| Sunday, 8th January 2023, 1:40 pm

സിദ്ദീഖും ലാലും തമ്മില്‍ പിരിഞ്ഞ സമയത്താണ് മാന്നാര്‍ മത്തായിയുടെ സ്‌ക്രിപ്റ്റ് കിട്ടിയത്; സംവിധായകനായതിനെ കുറിച്ച് മാണി സി. കാപ്പന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രാഷ്ട്രീയക്കാരനാകുന്നതിന് മുമ്പ് നടനായും നിര്‍മാതാവായും സംവിധായകനായും മലയാള സിനിമയില്‍ സജീവമായിരുന്നു മാണി സി. കാപ്പന്‍.

സിദ്ദീഖ് ലാല്‍ കൂട്ടുകെട്ട് തിരക്കഥയിലൊരുങ്ങിയ മലയാളത്തിലെ കള്‍ട്ട് കോമഡി ചിത്രം മാന്നാര്‍ മത്തായി സ്പീക്കിങ് നിര്‍മിച്ചതും സംവിധാനം ചെയ്തതും മാണി സി. കാപ്പനായിരുന്നു. ചിത്രത്തിന്റെ പ്രൊഡ്യൂസറാകാനായിരുന്നു ആദ്യം തീരുമാനിച്ചതെന്നും പിന്നീട് ഡയറക്ടറായി പേര് വന്നതിന്റെ കാരണത്തെ കുറിച്ചും സംസാരിക്കുകയാണ് ഇപ്പോള്‍ മാണി സി. കാപ്പന്‍.

ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിദ്ദീഖും ലാലും തമ്മില്‍ പിരിഞ്ഞ സമയത്താണ് മാന്നാര്‍ മത്തായിയുടെ സ്‌ക്രിപ്റ്റ് വരുന്നതെന്നും ആദ്യം നിര്‍മാതാവായാണ് ചിത്രത്തിന്റെ ഭാഗമായതെന്നും പിന്നീട് സിദ്ദീഖിന്റെയും ലാലിന്റെയും സഹായത്തോടെയാണ് സംവിധാനത്തിലേക്ക് കടന്നതെന്നുമാണ് കാപ്പന്‍ പറയുന്നത്.

”രാജസേനന്‍ എന്നോടത് ഡയറക്ട് ചെയ്യാന്‍ പറഞ്ഞു. സിദ്ദീഖും ലാലും തമ്മില്‍ പിരിഞ്ഞ സമയത്താണ് മാന്നാര്‍ മത്തായിയുടെ സ്‌ക്രിപ്റ്റ് അവരുടെ കയ്യിലെത്തിയത്. വിന്ധ്യന്‍ എന്ന ഒരു പ്രൊഡ്യൂസറുണ്ടായിരുന്നു, അദ്ദേഹം മരിച്ചുപോയി, പുള്ളി അന്ന് ഈ പടം എടുക്കാന്‍ തീരുമാനിച്ചു, പക്ഷെ ഫണ്ടില്ലാതെ വന്നു.

അങ്ങനെയാണ് എന്നെ സമീപിച്ചത്. വിന്ധ്യന് 10 ലക്ഷം രൂപ കൊടുക്കണമെന്ന് പറഞ്ഞു. കൊടുത്തേക്കാം എന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ ഒരു കണ്ടീഷന്‍ വെച്ചു.

രാജസേനന്‍ വേറെയാരെങ്കിലും പിന്മാറിയിട്ടുണ്ടെങ്കില്‍ സിദ്ദീഖ് കൂടെയുണ്ടാവണം എന്ന് ഞാന്‍ പുള്ളിയോട് പറഞ്ഞു. അവര് രണ്ട് പേരും (സിദ്ദീഖ്, ലാല്‍) കൂടെ നിക്കാം എന്ന് പറഞ്ഞു. എന്നാപ്പിന്നെ മാണിച്ചന്റെ പേര് അങ്ങ് ഇട്ടൂടെ എന്ന് അവര് തന്നെ ഇങ്ങോട്ട് ചോദിച്ചു. സ്‌നേഹത്തോടെ എന്നെ മാണിച്ചന്‍ എന്നാണ് വിളിക്കുന്നത്.

അങ്ങനെയാണ് ഞാന്‍ ഡയറക്ടറാകുന്നത്. ലാല് ഒരു അഞ്ചാറ് ദിവസം വന്നിട്ടുണ്ടാകും. ഫുള്‍ ടൈം സിദ്ദീഖുണ്ടായിരുന്നു. അതുകൊണ്ടാണ് ആ സിനിമയുടെ അവസാനം, ഡയറക്ടറാരാണ് എന്ന് ആദ്യം എഴുതാതെ, ഈ ചിത്രം സംവിധാനം ചെയ്യാന്‍ പൂര്‍ണമായും സഹായിച്ച സിദ്ദീഖ് ലാലുമാര്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി, എന്ന് എഴുതിക്കാണിച്ചത്,” മാണി സി. കാപ്പന്‍ പറഞ്ഞു.

Content Highlight: Director-Producer Mani C. Kappan about Mannar Mathai Speaking movie 

We use cookies to give you the best possible experience. Learn more