| Sunday, 1st September 2024, 6:43 pm

പൃഥ്വിരാജുമായുള്ള സിനിമ മുടങ്ങാന്‍ കാരണം പവര്‍ ഗ്രൂപ്പ്, താന്‍ അതിന്റെ രക്തസാക്ഷി: സംവിധായകന്‍ പ്രിയനന്ദനന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ച പവര്‍ ഗ്രൂപ്പ് യാഥാര്‍ത്ഥ്യമെന്ന് സംവിധായകന്‍ പ്രിയനന്ദനന്‍. നെയ്ത്തുകാരന്‍, പുലിജന്മം, സൂഫി പറഞ്ഞ കഥ എന്നീ സിനിമകളിലൂടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ സംവിധായകനാണ് പ്രിയനന്ദനന്‍. പവര്‍ ഗ്രൂപ്പ് മലയാളസിനിമയില്‍ സജീവമാണെന്നും താനതിന്റെ രക്തസാക്ഷിയാകേണ്ടി വന്നിട്ടുണ്ടെന്നും പ്രിയനന്ദന്‍ പറഞ്ഞു.

തന്റെ രണ്ടാമത്തെ ചിത്രമായ ‘അത് മന്ദാരപ്പൂവല്ല’ എന്ന സിനിമ 2004ല്‍ ഷൂട്ടിങ് ആരംഭിച്ചുവെന്നും പൃഥ്വിരാജും കാവ്യാ മാധവനുമായിരുന്നു പ്രധാന കഥാപാത്രങ്ങളെന്നും പ്രിയനന്ദനന്‍ പറഞ്ഞു. എന്നാല്‍ പൃഥ്വിരാജിന് അമ്മ സംഘടന വിലക്കേര്‍പ്പെടുത്തിയതുകൊണ്ട് ചിത്രം മുടങ്ങിപ്പോയെന്നും പ്രിയനന്ദനന്‍ കൂട്ടിച്ചേര്‍ത്തു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പലര്‍ക്കും ആത്മവിശ്വാസം കിട്ടിയെന്നും സിനിമാമേഖലയില്‍ നടക്കുന്ന അന്യായങ്ങള്‍ ചോദ്യം ചെയ്യപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റ് മേഖലകളിലും ഇതുപോലെ നടക്കുന്നുണ്ടെന്ന് പറഞ്ഞ് ആര്‍ക്കും ഒഴിയാനാകില്ലെന്നും പ്രിയനന്ദന്‍ പറഞ്ഞു.

മലയാളസിനിമയില്‍ പവര്‍ ഗ്രൂപ്പ് എന്ന സംഭവമില്ലെന്ന് മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടു. ഇതിനെതിരായാണ് പ്രിയനന്ദനന്റെ പുതിയ പ്രസ്താവന. കെ.സി.എല്ലിന്റെ ലോഞ്ചിനിടെ നടന്ന പ്രസ്മീറ്റിലാണ് മോഹന്‍ലാല്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. 47 വര്‍ഷമായി സിനിമയിലുണ്ടെന്നും പവര്‍ഗ്രൂപ്പ് ഉള്ളതായി തനിക്ക് തോന്നിയില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. പിന്നാലെ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.

ഔദ്യോഗികപ്രതികരണങ്ങള്‍ക്ക് ശേഷമാണ് അംഗമെന്ന നിലയില്‍ അഭിപ്രായം പറയേണ്ടതെന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്രയും കാത്തത് എന്നാണ് നടന്‍ പറഞ്ഞത്. ഉയര്‍ന്നുവന്ന പരാതികളിന്മേല്‍ പൊലീസ് സത്യസന്ധമായി അന്വേഷിക്കട്ടെയെന്നും ശിക്ഷാവിധികള്‍ കോടതി തീരുമാനിക്കട്ടെയെന്നും മമ്മൂട്ടി പറയുന്നു.  സിനിമയില്‍ ഒരു ‘ശക്തികേന്ദ്ര’വുമില്ലെന്നും അങ്ങനെയൊന്നിന് നിലനില്ക്കാന്‍ പറ്റുന്ന രംഗമല്ല സിനിമയെന്നും മമ്മൂട്ടി പറഞ്ഞു. ഇത്തരം വാദങ്ങള്‍ക്കെതിരെയാണ് പ്രിയനന്ദനന്റെ പ്രതികരണം.

Content Highlight: Director Priyanandanan reacts against Power group in Malayalam cinema

We use cookies to give you the best possible experience. Learn more