| Wednesday, 1st September 2021, 9:45 pm

എന്ത് പ്രശ്‌നം വന്നാലും വാരിയന്‍കുന്നന്‍ എന്ന സിനിമ ചെയ്യും; പിന്മാറില്ലെന്ന് പി.ടി. കുഞ്ഞുമുഹമ്മദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: താന്‍ പ്രഖ്യാപിച്ച വാരിയന്‍കുന്നന്‍ സിനിമ തീര്‍ച്ചയായും ചെയ്യുമെന്ന് സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദ്. റിപ്പോര്‍ട്ടര്‍ ലൈവിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

1921ലെ മലബാര്‍ സമരത്തെ ആസ്പദമാക്കിയാണ് താന്‍ സിനിമ ചെയ്യുന്നതെന്നും അതില്‍ നിന്നും പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘സിനിമയുടെ സ്‌ക്രിപ്റ്റ് പൂര്‍ണ്ണമായും പൂര്‍ത്തിയായി കഴിഞ്ഞു. ഒരു വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന സിനിമയായതിനാല്‍ നിലവിലെ കൊവിഡ് സാഹചര്യത്തില്‍ ചിത്രീകരിക്കാന്‍ സാധിക്കില്ല,’ അദ്ദേഹം പറഞ്ഞു.

കൊവിഡ് വ്യാപനം കുറഞ്ഞാല്‍ ഷൂട്ട് ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമ ചെയ്യുക എന്നത് തന്റെ കര്‍മ്മമാണ്. അതിന്റെ പേരില്‍ എന്ത് പ്രശ്നം വന്നാലും നേരിടുമെന്നും പി.ടി. കുഞ്ഞുമുഹമ്മദ് പറഞ്ഞു.

16ാം നൂറ്റാണ്ടിലെ മൗലൂദിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ റഫീഖ് അഹമ്മദ് ചിത്രത്തിന് വേണ്ടി ഒരു പടപ്പാട്ട് എഴുതിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

‘ഈ സിനിമ ഞാന്‍ ചെയ്യാന്‍ വേണ്ടിയാണ് പ്രഖ്യാപിച്ചത്. ചെയ്യാതിരിക്കാന്‍ വേണ്ടിയല്ല. ഞാന്‍ ഈ സിനിമയില്‍ നിന്നും പിന്‍മാറുന്ന പ്രശ്നമില്ല. ഞാന്‍ ഇത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലോചിച്ച സിനിമയാണ്,’ പി.ടി. കുഞ്ഞുമുഹമ്മദ് പറഞ്ഞു.

നേരത്തെ പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ആഷിഖ് അബു സംവിധാനം ചെയ്യാനിരുന്ന വാരിയന്‍കുന്നന്‍ ചിത്രത്തില്‍ നിന്നും ഇരുവരും പിന്‍മാറിയിരുന്നു. നിര്‍മാതാക്കളുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇരുവരും പിന്‍മാറിയതെന്നാണ് റിപ്പോര്‍ട്ട്.

‘വാരിയംകുന്നന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2021ല്‍ ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു ആഷിഖ് അബു അറിയിച്ചത്. സിക്കന്ദറും മൊയ്ദീനുമായിരുന്നു സിനിമ നിര്‍മ്മിക്കാനിരുന്നത്. ഹര്‍ഷദ്, റമീസ് എന്നിവരായിരുന്നു ചിത്രത്തിന്റെ തിരക്കഥ.

അതേസമയം സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ പൃഥ്വിരാജിനെതിരെയും സംവിധായകന്‍ ആഷിഖ് അബുവിനെതിരെയും സംഘപരിവാര്‍ അനുകൂലികള്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു.

ചിത്രത്തില്‍ നിന്ന് പൃഥ്വി പിന്മാറണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു സൈബര്‍ ആക്രമണം നടന്നത്. പിന്നാലെ വാരിയന്‍കുന്നത്ത് കുഞ്ഞമ്മദ് ഹാജിയെ വില്ലനായി താന്‍ സിനിമ പിടിക്കുമെന്നും ഇതിനായി സാമ്പത്തിക സഹായം ചെയ്യണമെന്നും അലി അക്ബര്‍ ആഹ്വാനം ചെയ്തിരുന്നു.

1921 പുഴ മുതല്‍ പുഴ വരെ എന്നാണ് ഈ ചിത്രത്തിന് അലി അക്ബര്‍ പേര് നല്‍കിയിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Director PT Kunhimohammad VaariyamKunnan Movie

We use cookies to give you the best possible experience. Learn more