ടൊറന്റീനോ പറഞ്ഞു.
പത്താമത്തെ സിനിമയായി തന്റെ ആദ്യ ചിത്രമായ റിസര്‍വോയര്‍ ഡോഗ്‌സ് റീമേക്ക് ചെയ്യുന്ന കാര്യം ചിന്തിച്ചിരുന്നെന്നും എന്നാല്‍ പിന്നീട് അത് വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും ടൊറന്റീനോ പറഞ്ഞു.
1992ല്‍ ഇറങ്ങിയ റിസര്‍വോയര്‍ ഡോഗ്‌സിന് ശേഷം പള്‍പ് ഫിക്ഷന്‍, കില്‍ ബില്‍ 1-2, ഇന്‍ഗ്ലോറിയസ് ബാസ്റ്റഡ്‌സ്, ഡെത്ത് പ്രൂഫ്, ജാക്കി ബ്രൗണ്‍, ജാങ്കോ അണ്‍ചെയ്ന്‍ഡ്, ദ ഹേറ്റ്ഫുള്‍ എയ്റ്റ്, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്നീ ചിത്രങ്ങളാണ് ടൊറന്റീനോ ചെയ്തത്.
പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ഒരുപോലെ നേടിയ ചിത്രങ്ങളായിരുന്നു ഇവയെല്ലാം. കുറഞ്ഞ ചിത്രങ്ങളിലൂടെ ലോകം മുഴുവന്‍ ആരാധകരെ നേടാന്‍ ടൊറന്റീനോക്കായി. ടൊറന്റീനോയോട് വിരമിക്കരുതെന്ന് ആവശ്യപ്പെടുന്ന ക്യാംപെയ്‌നുകള്‍ നാളുകളായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.